ബോക്സ് ഓഫീസില്‍ റിവേഴ്സ് ഗിയര്‍ ഇടാതെ 'നേര്'; മോഹന്‍ലാല്‍ ചിത്രം കേരളത്തില്‍ നിന്ന് ഒരാഴ്ച കൊണ്ട് നേടിയത്

By Web Team  |  First Published Dec 28, 2023, 1:15 PM IST

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം


ദൃശ്യം എന്ന ഒറ്റ ചിത്രത്തിലൂടെ ഭാഷാതീതമായി സ്വീകാര്യത നേടിയ കോമ്പിനേഷന്‍ ആണ് ജീത്തു ജോസഫ്- മോഹന്‍ലാല്‍. ആ വലിയ വിജയം പുതിയ ചിത്രങ്ങളുമായി എത്തുമ്പോള്‍‌ അവരെ സംബന്ധിച്ച് ഒരു പ്രതിസന്ധിയുമാണ്. പ്രേക്ഷകര്‍ ദൃശ്യവുമായി നടത്താനിടയുള്ള താരതമ്യമാണ് അത്. അതേതായാലും അവരുടെ പുതിയ ചിത്രം നേര് തിയറ്ററുകളില്‍ ആളെ കൂട്ടുകയാണ്. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 21 ന് റിലീസ് ചെയ്യപ്പെട്ട ചിത്രം പ്രവര്‍ത്തിദിനങ്ങളിലും മികച്ച കളക്ഷനാണ് നേടുന്നത്.

റിലീസ് ദിനമായ വ്യാഴാഴ്ച കേരളത്തില്‍ നിന്ന് 3.04 കോടി നേടിയിരുന്ന ചിത്രത്തിന്‍റെ ഏറ്റവും മികച്ച കളക്ഷന്‍ ക്രിസ്മസ്‍ ദിനത്തില്‍ ആയിരുന്നു. 4.05 കോടിയാണ് ചിത്രം അന്ന് കേരളത്തില്‍ നിന്ന് നേടിയത്. ഇപ്പോഴിതാ ഏഴാം ദിനമായ ബുധനാഴ്ചത്തെ കളക്ഷനും പുറത്തെത്തിയിരിക്കുകയാണ്. പ്രമുഖ ട്രാക്കര്‍മാരുടെ കണക്കനുസരിച്ച് ചിത്രം ഇന്നലെ ഇവിടെനിന്ന് നേടിയിരിക്കുന്നത് 2.90 കോടിയാണ്. ഇതോടെ ചിത്രത്തിന്‍റെ ഒരാഴ്ചത്തെ കേരള ഗ്രോസും കണക്കാക്കാനാവും. 22.37 കോടിയാണ് കേരളത്തില്‍ നിന്ന് ഏഴ് ദിവസം കൊണ്ട് നേര് സ്വന്തമാക്കിയിരിക്കുന്നത്.

Latest Videos

പ്രവര്‍ത്തിദിനങ്ങളില്‍ സമീപകാലത്ത് ഒരു മലയാള ചിത്രം നേടുന്ന ഏറ്റവും മികച്ച തിയറ്റര്‍ ഒക്കുപ്പന്‍സിയാണ് ഈ മോഹന്‍ലാല്‍ ചിത്രം നേടുന്നത്. പ്രവര്‍ത്തിദിനങ്ങളില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം മോണിംഗ് ഷോകള്‍ക്ക് പോലും മികച്ച ഒക്കുപ്പന്‍സി ലഭിക്കുന്ന കാഴ്ചയാണ് കാണുന്നത്. രണ്ടാം വാരാന്ത്യത്തിലെ കളക്ഷന്‍ കൂടി എത്തുമ്പോള്‍ ബോക്സ് ഓഫീസില്‍ ചിത്രം കാട്ടുന്ന അത്ഭുതത്തിനായി കാത്തിരിക്കുകയാണ് ചലച്ചിത്രലോകം. ജീത്തു ജോസഫ്- മോഹന്‍ലാല്‍ ടീമിന്‍റെ ഏറ്റവും വലിയ ഹിറ്റ് ആയ ദൃശ്യം തിയറ്ററുകളിലെത്തിയതും ഒരു ക്രിസ്‍മസ് കാലത്തായിരുന്നു. ശാന്തി മായാദേവിയും ജീത്തു ജോസഫും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

ALSO READ : പുതുവര്‍‌ഷത്തില്‍ ഞെട്ടിക്കുമോ ജയറാം? 'ഓസ്‍ലര്‍' ജനുവരിയില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!