'പ്രേമലു'വിനെ വീഴ്ത്തുമോ? സ്ക്രീന്‍ കൗണ്ടില്‍ ഞെട്ടിച്ച് തെലുങ്ക് 'മാര്‍ക്കോ' നാളെ മുതല്‍

By Web Desk  |  First Published Dec 31, 2024, 5:55 PM IST

ഹനീഫ് അദേനി സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രം


ഒരു മലയാള സിനിമ നേടുന്ന അപൂര്‍വ്വ വിജയമാണ് ഉണ്ണി മുകുന്ദന്‍ നായകനായ മാര്‍ക്കോ നേടിക്കൊണ്ടിരിക്കുന്നത്. മലയാളത്തിലെ മോസ്റ്റ് വയലന്‍റ് ചിത്രം എന്ന വിശേഷണത്തോടെ ക്രിസ്മസ് റിലീസ് ആയി ഈ മാസം 20 ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്. മലയാളത്തിനൊപ്പം ഹിന്ദി പതിപ്പും ഇതേ ദിവസം പ്രദര്‍ശനം ആരംഭിച്ചിരുന്നു. മലയാളി പ്രേക്ഷകര്‍ക്കിടയില്‍, വിശേഷിച്ച് യുവാക്കള്‍ക്കിടയില്‍ ആദ്യദിനം തന്നെ ട്രെന്‍ഡ് ആയ ചിത്രം പതിയെ ഉത്തരേന്ത്യന്‍ സിനിമാപ്രേമികളും ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ ചിത്രത്തിന്‍റെ ജൈത്രയാത്ര അവസാനിക്കുന്നില്ല. മാര്‍ക്കോയുടെ തെലുങ്ക്, തമിഴ് പതിപ്പുകള്‍ വരും ദിനങ്ങളില്‍ തിയറ്ററുകളിലെത്തും.

ഇതില്‍ ആദ്യം എത്തുന്നത് തെലുങ്ക് പതിപ്പ് ആണ്. ജനുവരി 1 ന് ആണ് ചിത്രത്തിന്‍റെ റിലീസ്. ഇപ്പോഴിതാ തെലുങ്ക് പതിപ്പിന്‍റെ സ്ക്രീന്‍ കൗണ്ട് പുറത്തുവിട്ടിട്ടുണ്ട് വിതരണക്കാര്‍. ആന്ധ്രയിലും തെലങ്കാനയിലുമായി 300 സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനം ആരംഭിക്കുക. നേരത്തെ മലയാളം, ഹിന്ദി പതിപ്പുകള്‍ തെലുങ്ക് സംസ്ഥാനങ്ങളില്‍ പ്രദര്‍ശനത്തിന് ഉണ്ടായിരുന്നു. ഹിന്ദി പതിപ്പിന് ലഭിച്ചതുപോലത്തെ സ്വീകാര്യത തെലുങ്ക് പതിപ്പിന് ലഭിക്കുമോ എന്ന കാത്തിരിപ്പിലാണ് അണിയറക്കാര്‍. തെലുങ്കിലും സ്വീകാര്യത ലഭിക്കുന്നപക്ഷം ചിത്രത്തിന് അത് വലിയ നേട്ടമാവും. 

Latest Videos

ഈ വര്‍ഷം ഫെബ്രുവരിയില്‍ പുറത്തെത്തിയ പ്രേമലുവിന്‍റെ തെലുങ്ക് പതിപ്പ് മികച്ച ബോക്സ് ഓഫീസ് നേട്ടം ഉണ്ടാക്കിയിരുന്നു. തെലുങ്ക് പതിപ്പിന്‍റെ കളക്ഷനില്‍ പ്രേമലുവിനെ മറികടക്കാന്‍ മാര്‍ക്കോയ്ക്ക് സാധിക്കുമോ എന്നതാണ് കൗതുകകരമായ ഒരു ചോദ്യം. അതേസമയം മാര്‍ക്കോ തമിഴ് പതിപ്പിന്‍റെ റിലീസ് ജനുവരി 3 ന് ആണ്. ഉണ്ണി മുകുന്ദന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിന്‍റെ സംവിധാനം ഹനീഫ് അദേനിയാണ്. ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സ്, ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ ഷെരീഫ് മുഹമ്മദ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ALSO READ : കേന്ദ്ര കഥാപാത്രങ്ങളായി പുതുമുഖങ്ങള്‍; 'ലവ്‍ഡെയില്‍' ട്രെയ്‍ലര്‍ എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!