ബജറ്റ് 125 കോടി; 'കിസീ കാ ഭായ്' സല്‍മാന്‍ ഖാന് നേടിക്കൊടുത്ത ലാഭമെത്ര?

By Web Team  |  First Published Jun 6, 2023, 10:11 AM IST

100 കോടിയിലധികമാണ് ഒരു ചിത്രത്തിന് സല്‍മാന്‍ ഖാന്‍ നിലവില്‍ വാങ്ങുന്നത്


കൊവിഡ് കാലത്ത് നേരിട്ട തകര്‍ച്ചയില്‍ നിന്ന് കരകയറാതെ നിന്ന ബോളിവുഡിനെ പഴയ ആത്മവിശ്വാസത്തിലേക്ക് ഉയര്‍ത്തിയ ചിത്രമായിരുന്നു ഷാരൂഖ് ഖാന്‍ നായകനായ പഠാന്‍. ഇന്ത്യയില്‍ നിന്ന് മാത്രം 500 കോടി അടക്കം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 1000 കോടിയിലധികമാണ് ചിത്രം നേടിയത്. എന്നാല്‍ ചിത്രം ബോളിവുഡിനെ പഴയ വിജയ ട്രാക്കിലേക്ക് പൂര്‍ണ്ണമായും തിരിച്ചെത്തിക്കുമെന്ന ചലച്ചിത്ര വ്യവസായത്തിന്‍റെ പ്രതീക്ഷ അസ്ഥാനത്ത് ആയിരുന്നു. പഠാന്‍റെ നിലവാരത്തിലുള്ള വിജയം എന്നല്ല, എണ്ണപ്പെട്ട വിജയങ്ങളൊന്നും പിന്നീട് സൃഷ്ടിക്കാന്‍ ബോളിവുഡിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പഠാന് പിന്നാലെ വലിയ പ്രതീക്ഷയോടെ എത്തിയ സല്‍മാന്‍ ഖാന്‍ ചിത്രം കിസീ കാ ഭായ് കിസീ കി ജാനിനും വലിയ തോതിലുള്ള വിജയം നേടാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ചിത്രം നിര്‍മ്മാതാവ് കൂടിയായ സല്‍മാന്‍ ഖാന് നഷ്ടം വരുത്തിയില്ല താനും. ഇപ്പോഴിതാ ഇത് സംബന്ധിച്ച കണക്കുകള്‍ പ്രസിദ്ധീകരിച്ചിരിക്കുകയാണ് ബോളിവുഡ് ഹംഗാമ.

ബോളിവുഡ് ഹംഗാമയുടെ റിപ്പോര്‍ട്ട് പ്രകാരം ചിത്രത്തിന്‍റെ ബജറ്റ് 125 കോടി ആയിരുന്നു. ഡിസ്ട്രിബ്യൂട്ടര്‍ കമ്മിഷന്‍ ഇനത്തില്‍ ചെലവായ 7.37 കോടി അടക്കം ആകെ മുതല്‍മുടക്ക് 132.5 കോടി. വലിയ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രത്തിന് പക്ഷേ സമ്മിശ്ര പ്രതികരണങ്ങളാണ് ആദ്യ ദിനങ്ങളില്‍  ലഭിച്ചത്. എന്നാല്‍ ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് മാത്രം 110 കോടി നേടാന്‍ ചിത്രത്തിനായി. ഇന്ത്യയില്‍ നിന്ന് മാത്രമുള്ള ഡിസ്ട്രിബ്യൂട്ടര്‍ ഷെയര്‍ 49.73 കോടിയാണ്. വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് നേടിയ 50.86 കോടി കളക്ഷനില്‍ നിന്നുള്ള ഡിസ്ട്രിബ്യൂട്ടര്‍ ഷെയര്‍ 22.88 കോടി ആണ്. ഡിജിറ്റല്‍, മ്യൂസിക്, സാറ്റലൈറ്റ് റൈറ്റുകളില്‍ നിന്നും ഇന്‍ ഫിലിം ബ്രാന്‍ഡിംഗില്‍ നിന്നും മറ്റൊരു 100 കോടി കൂടി ചിത്രം നേടിയിട്ടുണ്ട്. അതായത് ചിത്രത്തിന്‍റെ ആകെ നേട്ടം 172.61 കോടിയാണ്.

Latest Videos

 

മുതല്‍ മുടക്ക് ആയ 132 കോടി ഇതില്‍ നിന്ന് കുറയ്ക്കുന്നതാണ് ചിത്രം നിര്‍മ്മാതാവ് സല്‍മാന് ഖാന് നല്‍കിയ ലാഭം. അതായത് 40.24 കോടിയാണ് കിസീ കാ ഭായ് കിസീ കി ജാന്‍ എന്ന ചിത്രം നിര്‍മ്മാതാവ് സല്‍മാന്‍ ഖാന് ഉണ്ടാക്കിയിരിക്കുന്ന ലാഭം. എന്നാല്‍ മറ്റൊരു നിര്‍മ്മാതാവിന്‍റേതായിരുന്നുവെങ്കില്‍ നഷ്ടക്കണക്കുകളില്‍ ഇടംപിടിച്ചേനെ ഈ ചിത്രം. കാരണം സല്‍മാന്‍ ഖാന്‍റെ നിലവിലെ പ്രതിഫലം 100 കോടിയില്‍ ഏറെയാണ്. സ്വന്തം ചിത്രമായതിനാല്‍ അത് കണക്കാക്കാതെയുള്ള കണക്കാണ് മുകളിലുള്ളത്. എന്നിരുന്നാലും ഒരു സല്‍മാന്‍ ഖാന്‍ ചിത്രത്തില്‍ നിന്നും ബോളിവുഡ് പ്രതീക്ഷിക്കുന്ന നേട്ടം കിസീ കാ ഭായ് കിസീ കി ജാന്‍ ഉണ്ടാക്കിയിട്ടില്ല.

ALSO READ : 'എന്നോടുള്ള ദേഷ്യമാണ് നിങ്ങളിലേക്ക് വരുന്നത്'; ബിഗ് ബോസില്‍ പൊട്ടിക്കരഞ്ഞ് അഖില്‍ മാരാര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!