ദീപാവലി റിലീസ് ആയി എത്തിയ ചിത്രം
മലയാളത്തില്‍ ഇതുവരെ സാധിക്കാതിരുന്നത് തെലുങ്കില്‍ നടത്തിയെടുക്കാനൊരുങ്ങി ദുല്‍ഖര്‍. കരിയറില്‍ ആദ്യ 100 കോടി ക്ലബ്ബ് കളക്ഷന്‍ എന്ന സ്വപ്ന നേട്ടത്തിലേക്കാണ് ലക്കി ഭാസ്കര്‍ എന്ന പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രത്തിലൂടെ ദുല്‍ഖര്‍ എത്താന്‍ ഒരുങ്ങുന്നത്. വ്യാഴാഴ്ച വരെയുള്ള കണക്കുകള്‍ നോക്കുമ്പോള്‍ 100 കോടിയിലേക്ക് എത്താന്‍ ചിത്രത്തിന് 26 കോടി വേണ്ടിയിരുന്നു. എന്നാല്‍ മികച്ച മൗത്ത് പബ്ലിസിറ്റിയോടൊപ്പം രണ്ടാം വാരാന്ത്യം ചിത്രം വന്‍ കളക്ഷന്‍ നേടിയതോടെയാണ് ചിത്രം 100 കോടി ഉറപ്പിച്ചത്.
അണിയറക്കാര്‍ പുറത്തുവിട്ട ഏറ്റവും പുതിയ കളക്ഷന്‍ കണക്കുകള്‍ അനുസരിച്ച് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 11 ദിവസം കൊണ്ട് ചിത്രം 96.8 കോടിയാണ് നേടിയിരിക്കുന്നത്. അതെ, 100 കോടി കടക്കാന്‍ വേണ്ടത് 3.2 കോടി മാത്രം. ഇന്നോ നാളെയോ ചിത്രം ഈ നേട്ടം സ്വന്തമാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആദ്യ ഞായറാഴ്ചയ്ക്ക് ശേഷം ബോക്സ് ഓഫീസില്‍ ചിത്രം ഏറ്റവും നേട്ടമുണ്ടാക്കിയത് രണ്ടാം ശനിയാഴ്ച ആയിരുന്നു. 11.5 കോടിയാണ് ഈ ശനിയാഴ്ച ചിത്രം നേടിയത്. ഞായറാഴ്ചയാവട്ടെ 8.1 കോടിയും. തമിഴ്നാട്ടിലും തെലുങ്ക് സംസ്ഥാനങ്ങളിലും വാരാന്ത്യത്തില്‍ വന്‍ പ്രേക്ഷക പങ്കാളിത്തമാണ് തിയറ്ററുകളില്‍ ഉണ്ടായത്.
undefined
75 ഷോകളുമായി റിലീസ് നടന്ന തമിഴ്നാട്ടില്‍ രണ്ടാം വാരത്തില്‍ ഷോകളുടെ എണ്ണം 1200 ആയി വര്‍ധിച്ചിരുന്നു. അത്രയും ഡിമാന്‍ഡ് ആണ് ചിത്രത്തിന് തമിഴ്നാട്ടില്‍ ഉണ്ടായത്. കേരളത്തിലും മികച്ച പ്രദര്‍ശന വിജയമാണ് ചിത്രം നേടുന്നത്. യുഎസ് അടക്കമുള്ള വിദേശ മാര്‍ക്കറ്റുകളിലും അങ്ങനെ തന്നെ. യുഎസില്‍ ഒരു മില്യണ്‍ ഡോളര്‍ കളക്ഷന്‍ എന്ന നാഴികക്കല്ല് വെള്ളിയാഴ്ച ചിത്രം പിന്നിട്ടിരുന്നു.