അഡ്വാന്‍സ് റിസര്‍വേഷനിലൂടെ മാത്രം കേരളത്തില്‍ റെക്കോര്‍ഡ് ഓപണിംഗ് നേടിയിരുന്നു ലിയോ
ആരാധകരുടെ ദീര്‍ഘകാലത്തെ കാത്തിരിപ്പിനുശേഷം ലോകേഷ് കനകരാജ്- വിജയ് ചിത്രം ലിയോ തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. തെന്നിന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പ് ലഭിച്ച ചിത്രവുമാണിത്. ലഭിച്ച ഹൈപ്പ് എത്രയെന്നതിന് തെളിവായിരുന്നു അഡ്വാന്‍സ് റിസര്‍വേഷനില്‍ ചിത്രത്തിന് ലഭിച്ച പ്രതികരണം. കേരളമുള്‍പ്പെടെയുള്ള പല മാര്‍ക്കറ്റുകളിലും ഓപണിംഗ് റെക്കോര്‍ഡ്, പ്രീ റിലീസ് ബുക്കിംഗിലൂടെത്തന്നെ ചിത്രം നേടിയിരുന്നു. ഇപ്പോഴിതാ റിലീസിന് മുന്‍പ് അഡ്വാന്‍സ് റിസര്‍വേഷനിലൂടെ ചിത്രം ആകെ എത്ര നേടി എന്നത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരിക്കുകയാണ്.
ഇന്ന് മുതല്‍ 22 ഞായറാഴ്ച വരെയുള്ള നാല് ദിനങ്ങളിലെ ടിക്കറ്റുകളുടെ അഡ്വാന്‍സ് റിസര്‍വേഷനില്‍ നിന്ന് നേരത്തേ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ 200 കോടിക്ക് അരികില്‍ എത്തിയിരിക്കുകയാണ് ആ തുക. 188 കോടിയാണ് അഡ്വാന്‍സ് റിസര്‍വേഷനിലൂടെ മാത്രം ലിയോ സമാഹരിച്ചതെന്ന് പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സിനിട്രാക്ക് അറിയിക്കുന്നു. നാല് ദിവസം നീളുന്ന ആദ്യ വാരാന്ത്യത്തിലേക്ക് ആഗോള തലത്തില്‍ ലഭിച്ച പ്രീ ബുക്കിംഗ് കണക്ക് പ്രകാരമാണിത്.
അതേസമയം അഡ്വാന്‍സ് റിസര്‍വേഷനിലൂടെ മാത്രം കേരളത്തില്‍ ഏത് ഭാഷാ ചിത്രങ്ങളിലും റെക്കോര്‍ഡ് ഓപണിംഗ് നേടിയിരുന്നു ലിയോ. കെജിഎഫ് 2 നെ മറികടന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്. സ്ക്രീന്‍ കൌണ്ടിലും കേരളത്തില്‍ ചിത്രം റെക്കോര്‍ഡ് ഇട്ടിട്ടുണ്ട്. മുന്‍പ് ഒരു ചിത്രത്തിനും ഉണ്ടാവാത്ത തരത്തില്‍ 655 സ്ക്രീനുകളിലാണ് ചിത്രം കേരളത്തില്‍ റിലീസ് ചെയ്യപ്പെട്ടിരിക്കുന്നത്. ശ്രീഗോകുലം മൂവീസ് ആണ് കേരളത്തിലെ വിതരണം. കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്ന വിക്രത്തിന് ശേഷം ലോകേഷ് ഒരുക്കിയിരിക്കുന്ന ലിയോ, മാസ്റ്ററിന് ശേഷം വിജയിയും ലോകേഷും ഒരുമിച്ച ചിത്രവുമാണ്. ചിത്രം നേടുന്ന ഓപണിംഗും ആദ്യ വാരാന്ത്യ കളക്ഷനും എത്രയായിരിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലുമാണ് സിനിമാപ്രേമികള്‍.
ALSO READ : എങ്ങനെയുണ്ട് 'ലിയോ'? എല്‍സിയു കണക്ഷന്‍ എന്ത്? ആദ്യ പ്രേക്ഷക പ്രതികരണങ്ങള്‍: വീഡിയോ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക