'ബേബി ജോണി'ന്‍റെ എട്ടിരട്ടി! പ്രതിദിന കളക്ഷനില്‍ ബോളിവുഡ് ചിത്രത്തെ വന്‍ മാര്‍ജിനില്‍ പിന്നിലാക്കി 'മാര്‍ക്കോ'

By Web Desk  |  First Published Jan 9, 2025, 8:47 AM IST

തമിഴ് ചിത്രം തെരിയുടെ റീമേക്ക് ആണ് ബേബി ജോണ്‍


ഇന്ത്യന്‍ സിനിമയില്‍ത്തന്നെ സമീപകാലത്തെ ശ്രദ്ധേയ വിജയങ്ങളിലൊന്നാണ് ഉണ്ണി മുകുന്ദന്‍ നായകനായ മലയാള ചിത്രം മാര്‍ക്കോ. മലയാളത്തില്‍ ഇതിലും കളക്ഷന്‍ നേടിയ ചിത്രങ്ങള്‍ പലതും ഉണ്ടെങ്കിലും മറുഭാഷാ പ്രേക്ഷകരും തിയറ്ററുകളിലെത്തി കണ്ട മലയാള ചിത്രങ്ങള്‍ മാര്‍ക്കെയെപ്പോലെ അധികമില്ല. ഹിന്ദി പ്രേക്ഷകര്‍ക്കിടയില്‍ ഏറ്റവും തിയറ്റര്‍ കളക്ഷന്‍ നേടിയ മലയാള ചിത്രവുമാണ് മാര്‍ക്കോ. ഇപ്പോഴിതാ ഒരു ബോളിവുഡ് ചിത്രവുമായുള്ള മാര്‍ക്കോയുടെ കളക്ഷന്‍ താരതമ്യം ശ്രദ്ധ നേടുകയാണ്.

കലീസിന്‍റെ സംവിധാനത്തില്‍ വരുണ്‍ ധവാന്‍ നായകനായ ബോളിവുഡ് ചിത്രം ബേബി ജോണുമായുള്ള താരതമ്യമാണ് ഇത്. വിജയ്‍യെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്ത തമിഴ് ചിത്രം തെരിയുടെ റീമേക്ക് ആണ് ഇത്. മലയാളം പതിപ്പിനൊപ്പം ഡിസംബര്‍ 20 നാണ് മാര്‍ക്കോയുടെ ഹിന്ദി പതിപ്പും തിയറ്ററുകളില്‍ എത്തിയതെങ്കില്‍ ബേബി ജോണിന്‍റെ റിലീസ് ഡിസംബര്‍ 25 ന് ആയിരുന്നു. മാര്‍ക്കോ പതുക്കെ ഹിന്ദി പ്രേക്ഷകര്‍ക്കിടയില്‍ ട്രെന്‍ഡ് ആയപ്പോള്‍ മികച്ച അഭിപ്രായം നേടുന്നതില്‍ ബേബി ജോണ്‍ പരാജയപ്പെട്ടിരുന്നു. ഏറ്റവുമൊടുവില്‍ പുറത്തെത്തിയിരിക്കുന്ന ചൊവ്വാഴ്ചത്തെ കളക്ഷന്‍ ശ്രദ്ധേയമാണ്.

Latest Videos

എല്ലാ ഭാഷാ പതിപ്പുകളില്‍ നിന്നുമായി ബേബി ജോണ്‍ ചൊവ്വാഴ്ച (14) നേടിയത് വെറും 22 ലക്ഷമാണെങ്കില്‍ അതേ ദിവസം മാര്‍ക്കോ നേടിയ ഓള്‍ ലാംഗ്വേജ് കളക്ഷന്‍ 1.65 കോടിയാണ്. അതായത് ബേബി ജോണിനേക്കാള്‍ 7.5 മടങ്ങ് അധികം കളക്ഷന്‍. ഇന്ത്യന്‍ കളക്ഷനില്‍ ബേബി ജോണ്‍ ഇതുവരെ നേടിയത് 38.95 കോടിയാണെങ്കില്‍ മാര്‍ക്കോ നേടിയത് 63.5 കോടിയാണ്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍ക് പുറത്തുവിട്ടിരിക്കുന്ന ചൊവ്വാഴ്ച വരെയുള്ള ഇന്ത്യന്‍ കളക്ഷനാണ് ഇത്. അതേസമയം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് മാര്‍ക്കോ 100 കോടി ഗ്രോസ് പിന്നിട്ടിരുന്നു. 

ALSO READ : ആഘോഷഗാനങ്ങളുമായി 'ബെസ്റ്റി'; പ്രേക്ഷകശ്രദ്ധ നേടി കല്യാണപ്പാട്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!