'കില്‍' ലൈഫ് ടൈം കളക്ഷന്‍ വെറും 5 ദിവസം കൊണ്ട് പിന്നിട്ട് 'മാര്‍ക്കോ'; തെലുങ്ക് റിലീസ് പുതുവത്സരത്തില്‍

By Web Team  |  First Published Dec 26, 2024, 9:00 PM IST

ഉണ്ണി മുകുന്ദന്‍റെ കരിയറിലെ ഏറ്റവും മികച്ച ഓപണിംഗ് സ്വന്തമാക്കിയ ചിത്രവുമാണ് ഇത്.


മലയാളത്തിലെ സമീപകാല റിലീസുകളില്‍ ട്രെന്‍ഡ് സെറ്റര്‍ ആയ ഒന്നാണ് ഉണ്ണി മുകുന്ദന്‍ നായകനായ മാര്‍ക്കോ. ഹനീഫ് അദേനി സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രം ക്രിസ്മസ് റിലീസ് ആയി 20 നാണ് തിയറ്ററുകളില്‍ എത്തിയത്. മലയാളത്തിലെ ഏറ്റവും വയലന്‍റ് ആയ ചിത്രം എന്ന വിശേഷണത്തോടെ എത്തിയ ചിത്രം അതിന്‍റെ ടാര്‍ഗറ്റ് ഓഡിയന്‍സില്‍ നിന്നും മികച്ച അഭിപ്രായങ്ങളാണ് നേടിയെടുത്തത്. ചിത്രം ആദ്യ 5 ദിനങ്ങള്‍ കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 50 കോടിയാണ് നേടിയത്. അണിയറക്കാര്‍ ഔദ്യോഗികമായി ഇന്നലെ പുറത്തുവിട്ട കണക്കാണ് ഇത്.

ഉണ്ണി മുകുന്ദന്‍റെ കരിയറിലെ ഏറ്റവും മികച്ച ഓപണിംഗ് സ്വന്തമാക്കിയ ചിത്രവുമാണ് ഇത്. ഇപ്പോഴിതാ എ റേറ്റഡ് ചിത്രങ്ങളുടെ കൂട്ടത്തില്‍ മാര്‍ക്കോ നേടുന്ന ജനപ്രീതിയും ചര്‍ച്ചയാവുകയാണ്. ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷമെത്തിയ ആക്ഷന്‍ ചിത്രങ്ങളിലൊന്നായ കില്ലിന്‍റെ (ഹിന്ദി) ലൈഫ് ടൈം കളക്ഷന്‍ 47 കോടി മാത്രമായിരുന്നു. ഇതാണ് വെറും അഞ്ച് ദിവസം കൊണ്ട് മാര്‍ക്കോ മറികടന്നിരിക്കുന്നത്.

Latest Videos

undefined

മലയാളത്തിനൊപ്പം ഉത്തരേന്ത്യയില്‍ ചിത്രത്തിന്‍റെ ഹിന്ദി പതിപ്പും പ്രദര്‍ശനം ആരംഭിച്ചിരുന്നു. തെലുങ്ക് പതിപ്പ് ജനുവരി 1 നും തിയറ്ററുകളിലെത്തുകയാണ്. തെലുങ്ക് പ്രേക്ഷകര്‍ക്കിടയില്‍ക്കൂടി സ്വീകാര്യത നേടുന്നപക്ഷം വലിയ ബോക്സ് ഓഫീസ് നേട്ടമാണ് ചിത്രത്തെ കാത്തിരിക്കുന്നത്. ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സ്, ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ ഷെരീഫ് മുഹമ്മദ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.  ആക്ഷന് വലിയ പ്രാധാന്യമുള്ള സിനിമയിലെ സംഘട്ടനങ്ങൾ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിംഗ്‍സണ്‍ ആണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വൻസുകളാണ് കലൈ കിംഗ്‍സണ്‍ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് കെജിഎഫ്, സലാർ എന്നീ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ആണ്. 

ALSO READ : ഒടിടിയില്‍ ഇനി ബോളിവുഡിന്‍റെ ആക്ഷന്‍; 'സിങ്കം എഗെയ്ന്‍' സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!