ബയോഗ്രഫിക്കല്‍ സ്പോര്‍ട്സ് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം
ഒരു മോശം കാലത്തിലൂടെ കടന്നുപോവുകയാണ് ബോളിവുഡ്. ഒരു ഭാഗത്ത് പതിവ് ഫോര്‍മുലകള്‍ അനുസരിച്ച് തയ്യാറാക്കപ്പെടുന്ന ബിഗ് ബജറ്റ് സൂപ്പര്‍താര ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ മൂക്കുംകുത്തി വീഴുന്നു. ഇനി മികച്ച അഭിപ്രായം നേടുന്ന, ഭേദപ്പെട്ട ചിത്രമാണെങ്കില്‍ പോലും തിയറ്ററുകളില്‍ കാണാന്‍ ആളെത്തുന്നില്ല. രണ്ടാമത് പറഞ്ഞ ഗണത്തില്‍ പെടുന്ന ചിത്രമാണ് അജയ് ദേവ്ഗണിനെ നായകനാക്കി അമിത് ശര്‍മ്മ സംവിധാനം ചെയ്ത മൈദാന്‍ എന്ന ചിത്രം.
ബയോഗ്രഫിക്കല്‍ സ്പോര്‍ട്സ് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം ഇന്ത്യന്‍ ഫുട്ബോള്‍ ടീം കോച്ച് ആയിരുന്ന സയീദ് അബ്‍ദുള്‍ റഹീമിന്‍റെ ജീവിതം പറയുന്ന ചിത്രമാണ്. റിലീസ് ദിനം മുതല്‍ മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ബുക്ക് മൈ ഷോയിലെ റേറ്റിംഗ് 8.8 ആണ്. പക്ഷേ പോസിറ്റീവ് മൗത്ത് പബ്ലിസിറ്റിയും ബോക്സ് ഓഫീസില്‍ പ്രതിഫലിക്കുന്നില്ല. 150 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രമാണിതെന്നാണ് ബിസിനസ് ടുഡേയുടെ റിപ്പോര്‍ട്ട്. പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ആദ്യ 11 ദിവസങ്ങളില്‍ ഇന്ത്യയില്‍ നിന്ന് ചിത്രത്തിന് നേടാനായത് 35.70 കോടി മാത്രമാണ്. ഒരു ബോളിവുഡ് ചിത്രത്തെ സംബന്ധിച്ച് മോശം കളക്ഷനാണ് ഇത്.
undefined
അജയ് ദേവ്ഗണ് സയീദ് അബ്ദുള്‍ റഹിം ആവുന്ന ചിത്രത്തില്‍ പ്രിയാമണി, ഗജ്‍രാജ് റാവു, ദേവ്യാന്‍ശ് ത്രിപാഠി, നിതാന്‍ഷി ഗോയല്‍, ആയേഷ വിന്ധാര, മീനല്‍ പട്ടേല്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സീ സ്റ്റുഡിയോസ്, ബേവ്യൂ പ്രോജക്റ്റ്സ്, ഫ്രെഷ് ലൈം ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഏപ്രില്‍ 10 ന് ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്.