വേണ്ടിവന്നത് വെറും 5 ദിവസം! സൂപ്പർഫാസ്റ്റ് വേഗത്തിൽ ബോക്സ് ഓഫീസിൽ ആ നാഴികക്കല്ല് പിന്നിട്ട് ഉണ്ണി മുകുന്ദന്‍

By Web Team  |  First Published Dec 25, 2024, 7:36 PM IST

ഉണ്ണി മുകുന്ദന്‍റെ കരിയര്‍ ബെസ്റ്റ് ഓപണിംഗ് ആയിരുന്നു മാര്‍ക്കോ നേടിയത്


മലയാളത്തിലെ എക്കാലത്തെയും വലയന്‍റ് ചിത്രം എന്ന വിശേഷണത്തോടെ തിയറ്ററുകളിലെത്തിയ ചിത്രമാണ് മാര്‍ക്കോ. ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം 20 നാണ് തിയറ്ററുകളില്‍ എത്തിയത്. ആദ്യ ഷോകളോടെതന്നെ അണിയറക്കാര്‍ വാഗ്‍ദാനം ചെയ്തിരുന്നത് ചിത്രത്തില്‍ ഉണ്ടെന്ന് പ്രേക്ഷകാഭിപ്രായം പരന്നതോടെ ചിത്രത്തിന് തിരക്കേറി. അത് ബോക്സ് ഓഫീസിലും കാര്യമായി പ്രതിഫലിച്ചു. ഇപ്പോഴിതാ കളക്ഷനില്‍ ഒരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ചിത്രം.

ഉണ്ണി മുകുന്ദന്‍റെ കരിയര്‍ ബെസ്റ്റ് ഓപണിംഗ് ആണ് മാര്‍ക്കോ നേടിയിരുന്നത്. റിലീസ് ദിനത്തിലെ ചിത്രത്തിന്‍റെ ആഗോള ബോക്സ് ഓഫീസ് 10.8 കോടിയുടേത് ആയിരുന്നു. തുടര്‍ദിനങ്ങളിലും നേട്ടം തുടര്‍ന്നതോടെ ആഗോള ബോക്സ് ഓഫീസില്‍ 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുകയാണ് ചിത്രം. വെറും അഞ്ച് ദിനങ്ങള്‍ കൊണ്ടാണ് ഈ നേട്ടം എന്നതാണ് ശ്രദ്ധേയം. അതേസമയം ക്രിസ്മസ് ദിനത്തിലും ചിത്രത്തിന് മികച്ച ബുക്കിംഗ് ആണ് ലഭിക്കുന്നത്. ഇത് വരും വാരാന്ത്യത്തിലേക്ക് കൂടി തുടരുന്നപക്ഷം വലിയ നേട്ടമാണ് ഉണ്ണി മുകുന്ദന്‍റെ ആക്ഷന്‍ ചിത്രത്തെ കാത്തിരിക്കുന്നത്.

Latest Videos

undefined

ആക്ഷന് വലിയ പ്രാധാന്യമുള്ള സിനിമയിലെ സംഘട്ടനങ്ങൾ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിംഗ്‍സണ്‍ ആണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വൻസുകളാണ് കലൈ കിംഗ്‍സണ്‍ ഒരുക്കിയിരിക്കുന്നത്. നിരവധി ചിത്രങ്ങളുടെ ആക്ഷൻ കോറിയോഗ്രാഫി നിർവഹിച്ച കലൈ കിംഗ്‍സണ്‍ ഒരു കംപ്ലീറ്റ് ആക്ഷൻ ചിത്രത്തിൻറെ ഫൈറ്റ് മാസ്റ്ററായി പ്രവർത്തിക്കുന്നത് ഇതാദ്യമായാണ്. ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് കെജിഎഫ്, സലാർ എന്നീ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ആണ്. ചിത്രത്തിൻറെ മ്യൂസിക് റൈറ്റ്‌സ് സോണി മ്യൂസിക്ക് ആണ് സ്വന്തമാക്കിയിരിക്കുന്നത്. ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സ്, ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ ഷെരീഫ് മുഹമ്മദ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.  അതേസമയം ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പും റിലീസിന് ഒരുങ്ങുകയാണ്. 

ALSO READ : വീണ്ടും ഒരു 3 ഡി ചിത്രം; 'ബറോസി'നൊപ്പം മാത്യു തോമസ് ചിത്രം 'ലൗലി'യുടെ 3 ഡി ട്രെയ്‍ലര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!