ബജറ്റ് 200 കോടി! മഹേഷ് ബാബുവിന്‍റെ 'ഗുണ്ടൂര്‍ കാരം' നിര്‍മ്മാതാവിന് നഷ്ടമോ? ഫൈനല്‍ ബോക്സ് ഓഫീസ് കളക്ഷന്‍

By Web Team  |  First Published Feb 18, 2024, 10:04 AM IST

തെലുങ്കിലെ പ്രമുഖ സംവിധായകന്‍ ത്രിവിക്രം ശ്രീനിവാസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം


തെന്നിന്ത്യന്‍ സിനിമയില്‍ ഇന്ന് പലപ്പോഴും തമിഴ് സിനിമയേക്കാള്‍ കൂടുതല്‍ മുതല്‍ മുടക്കപ്പെടുന്നത് തെലുങ്കിലാണ്. ബാഹുബലി മുതലിങ്ങോട്ട് നീളുന്ന പാന്‍ ഇന്ത്യന്‍ ഹിറ്റുകള്‍ നേടിയ ബോക്സ് ഓഫീസ് കളക്ഷന്‍ തന്നെ ഇതിന് കാരണം. എന്നാല്‍ സിനിമകളുടെ ജയപരാജയങ്ങളിലെ അപ്രവചനീയത അപ്പോഴും അവിടെയുണ്ട്. വലിയ ബജറ്റിലെത്തിയതുകൊണ്ട് മാത്രം സിനിമകള്‍ വിജയിക്കുന്നില്ലതന്നെ. ടോളിവുഡിലെ അതിന്‍റെ ഏറ്റവും പുതിയ ഉദാഹരണം മഹേഷ് ബാബു നായകനായ ഗുണ്ടൂര്‍ കാരമാണ്.

തെലുങ്കിലെ പ്രമുഖ സംവിധായകന്‍ ത്രിവിക്രം ശ്രീനിവാസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം മഹേഷ് ബാബു ചിത്രമെന്ന നിലയില്‍ വലിയ പ്രീ റിലീസ് പബ്ലിസിറ്റി ലഭിച്ച ഒന്നായിരുന്നു. ജനുവരി 12 നായിരുന്നു റിലീസ്. വമ്പന്‍ പ്രീ റിലീസ് ബുക്കിംഗ് ലഭിച്ചിരുന്നുവെങ്കിലും ആദ്യദിനം തന്നെ നെഗറ്റീവ് അഭിപ്രായം വന്നതോടെ ബോക്സ് ഓഫീസില്‍ കുതിപ്പിന് കഴിഞ്ഞില്ല. എന്‍റര്‍ടെയ്ന്‍‍മെന്‍റ് വെബ്‍സൈറ്റ് ആയ പിങ്ക് വില്ലയുടെ കണക്ക് പ്രകാരം ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയത് 142 കോടിയാണ്. വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് മറ്റൊരു 30 കോടിയും. അങ്ങനെ ആകെ ലൈഫ് ടൈം കളക്ഷന്‍ 172 കോടി. 

Latest Videos

undefined

ചെറിയ ബജറ്റില്‍ എത്തുന്ന ഒരു ചിത്രത്തെ സംബന്ധിച്ച് മികച്ച കളക്ഷനാണ് ഇത്. എന്നാല്‍ ഒരു മഹേഷ് ബാബു ചിത്രത്തെ സംബന്ധിച്ച് ഈ കണക്കുകള്‍ വിജയം നല്‍കില്ല. 200 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രമാണ് ഇതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. വിതരണക്കാര്‍ക്ക് ചിത്രമുണ്ടാക്കിയ നഷ്ടം 40 കോടിയുടേതാണെന്നും പിങ്ക് വില്ലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ജയറാമും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ശ്രീലീലയാണ് നായിക. മീനാക്ഷി ചൗധരി, ജ​ഗപതി ബാബു, രമ്യ കൃഷ്ണന്‍, ഈശ്വരി റാവു, പ്രകാശ് രാജ്, റാവു രമേശ്, മുരളി ശര്‍മ്മ, സുനില്‍, ബ്രഹ്‍മാനന്ദം, വെണ്ണല കിഷോര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നെറ്റ്ഫ്ലിക്സിലൂടെ ഫെബ്രുവരി രണ്ടാം വാരമായിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ്.

ALSO READ : ചെക്ക് കേസ്; സംവിധായകന്‍ രാജ്‍കുമാര്‍ സന്തോഷിക്ക് 2 വര്‍ഷത്തെ ജയില്‍ ശിക്ഷ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

click me!