ഏപ്രില്‍ 6 നാണ് ആന്ധ്രയിലും തെലങ്കാനയിലും ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പ് റിലീസ് ചെയ്യപ്പെട്ടത്
ഫെബ്രുവരി 22 ന് ആദ്യമായി തിയറ്ററുകളിലെത്തിയപ്പോള്‍ എത്ര വലിയ സിനിമാ പണ്ഡിതനും കരുതിയിരുന്നില്ല ഈ ചിത്രം മലയാളത്തിലെ എക്കാലത്തെയും ഏറ്റവും വലിയ വിജയമാവുമെന്ന്. ചിദംബരം സംവിധാനം ചെയ്ത സര്‍വൈവല്‍ ത്രില്ലര്‍ മഞ്ഞുമ്മല്‍ ബോയ്സിനെക്കുറിച്ചാണ് പറയുന്നത്. ആദ്യദിനം തന്നെ, തിയറ്ററില്‍ മസ്റ്റ് വാച്ച് ചെയ്യേണ്ട ചിത്രമെന്ന് അഭിപ്രായം ഉയര്‍ന്നതോടെ കളക്ഷനില്‍ കുതിപ്പ് തുടങ്ങിയതാണ് ചിത്രം. തമിഴ്നാട്ടില്‍ നേടിയ വമ്പിച്ച ജനപ്രീതി ആഴ്ചകളോളം വാര്‍ത്താ തലക്കെട്ടുകളില്‍ ഇടംനേടിക്കൊടുത്തിരുന്നു. തമിഴ്നാട്ടില്‍ നിന്ന് മാത്രം 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രം പിന്നീട് തെലുങ്ക് മൊഴിമാറ്റ പതിപ്പ് ആയും റിലീസ് ചെയ്യപ്പെട്ടു. തെലുങ്ക് പതിപ്പ് നേടിയ കളക്ഷനെക്കുറിച്ച് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തെത്തിയിരുന്നു. ഇപ്പോഴിതാ അത് ഔദ്യോഗികമായി പുറത്തെത്തിയിരിക്കുകയാണ്.
മലയാളം പതിപ്പ് തമിഴ്നാട്ടില്‍ വന്‍ വിജയം നേടിയതിന് പിന്നാലെ ഏപ്രില്‍ 6 നാണ് ആന്ധ്രയിലും തെലങ്കാനയിലും ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പ് റിലീസ് ചെയ്യപ്പെട്ടത്. മലയാളത്തിലെ ഏറ്റവും വലിയ വിജയ ചിത്രം എന്ന രീതിയിലാണ് അവിടെ ചിത്രം മാര്‍ക്കറ്റ് ചെയ്യപ്പെട്ടത്. തൊട്ടുമുന്‍പ് എത്തിയ പ്രേമലുവിന്‍റെ തെലുങ്ക് പതിപ്പ് നേടിയ വിജയവും മഞ്ഞുമ്മലിന്‍റെ തെലുങ്ക് റിലീസിന് തുണയായി. തെലുങ്കിലെ പ്രമുഖ ബാനറുകളായ മൈത്രി മൂവി മേക്കേഴ്സ്, പ്രൈം ഷോ എന്‍റര്‍ടെയ്ന്‍മെന്‍റ്, സുകുമാര്‍ റൈറ്റിംഗ്സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം തെലുങ്ക് സംസ്ഥാനങ്ങളില്‍ പ്രദര്‍ശനത്തിന് എത്തിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ 10 ദിവസത്തെ കളക്ഷന്‍ പുറത്തെത്തിയിരിക്കുകയാണ്.
undefined
10 ദിവസം കൊണ്ട് 10 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നതെന്ന് വിതരണക്കാര്‍ അറിയിക്കുന്നു. ഒരു മലയാള ചിത്രത്തെ സംബന്ധിച്ച് വലിയ നേട്ടമാണ് ഇത്. കര്‍ണാടകത്തില്‍ നിന്നും ചിത്രം 10 കോടിക്ക് മുകളില്‍ ഗ്രോസ് നേടിയിരുന്നു. വിവിധ തെന്നിന്ത്യന്‍ ഭാഷാ പ്രേക്ഷകര്‍ക്കിടയില്‍ ഒരു മലയാള ചിത്രം ആദ്യമായാണ് 10 കോടിക്ക് മുകളില്‍ നേടുന്നത്.