9 മാസം, 7949 കോടി കളക്ഷന്‍! ഇന്ത്യന്‍ ബോക്സ് ഓഫീസിലെ ടോപ്പ് 10 ല്‍ ഒരേയൊരു മലയാള ചിത്രം

By Web Team  |  First Published Nov 3, 2024, 8:33 PM IST

ശതമാനത്തില്‍ മുന്നില്‍ ബോളിവുഡ്. മലയാളത്തിന് നേട്ടം


കൊവിഡ് കാലം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് ഇന്ത്യന്‍ സിനിമാ വ്യവസായം പോയ വര്‍ഷങ്ങളില്‍ കര കയറിയിരുന്നു. എന്നാല്‍ ഒടിടിയുടെ കടന്നുവരവ് അടക്കം പല നിലയ്ക്ക് കൊവിഡ് കാലം ചലച്ചിത്ര വ്യവസായത്തെ സ്വാധീനിക്കുകയും ചെയ്തു. ഒടിടി ശീലമായെങ്കിലും തിയറ്ററുകളിലേക്ക് പ്രേക്ഷകര്‍ മടങ്ങിയെത്തി. മലയാള സിനിമ കളക്ഷനില്‍ നേടിയ വളര്‍ച്ചയാണ് 2024 ലെ മറ്റൊരു ശ്രദ്ധേയ കാര്യം. ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ഒന്‍പത് മാസങ്ങളില്‍ ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ മലയാള സിനിമയുടെ വിഹിതം 12 ശതമാനമാണ്.

പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് ഇത്. ഇതനുസരിച്ച് ആദ്യ 9 മാസങ്ങളില്‍ ഇന്ത്യന്‍ സിനിമ വിവിധ ഭാഷാ ചിത്രങ്ങളില്‍ നിന്ന് നേടിയ ആകെ കളക്ഷന്‍ 7949 കോടിയാണ്. ഇതില്‍ 37 ശതമാനവും ബോളിവുഡില്‍ നിന്നാണ്. തെലുങ്ക് 21 ശതമാനവും തമിഴ് 15 ശതമാനവുമാണ് നല്‍കിയത്. 

Latest Videos

ഈ കാലയളവില്‍ ഇന്ത്യന്‍ സിനിമയില്‍ നിന്ന് ഏറ്റവും കളക്ഷന്‍ നേടിയ ചിത്രം തെലുങ്കില്‍ നിന്നാണ്. പ്രഭാസ് നായകനായ പാന്‍ ഇന്ത്യന്‍ ചിത്രം കല്‍കി 2898 എഡിയാണ് അത്. 776 കോടിയാണ് ചിത്രത്തിന്‍റെ ഇന്ത്യന്‍ കളക്ഷന്‍. രണ്ടാം സ്ഥാനത്ത് സ്ത്രീ 2, മൂന്നാമത് ദേവര പാര്‍ട്ട് 1 എന്നിവയാണ് ചിത്രങ്ങള്‍. ആദ്യ പത്ത് ചിത്രങ്ങളുടെ ലിസ്റ്റില്‍ മലയാളത്തില്‍ നിന്ന് ഒരേയൊരു ചിത്രമാണ് ഉള്ളത്. ചിദംബരത്തിന്‍റെ സംവിധാനത്തിലെത്തിയ മഞ്ഞുമ്മല്‍ ബോയ്സ് ആണ് അത്. ഓര്‍മാക്സിന്‍റെ കണക്കനുസരിച്ച് മഞ്ഞുമ്മലിന്‍റെ ഇന്ത്യന്‍ കളക്ഷന്‍ 170 കോടി ആണ്. 

ALSO READ : 'സ്‍കൂള്‍ കുട്ടികള്‍ എന്നെ കണ്ടാല്‍ ആ ഡയലോഗുകള്‍ പറയും'; 'മഞ്ഞുരുകും കാല'ത്തിലെ കുഞ്ഞ് ജാനിക്കുട്ടി പറയുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!