ഡിസംബര്‍ 30 ന് കേരളത്തിലാണ് ചിത്രം ആദ്യം റിലീസ് ചെയ്യപ്പെട്ടത്
മലയാള സിനിമയില്‍ സമീപകാലത്തെ ശ്രദ്ധേയ വിജയമാവുകയാണ് ഉണ്ണി മുകുന്ദന്‍ നായകനായ മാളികപ്പുറം. ഭക്തിയുടെ വഴിയേ സഞ്ചരിക്കുന്ന എന്‍റര്‍ടെയ്‍നര്‍ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ വിഷ്ണു ശശിശങ്കര്‍ ആണ്. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഡിസംബര്‍ 30 ന് കേരളത്തില്‍ മാത്രം റിലീസ് ചെയ്യപ്പെട്ട ചിത്രം പിന്നീട് മറ്റ് മാര്‍ക്കറ്റുകളിലേക്കും എത്തി. ഇപ്പോഴിതാ ചിത്രം 17 ദിവസം കൊണ്ട് നേടിയിരിക്കുന്ന ആഗോള ഗ്രോസ് എത്രയെന്ന് അറിയിക്കുകയാണ് അണിയറക്കാര്‍.
17 ദിവസം കൊണ്ട് ചിത്രം 40 കോടിയിലേറെ നേടിയെന്നാണ് പുറത്തെത്തിയിരിക്കുന്ന കണക്കുകള്‍. റിലീസിനു ശേഷം ചിത്രം നേടിയ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ ഞായറാഴ്ച നേടിയതാണെന്നും അണിയറക്കാര്‍ അറിയിക്കുന്നു. ഞായറാഴ്ച കേരളത്തില്‍ നിന്ന് മാത്രം ചിത്രം നേടിയത് 3 കോടി ആണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും യുഎഇ, ജിസിസി അടക്കമുള്ള മറ്റ് വിദേശ മാര്‍ക്കറ്റുകളില്‍ നിന്നും ചിത്രം നേടിയത് 2 കോടിയാണ്. തുടര്‍ച്ചയായ രണ്ടാം ദിവസവും ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 5 കോടിയിലേറെ നേടിയിരിക്കുകയാണ് ചിത്രമെന്നും അണിയറക്കാര്‍ അറിയിക്കുന്നു.
ALSO READ : ബോക്സ് ഓഫീസില്‍ വിജയ്‍യോ അജിത്തോ? വാരിസും തുനിവും 5 ദിനങ്ങളില്‍ നേടിയത്
ഡിസംബര്‍ 30 ന് കേരളത്തിലെ തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രത്തിന് പുതുവത്സര വാരാന്ത്യത്തില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. ആദ്യ ദിനം തന്നെ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി നേടിയ ചിത്രത്തിന് കുടുംബ പ്രേക്ഷകരും ധാരാളമായി എത്തി. ജിസിസി, യുഎഇ റിലീസ് ജനുവരി 5 നും കേരളമൊഴികെ ഇന്ത്യയിലെ മറ്റു സെന്‍ററുകളിലെ റിലീസ് 6 നും ആയിരുന്നു. പല വിദേശ മാര്‍ക്കറ്റുകളിലേക്കും ചിത്രം പിന്നാലെയെത്തി. രണ്ടാം വാരത്തില്‍ കേരളത്തിലെ സ്ക്രീന്‍ കൌണ്ട് വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു ചിത്രം. 140 തിയറ്ററുകളിലായിരുന്നു റിലീസ് ചെയ്‍തിരുന്നതെങ്കില്‍ രണ്ടാം വാരത്തിലേക്ക് കടന്നപ്പോള്‍ 170 സ്ക്രീനുകളിലായി ചിത്രത്തിന്‍റെ പ്രദര്‍ശനം.