കണക്കുകൂട്ടലുകള്‍ തെറ്റിയോ, ഭ്രമയുഗത്തിന്റെയും പ്രേമലുവിന്റെയും ടിക്കറ്റ് വിൽപന ഇങ്ങനെ, മമ്മൂട്ടിയോ നസ്‍ലെനോ?

By Web Team  |  First Published Feb 21, 2024, 5:28 PM IST

മമ്മൂട്ടിയുടെ ഭ്രമയുഗത്തിന്റെയും നസ്‍ലെന്റെ പ്രേമലുവിന്റെയും ടിക്കറ്റ് വില്‍പന ഇങ്ങനെ.


പ്രേമലു പ്രദര്‍ശനത്തിന് എത്തിയത് ഫെബ്രുവരി ഒമ്പതിനാണ്. മമ്മൂട്ടിയുടെ ഭ്രമയുഗം ഫെബ്രുവരി പതിനഞ്ചിന് തിയറ്ററുകളില്‍ എത്തി. എന്നാല്‍ കട്ടയ്‍ക്കുനില്‍ക്കുന്ന പോരാട്ടമാണ് മമ്മൂട്ടി ചിത്രത്തിനെതിരെ പ്രേമലു നടത്തുന്നത്. ബോക്സ് ഓഫീസീല്‍ 50 കോടിയില്‍ ആദ്യം എത്തി എന്നതു മാത്രമല്ല ബുക്ക് മൈ ഷോയില്‍ ടിക്കറ്റ് വില്‍പനയിലും ഒന്നാമത് പ്രേമലു ആണ് എന്നതാണ് പ്രധാന പ്രത്യേകത.

പ്രേമലു ഇന്ത്യയില്‍ മാത്രമായി 29 കോടി രൂപയില്‍ അധികം നേടിയാണ് ആഗോള ബോക്സ് ഓഫീസില്‍ വെറും 12 ദിവസത്തിനുള്ളില്‍ 50 കോടിയില്‍ എത്തിയത്. ഭ്രമയുഗമാകട്ടെ ഇന്ത്യയില്‍ നിന്ന് 17.05 കോടിിയില്‍ അധികം വിദേശ ബോക്സ് ഓഫീസില്‍ നിന്ന് 17 കോടി രൂപയുമായി ആകെ 34.05 കോടി രൂപയില്‍ അധികം നേടി എന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ ബുക്ക് മൈ ഷോയില്‍ പ്രേമലുവിന്റെ ടിക്കറ്റ്  50920 എണ്ണവും ഭ്രമയുഗത്തിന്റേത് 40940 ആണ് വിറ്റത്. പ്രേമലു പ്രതീക്ഷിച്ചതിനപ്പുറം നേടിയതിനാല്‍ മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന് ബോക്സ് ഓഫീസില്‍ വൻ കുതിപ്പ് നടത്തുന്നതില്‍ ചെറിയൊരു വെല്ലുവിളിയാകുന്നു എന്ന് ട്രേഡ് അനലിസ്റ്റുകളില്‍ ഒരു വിഭാഗം അവകാശപ്പെടുന്നു.

Latest Videos

undefined

ആഖ്യാനത്തിലെ പുതുമയാണ് നസ്‍ലെൻ നായകനായ സിനിമയുടെ ആകര്‍ഷണമായിരിക്കുന്നത്. മമിതയാണ് നായികയായി എത്തിയിരിക്കുന്നത്. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും പ്രേമലുവില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരിക്കുന്നു. ഗിരീഷ് എ ഡിയാണ് സംവിധാനം. ഫഹദിനും ദിലീഷിനുമൊപ്പം പ്രേമലു എന്ന സിനിമ നിര്‍മിച്ചിരിക്കുന്നത് ശ്യാം പുഷ്‍കരനുമാണ്. അജ്‍മല്‍ സാബുവാണ് ഛായാഗ്രാഹണം. പ്രേമലുവിന്റെ ബജറ്റ് ആകെ മൂന്ന് കോടി മാത്രമാണെന്ന് റിപ്പോര്‍ട്ടുണ്ട്.

മമ്മൂട്ടി വേഷമിട്ട ഭ്രമയുഗം സിനിമയുടെ സംവിധാനം രാഹുല്‍ സദാശിവൻ നിര്‍വഹിച്ചപ്പോള്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായി അര്‍ജുൻ അശോകനും സിദ്ധാര്‍ഥും ഉണ്ട്. എന്തായാലും ആഗോള ബോക്സ് ഓഫീസ് കളക്ഷനില്‍ മികച്ച നേട്ടമുണ്ടാക്കും എന്ന് കരുതുന്ന മമ്മൂട്ടിയുടെ ഭ്രമയുഗം ഒടിടിയില്‍ എവിടെയായിരിക്കും തിയറ്റര്‍ റണ്‍ അവസാനിപ്പിച്ച ശേഷം എത്തുക എന്നതാണ് പുതിയ ഒരു അപ്ഡേറ്റ്. സോണി ലിവിലായിരിക്കും മമ്മൂട്ടിയുടെ ഭ്രമയുഗത്തിന്റെ ഒടിടി റിലീസ് എന്നാണ് ഇംഗ്ലീഷ് ജാഗ്രണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവിലെ സാഹചര്യത്തില്‍ മലയാള സിനിമ ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തുക റിലീസായി നാല് ആഴ്‍ചകള്‍ക്ക് ശേഷമായിരിക്കും എന്നും ഇംഗ്ലീഷ് ജാഗ്രണിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. തിയറ്ററില്‍ കാണേണ്ട ഒരു മലയാള സിനിമയാണ് ഭ്രമയുഗം എന്നാണ് പൊതുവെയുള്ള അഭിപ്രായങ്ങള്‍.

Read More: മമ്മൂട്ടിയുമല്ല മോഹൻലാലുമല്ല ഒന്നാമൻ, മലയാള താരങ്ങളുടെ സ്ഥാനങ്ങള്‍ മാറിമറിയുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!