'വാലിബന്' ഏറ്റവും ആവേശം ഏത് ജില്ലയില്‍? ഏറ്റവുമധികം ബുക്കിംഗ് നടന്ന 3 ജില്ലകള്‍, വരുന്നത് ബമ്പര്‍ ഓപണിംഗ്

By Web TeamFirst Published Jan 20, 2024, 1:02 PM IST
Highlights

റിലീസിന് ആറ് ദിവസം ശേഷിക്കെ ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചിരുന്നു

മലയാളത്തില്‍ സമീപകാലത്ത് പ്രേക്ഷകര്‍ക്കിടയില്‍ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയ ചിത്രം തിയറ്ററുകളിലേക്ക് എത്താന്‍ വെറും നാല് ദിനങ്ങള്‍ കൂടി മാത്രം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഫ്രെയ്മിലേക്ക് മോഹന്‍ലാല്‍ ആദ്യമായി കടന്നുവരുന്ന മലൈക്കോട്ടൈ വാലിബന്‍ എന്ന ചിത്രമാണ് അത്. ഒരു വര്‍ഷം മുന്‍പ് ചിത്രം പ്രഖ്യാപിച്ച വേളയില്‍ത്തന്നെ  സിനിമാപ്രേമികള്‍ക്കിടയില്‍ കൗതുകമുണര്‍ത്തിയ പ്രോജക്റ്റ് റിലീസിനോടടുക്കുമ്പോള്‍ ആവേശം ഇരട്ടിപ്പിച്ചിട്ടുണ്ട്. അഡ്വാന്‍സ് ബുക്കിംഗിലും തരംഗം തീര്‍ക്കുകയാണ് ചിത്രം.

റിലീസിന് ആറ് ദിവസം ശേഷിക്കെ ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചിരുന്നു. മലയാള സിനിമയെ സംബന്ധിച്ച് അപൂര്‍വ്വതയാണ് ഇത്. മികച്ച പ്രതികരണമാണ് അഡ്വാന്‍സ് ബുക്കിംഗില്‍ ചിത്രത്തിന് ലഭിക്കുന്നതെന്ന് മാത്രമല്ല, മികച്ച ഓപണിംഗ് ഇതിനകം തന്നെ ഉറപ്പിച്ചിട്ടുമുണ്ട് വാലിബന്‍. ഒറ്റ ദിവസം കൊണ്ടുതന്നെ ഒരു ലക്ഷത്തിലധികം ടിക്കറ്റുകളാണ് ചിത്രം കേരളത്തില്‍ വിറ്റിരിക്കുന്നതെന്ന് ട്രേഡ് അനലിസ്റ്റുകള്‍ അറിയിക്കുന്നു. ഇതിലൂടെ ഇതിനകം ഉറപ്പിച്ചിട്ടുള്ള ഓപണിംഗ് കളക്ഷന്‍ 1.5 കോടിയാണ്. 

Latest Videos

അഡ്വാന്‍സ് ബുക്കിംഗിന്‍റെ ജില്ല തിരിച്ചുള്ള കണക്ക് വാട്ട് ദി ഫസ് എന്ന അക്കൗണ്ട് പുറത്തുവിട്ടിട്ടുണ്ട്. ഇതനുസരിച്ച് ഏറ്റവുമധികം ഷോ കൗണ്ടും ബുക്കിംഗും എറണാകുളത്താണ്. 217 ഷോകളില്‍ നിന്നായി 22,102 ടിക്കറ്റുകളാണ് വിറ്റിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരവും മൂന്നാം സ്ഥാനത്ത് തൃശൂരുമാണ്. തിരുവനന്തപുരത്ത് 192 ഷോകളും 16,426 ടിക്കറ്റുകളുമാണെങ്കില്‍ തൃശൂരില്‍ 155 ഷോകളും 13,748 ടിക്കറ്റുകളുമാണ് ഇതുവരെ വിറ്റുപോയിരിക്കുന്നത്. 25 ന് പുലര്‍ച്ചെ 6.30 നാണ് കേരളത്തില്‍ ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനങ്ങള്‍ ആരംഭിക്കുക. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും. നന്‍പകല്‍ നേരത്ത് മയക്കത്തിന് ശേഷമുള്ള ലിജോ ചിത്രമാണ് വാലിബന്‍.

ALSO READ : 'അത്രയും ഭാരവുമായി ഒരാള്‍ അങ്ങനെ നടക്കുന്നതെങ്ങനെ'? വിജയ് ചിത്രത്തിലെ യുക്തി ചോദ്യം ചെയ്ത് ഷൈന്‍ ടോം ചാക്കോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

click me!