വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്തിരിക്കുന്ന പിരീഡ് ക്രൈം ഡ്രാമ
ഇത്തവണത്തെ ദീപാവലി റിലീസുകളില്‍ ഏറ്റവും ശ്രദ്ധ നേടിയ ഒന്നായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ നായകനായ തെലുങ്ക് ചിത്രം ലക്കി ഭാസ്കര്‍. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ഈ പിരീഡ് ക്രൈം ഡ്രാമ ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായാണ് ദുല്‍ഖര്‍ എത്തിയത്. പ്രിവ്യൂ ഷോകളില്‍ നിന്നുതന്നെ മികച്ച അഭിപ്രായം എത്തിയ ചിത്രം ഫസ്റ്റ് ഡേ ഫസ്റ്റ് ഷോകളോടു കൂടിത്തന്നെ വന്‍ മൗത്ത് പബ്ലിസിറ്റി നേടി. ആ സ്വീകാര്യത ബോക്സ് ഓഫീസിലും പ്രതിഫലിച്ചു. ഇപ്പോഴിതാ ആദ്യ 5 ദിനങ്ങളിലെ ആഗോള കളക്ഷന്‍ എത്രയെന്നത് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.
ആദ്യ 5 ദിനങ്ങള്‍ കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 61.4 കോടിയാണ് ചിത്രം നേടിയ ഗ്രോസ് എന്ന് നിര്‍മ്മാതാക്കളായ സിതാര എന്‍റര്‍ടെയ്ന്‍മെന്‍റ്സ് അറിയിക്കുന്നു. റിലീസിന് ശേഷമുള്ള ഏറ്റവും മികച്ച കളക്ഷനാണ് ഞായറാഴ്ച ചിത്രം നേടിയതെങ്കില്‍ ആദ്യ തിങ്കളാഴ്ച ഇതുവരെ ഉള്ളതില്‍ ഏറ്റവും കുറവ് കളക്ഷനാണ്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 15.5 കോടിയാണ് ഞായറാഴ്ച ചിത്രം നേടിയതെങ്കില്‍ തിങ്കളാഴ്ച നേടിയിരിക്കുന്നത് 6 കോടിയാണ്. നിര്‍മ്മാതാക്കളുടെ കണക്ക് പ്രകാരം തന്നെയാണ് ഇത്.
അതേസമയം മികച്ച അഭിപ്രായം നേടിയിട്ടുള്ള ചിത്രം ഇനിയങ്ങോട്ടുള്ള പ്രവര്‍ത്തി ദിനങ്ങളില്‍ കളക്ഷന്‍ വര്‍ധിപ്പിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രതീക്ഷ. മീനാക്ഷി ചൗധരിയാണ് ചിത്രത്തിലെ നായിക. 1980 - 1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ പീരീഡ് ഡ്രാമയിൽ ഒരു ബാങ്ക് കാഷ്യറുടെ വേഷത്തിലാണ് ദുൽഖർ സൽമാൻ എത്തുന്നത്. ദുല്‍ഖറിന്‍റെ തന്നെ വേഫെറര്‍ ഫിലിംസ് ആണ് ചിത്രത്തിന്‍റെ കേരളത്തിലെ വിതരണം.
ALSO READ : വേറിട്ട വേഷത്തില്‍ ബിന്ദു പണിക്കര്‍; 'ജമീലാന്‍റെ പൂവന്‍കോഴി' തിയറ്ററുകളിലേക്ക്