ബജറ്റ് 5 കോടി, 10-ാം ദിവസം റിലീസ് ദിനത്തിന്‍റെ മൂന്നിരട്ടി കളക്ഷൻ! തമിഴ്നാട്ടിൽ തരംഗമായി സ്വാസിക ചിത്രം

By Web Team  |  First Published Oct 1, 2024, 1:07 PM IST

പേര് സൂചിപ്പിക്കുന്നതുപോലെ സ്പോര്‍ട്സ് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്


വലിയ പ്രീ റിലീസ് പബ്ലിസിറ്റിയോ മാര്‍ക്കറ്റിംഗ് ബഹളങ്ങളോ ഒന്നുമില്ലാതെ വന്ന് പ്രേക്ഷകഹൃദയങ്ങളിലേക്ക് അനായാസം കയറിപ്പോകുന്ന ചില സിനിമകളുണ്ട്. അപൂര്‍വ്വമായി മാത്രം എത്തുന്ന അത്തരത്തിലൊരു സിനിമ ഇപ്പോള്‍ കോളിവുഡില്‍ വാര്‍ത്ത സൃഷ്ടിക്കുകയാണ്. തമിഴരസന്‍ പച്ചമുത്തു രചനയും സംവിധാനവും നിര്‍വ്വഹിച്ച ലബ്ബര്‍ പന്ത് (റബ്ബര്‍ പന്ത്) എന്ന ചിത്രമാണ് അത്. 

പേര് സൂചിപ്പിക്കുന്നതുപോലെ സ്പോര്‍ട്സ് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. സെപ്റ്റംബര്‍ 20 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം റിലീസ് ദിനത്തില്‍ ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയത് 75 ലക്ഷം (നെറ്റ് കളക്ഷന്‍) മാത്രമായിരുന്നു. എന്നാല്‍ ആദ്യ ദിനം തന്നെ പോസിറ്റീവ് അഭിപ്രായം എത്തിയതിനാല്‍ രണ്ടാം ദിനം അത് ഇരട്ടിയായി വര്‍ധിച്ചു. 1.5 കോടി ആയിരുന്നു രണ്ടാം ദിവസത്തെ കളക്ഷന്‍. മൂന്നാം ദിനം അത് 2 കോടിയായും വര്‍ധിച്ചിരുന്നു. ബോക്സ് ഓഫീസില്‍ 11 ദിവസം പിന്നിട്ടിരിക്കുന്ന ചിത്രം ഇന്ത്യയില്‍ നിന്ന് ഇതുവരെ നേടിയിരിക്കുന്ന നെറ്റ് കളക്ഷന്‍ 16.10 കോടിയാണ്. റിലീസിന് ശേഷമുള്ള രണ്ടാമത്തെ തിങ്കളാഴ്ചയായ ഇന്നലെയും ചിത്രം 1.15 കോടിയാണ് നേടിയത്. ഇത്ര ദിവസം എത്തിയിട്ടും കളക്ഷനില്‍ കാര്യമായ ഡ്രോപ്പ് ഉണ്ടാവുന്നില്ല എന്നത് ചിത്രം നേടിയ ജനപ്രീതിയെയാണ് സൂചിപ്പിക്കുന്നത്.

Latest Videos

undefined

ചിത്രത്തിന്‍റെ ബജറ്റ് കൂടി പരിഗണിക്കുമ്പോഴാണ് നിര്‍മ്മാതാവിന് ഈ സിനിമ നല്‍കുന്ന ലാഭത്തെക്കുറിച്ച് മനസിലാവുക. 5 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രമാണ് ലബ്ബര്‍ പന്ത്. അതായത് ഇതിനകം തന്നെ ചിത്രം ബ്രേക്ക് ഈവന്‍ ആയിക്കഴിഞ്ഞു. മലയാളി സിനിമാപ്രേമികളെ സംബന്ധിച്ച് ഈ വിജയത്തില്‍ സന്തോഷിക്കാനുള്ള ഒരു കാരണമുണ്ട്. ചിത്രത്തിലെ പ്രധാന സ്ത്രീകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് സ്വാസിക ആണെന്നതാണ് അത്. ഹരീഷ് കല്യാണ്‍, ആട്ടക്കത്തി ദിനേശ്, സഞ്ജന കൃഷ്ണമൂര്‍ത്തി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നാട്ടിന്‍പുറത്തെ ക്രിക്കറ്റ് മത്സരങ്ങളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം ഒരു സ്പോര്‍ട്സ് ഡ്രാമ എന്ന ജോണറില്‍ മാത്രം ഒതുങ്ങുന്നില്ല. ജാതീയതയും മനുഷ്യരുടെ ഈഗോയുമൊക്കെ കഥപറച്ചിലില്‍ കടന്നുവരുന്നുണ്ട്. അതേസമയം മികച്ച എന്‍റര്‍ടെയ്‍നറുമാണ് ചിത്രം. പ്രിന്‍സ് പിക്ചേഴ്സിന്‍റെ ബാനറില്‍ എസ് ലക്ഷ്മണ്‍ കുമാറും എ വെങ്കടേഷും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 

ALSO READ : 'മേപ്പടിയാന്' ശേഷം 'കഥ ഇന്നുവരെ'; കുടുംബ പ്രേക്ഷകരുടെ പ്രിയം നേടി വിഷ്‍ണു മോഹന്‍

click me!