ബ്രാന്‍ഡ് മോഹന്‍ലാല്‍! ബുക്ക് മൈ ഷോയില്‍ കുതിച്ച് വാലിബന്‍, കഴിഞ്ഞ 24 മണിക്കൂറില്‍ വിറ്റ ടിക്കറ്റുകളുടെ കണക്ക്

By Web Team  |  First Published Jan 27, 2024, 8:58 AM IST

മലയാളത്തില്‍ സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രം


മലയാള സിനിമയില്‍ ഏറ്റവുമധികം താരമൂല്യമുള്ള നടന്‍ ആരെന്ന ചോ​ദ്യത്തിന് രണ്ടഭിപ്രായം ഉണ്ടാവാന്‍ ഇടയില്ല. മോഹന്‍ലാല്‍ അല്ലാതെ മറ്റാരുമല്ല ഇത്. മലയാളത്തില്‍ ഏറ്റവുമധികം ഇന്‍ഡസ്ട്രി ഹിറ്റുകള്‍ സൃഷ്ടിച്ചിട്ടുള്ള നടന്‍. ഒരു മോഹന്‍ലാല്‍ ചിത്രത്തിന് പോസിറ്റീവ് അഭിപ്രായം വന്നാല്‍ ബോക്സ് ഓഫീസില്‍ അതുണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ച് ചലച്ചിത്ര മേഖലയ്ക്ക് നന്നായി അറിയാം. സമീപകാലത്തിറങ്ങിയ നേര് അതിന് ഉദാഹരണമായിരുന്നു. എന്നാല്‍ ഒരു മോഹന്‍ലാല്‍ ചിത്രത്തിന് സമ്മിശ്ര അഭിപ്രായമാണ് വരുന്നതെങ്കിലോ? അപ്പോഴും താരമൂല്യം അവിടെ രക്ഷയ്ക്കെത്തുന്നുണ്ട്. മോഹന്‍ലാല്‍ ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള ഒരു കഥാപാത്രമായി എത്തുന്ന മലൈക്കോട്ടൈ വാലിബനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.

മലയാളത്തില്‍ സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമാണ് വാലിബന്‍. യുവതലമുറയിലെ ശ്രദ്ധേയ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി മോഹന്‍ലാലിനെ നായകനാക്കി ആദ്യമായി ഒരുക്കുന്ന ചിത്രം എന്നതാണ് ഈ സിനിമയ്ക്ക് ആദ്യമായി ഇത്രയും ഹൈപ്പ് വരാന്‍ കാരണം. സ്ക്രീനില്‍ എപ്പോഴും എന്തെങ്കിലും വിസ്മയം ഒളിപ്പിക്കാറുള്ള സംവിധായകന്‍റെ ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായ മല്ലന്‍റെ വേഷത്തില്‍ മോഹന്‍ലാല്‍ എത്തുന്നുവെന്നത് വന്‍ പ്രതീക്ഷയാണ് സിനിമാപ്രേമികളില്‍ ഉണ്ടാക്കിയത്. മലയാള സിനിമ എക്കാലവും കണ്ട മികച്ച ആഗോള റിലീസുമാണ് ചിത്രത്തിന് ലഭിച്ചത്. എന്നാല്‍ ആദ്യ ഷോകള്‍ക്കിപ്പുറം തങ്ങള്‍ പ്രതീക്ഷിച്ച തരത്തിലുള്ള ചിത്രമല്ല ഇതെന്ന അഭിപ്രായമാണ് സോഷ്യല്‍ മീഡിയയില്‍ പ്രധാനമായും ഉയര്‍ന്നത്.

Latest Videos

undefined

ചിത്രത്തിന് വേഗം കുറവാണെന്നും അണിയറക്കാര്‍ തന്നെ റിലീസിന് മുന്‍പ് ഉയര്‍ത്തിയ പ്രതീക്ഷകള്‍ക്ക് വിരുദ്ധമാണെന്നുമൊക്കെ വാദം ഉയര്‍ന്നു. എന്നാല്‍ ഓപണിംഗ് കളക്ഷനെ ഇതൊന്നും സ്വാധീനിച്ചില്ല. കേരളത്തില്‍ നിന്ന് 5.85 കോടി അടക്കം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യദിനം ചിത്രത്തിന് 12 കോടിക്ക് മുകളില്‍ കളക്ഷന്‍ ലഭിച്ചുവെന്നാണ് ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ അറിയിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ദൃശ്യമാകുന്ന മറ്റൊരു കാര്യം ആദ്യദിനം കണ്ട നെഗറ്റീവ്, സമ്മിശ്ര അഭിപ്രായങ്ങള്‍ക്ക് ശേഷം വെള്ളിയാഴ്ചയോടെ ചിത്രത്തെക്കുറിച്ച് പോസിറ്റീവ് അഭിപ്രായങ്ങളാണ് വരുന്നത് എന്നതാണ്. ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമുകളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയുടെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറില്‍ ചിത്രത്തിന്‍റേതായി വിറ്റുപോയിരിക്കുന്നത് 41,000 ടിക്കറ്റുകളാണ്. ഒരു മലയാള ചിത്രത്തെ സംബന്ധിച്ച് മികച്ച സംഖ്യയാണ് ഇത്. ചിത്രത്തെ സംബന്ധിച്ച് നിര്‍ണായക ദിവസങ്ങളാണ് ഇന്നും നാളെയും. ആദ്യ വാരാന്ത്യ ദിനങ്ങളായ ശനി, ഞായര്‍ ദിനങ്ങളില്‍ ചിത്രം എത്തരത്തില്‍ കളക്റ്റ് ചെയ്യും എന്നതാണ് അണിയറക്കാരും സിനിമാലോകവും ഉറ്റുനോക്കുന്നത്. സമ്മിശ്ര അഭിപ്രായങ്ങളില്‍ നിന്ന് പോസിറ്റീവ് അഭിപ്രായങ്ങളിലേക്ക് ഷിഫ്റ്റിംഗ് നടക്കുന്നപക്ഷം ബോക്സ് ഓഫീസില്‍ ചിത്രം വേറിട്ട ദിശയിലേക്ക് സഞ്ചാരം തുടങ്ങാന്‍ സാധ്യതയുണ്ട്.

ALSO READ : 'മധുരരാജ'യ്ക്ക് ശേഷം സണ്ണി ലിയോണ്‍ വീണ്ടും മലയാളത്തില്‍; ഗാനം എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

click me!