ഒടിടി റിലീസിന് മുന്‍പ് മലയാളികള്‍ക്ക് നന്ദി പറഞ്ഞ് 'മഹാരാജ' നിര്‍മ്മാതാവ്; ചിത്രം കേരളത്തില്‍ നിന്ന് നേടിയത്

By Web TeamFirst Published Jul 12, 2024, 12:49 AM IST
Highlights

നിതിലന്‍ സ്വാമിനാഥന്‍റെ രചനയിലും സംവിധാനത്തിലുമെത്തിയ ആക്ഷന്‍ ത്രില്ലര്‍

വിജയ് സേതുപതിയുടെ കരിയറിലെ 50-ാം ചിത്രം എന്ന നിലയില്‍ പ്രീ റിലീസ് ഹൈപ്പോടെ തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് മഹാരാജ. നിതിലന്‍ സ്വാമിനാഥന്‍റെ രചനയിലും സംവിധാനത്തിലുമെത്തിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ് ജൂണ്‍ 14 ന് ആയിരുന്നു. ആദ്യദിനങ്ങളില്‍ മികച്ച അഭിപ്രായം നേടാനായ ചിത്രം ബോക്സ് ഓഫീസിലും കരുത്ത് കാട്ടി. എന്ന് മാത്രമല്ല വിജയ് സേതുപതിയുടെ കരിയറിലെ സോളോ നായകനായുള്ള ചിത്രങ്ങളില്‍ ആദ്യ 100 കോടി ചിത്രവുമായി. 

ഒരു മാസത്തോളമുള്ള തിയറ്റര്‍ റണ്ണിന് ശേഷം ചിത്രം ഇന്ന് പ്രമുഖ പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സിലൂടെ ഇന്ന് ഒടിടി സ്ട്രീമിംഗ് ആരംഭിക്കുകയാണ്. ഒടിടി റിലീസിന് മുന്‍പ് നിര്‍മ്മാതാക്കള്‍ മലയാളി സിനിമാപ്രേമികള്‍ക്ക് നന്ദി പറഞ്ഞത് ശ്രദ്ധേയമായിരുന്നു. കേരളത്തില്‍ നിന്ന് 8 കോടിയില്‍ അധികമാണ് ചിത്രം നേടിയത്. നിര്‍മ്മാതാക്കളായ പാഷന്‍ സ്റ്റുഡിയോസ് അവരുടെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്, ഒപ്പം മലയാളികള്‍ക്കുള്ള നന്ദിയും.

Latest Videos

വിജയ് സേതുപതിയുടെ കഥാപാത്രത്തിന്‍റെ പേരാണ് ചിത്രത്തിനും. രണ്ട് കാലങ്ങളിലായി നോണ്‍ ലീനിയര്‍ സ്വഭാവത്തിലാണ് പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന രീതിയില്‍ നിതിലന്‍ സ്വാമിനാഥന്‍ കഥ പറയുന്നത്. ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് ആണ് സെല്‍വം എന്ന പ്രതിനായക കഥാപാത്രമായി എത്തുന്നത്. സചന നമിദാസ്, മംമ്ത മോഹന്‍ദാസ്, നടരാജന്‍ സുബ്രഹ്‍മണ്യം, അഭിരാമി, ദിവ്യ ഭാരതി, സിങ്കംപുലി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ദിനേശ് പുരുഷോത്തമന്‍ ഛായാഗ്രഹണവും ഫിലോമിന്‍ രാജ് എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു. സംഗീതം ബി അജനീഷ് ലോക്നാഥ്. ചിത്രം നെറ്റ്ഫ്ലിക്സില്‍ തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ കാണാം.

ALSO READ : വേറിട്ട പ്രകടനവുമായി മണികണ്ഠന്‍; 'ഴ' പ്രദര്‍ശനം തുടങ്ങുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!