ഡീഗ്രേഡിംഗിനെ മറികടന്നോ 'കൊത്ത'? റിലീസ് ദിനത്തില്‍ നേടിയത്

By Web Team  |  First Published Aug 25, 2023, 12:13 PM IST

റിലീസ് ദിനത്തില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം ഹൌസ് ഫുള്‍ ഷോകളാണ് ചിത്രത്തിന് ലഭിച്ചത്


മലയാളത്തില്‍ സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പ് നേടിയ ചിത്രമായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കിംഗ് ഓഫ് കൊത്ത. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയുടെ സംവിധാന അരങ്ങേറ്റമായിരുന്നു. ഈ വര്‍ഷത്തെ ഓണം റിലീസുകളില്‍ ആദ്യമെത്തിയ ചിത്രവുമായിരുന്നു ഇത്. എന്നാല്‍ ആദ്യ പ്രദര്‍ശനങ്ങള്‍ക്കിപ്പുറം ചിത്രത്തിനെതിരെ വ്യാപകമായ രീതിയില്‍ ഡീഗ്രേഡിംഗ് നടന്നതായി അണിയറക്കാര്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യ ദിന കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തുകയാണ്. ചിത്രത്തിന്‍റെ റിലീസ് ദിന കളക്ഷനെ ഡീഗ്രേഡിംഗ് ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 

റിലീസ് ദിനത്തില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം ഹൌസ് ഫുള്‍ ഷോകളാണ് ചിത്രത്തിന് ലഭിച്ചത്. പ്രേക്ഷകരുടെ അഭ്യര്‍ഥന മാനിച്ച് നിരവധി സെന്‍ററുകളില്‍ അര്‍ധരാത്രി സ്പെഷല്‍ ഷോകളും നടത്തി. കേരളത്തില്‍ മാത്രം ആദ്യദിനം ചിത്രം ആറ് കോടിയിലധികം നേടിയതായാണ് റിപ്പോര്‍ട്ടുകള്‍. കൊച്ചി മള്‍ട്ടിപ്ലെക്സുകളില്‍ ചിത്രം റെക്കോര്‍ഡും നേടിയിട്ടുണ്ട്. കബാലിയെ മറികടന്ന് കൊച്ചി മള്‍ട്ടിപ്ലെക്സുകളില്‍ നിന്ന് റിലീസ് ദിനത്തില്‍ ഏറ്റവുമധികം കളക്ഷന്‍ നേടുന്ന ചിത്രമായി മാറിയിരിക്കുകയാണ് കിംഗ് ഓഫ് കൊത്ത. കബാലിയുടെ 30.21 ലക്ഷത്തെ മറികടന്ന് 32 ലക്ഷമാണ് ചിത്രം നേടിയത്. രണ്ടാം ദിനമായ വെള്ളിയാഴ്ചയും ചിത്രത്തിന് മികച്ച ബുക്കിംഗ് ലഭിക്കുന്നുണ്ട്. 

Latest Videos

രണ്ടു കാലഘട്ടങ്ങളിലെ കഥ പറയുന്ന ചിത്രം കുടുംബ ബന്ധങ്ങളിലൂടെ, സൗഹൃദത്തിന്റെ ആഴങ്ങളിലൂടെ കൊത്ത എന്ന ഗ്രാമത്തിന്റെ കഥയാണ്  പറയുന്നത്. വേറിട്ട രണ്ട് ഗെറ്റപ്പുകളിൽ എത്തുന്ന ദുൽഖർ സൽമാന്റെ രാജു എന്ന കഥാപാത്രം കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിക്കഴിഞ്ഞു. ബിഗ് ബജറ്റില്‍, വലിയ കാന്‍വാസില്‍ പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്ന ചിത്രം സീ സ്റ്റുഡിയോസും ദുൽഖറിന്റെ വേഫെറർ ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ദുൽഖറിനോടൊപ്പം ഐശ്വര്യ ലക്ഷ്മി, ഷബീർ കല്ലറയ്ക്കല്‍, പ്രസന്ന, ഗോകുൽ സുരേഷ് , ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. ഛായാഗ്രഹണം നിമീഷ് രവി, ജേക്സ്‌ ബിജോയ്, ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു. സംഘട്ടനം രാജശേഖർ, തിരക്കഥ അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ നിമേഷ് താനൂർ, എഡിറ്റർ ശ്യാം ശശിധരൻ, കൊറിയോഗ്രഫി ഷെറീഫ്, വി എഫ് എക്സ് എഗ്ഗ് വൈറ്റ്, മേക്കപ്പ് റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം പ്രവീൺ വർമ്മ, സ്റ്റിൽ ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, മ്യൂസിക് സോണി മ്യൂസിക്, പി ആർ ഒ പ്രതീഷ് ശേഖർ.

ALSO READ : 'ഈട് നല്‍കിയത് വീട്, 56 സെന്‍റ് സ്ഥലം'; 'മേപ്പടിയാന്' പിന്നിലുള്ള പരിശ്രമങ്ങളെക്കുറിച്ച് ഉണ്ണി മുകുന്ദന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!