മൂന്നാഴ്ച കൊണ്ട് 'കണ്ണൂര്‍ സ്ക്വാഡ്' നേടിയ യഥാര്‍ഥ കളക്ഷന്‍ എത്ര? കണക്ക് പുറത്തുവിട്ട് മമ്മൂട്ടി കമ്പനി

By Web Team  |  First Published Oct 16, 2023, 11:09 PM IST

നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രം


മലയാളത്തില്‍ നിന്നുള്ള ഈ വര്‍ഷത്തെ ഹിറ്റുകളുടെ ലിസ്റ്റില്‍ നിന്ന് എക്കാലത്തെയും വിജയങ്ങളുടെ പട്ടികയിലേക്ക് എത്തിയിരിക്കുകയാണ് കണ്ണൂര്‍ സ്ക്വാഡ്. മൂന്ന് വാരം പിന്നിടാന്‍ ഒരുങ്ങുമ്പോള്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം സ്വന്തമാക്കിയ നേട്ടം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ എക്സില്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ നിര്‍മ്മാതാക്കളായ മമ്മൂട്ടി കമ്പനി കണക്കുകള്‍ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ്.

നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളിലെത്തിയത് സെപ്റ്റംബര്‍ 28 ന് ആയിരുന്നു. ആദ്യ ഷോകളോടുകൂടിത്തന്നെ പ്രേക്ഷകരില്‍ നിന്ന് വലിയ തോതില്‍ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി നേടിയ ചിത്രം ആദ്യ വാരാന്ത്യം മാത്രമല്ല, തുടര്‍ന്നുള്ള രണ്ടാഴ്ചകളും ബോക്സ് ഓഫീസില്‍ തരംഗം തീര്‍ത്തു. സമീപകാലത്ത് പരീക്ഷണാത്മക ചിത്രങ്ങളിലൂടെ നിരന്തരം അത്ഭുതപ്പെടുത്തുന്ന മമ്മൂട്ടിയുടെ ഏറ്റവും ജനകീയ വിജയവും കണ്ണൂര്‍ സ്ക്വാഡ് ആണ്. ചിത്രം മൂന്ന് വാരം പിന്നിടാനൊരുങ്ങുമ്പോള്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഇതുവരെ നേടിയത് 75 കോടി ആണെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നത്. 

Latest Videos

 

ഇതോടെ എക്കാലത്തെയും മലയാള സിനിമകളുടെ വിജയ പട്ടികയില്‍ ഏഴാം സ്ഥാനത്ത് എത്തിയിട്ടുണ്ട് ചിത്രം. കരിയറില്‍ നിരവധി പൊലീസ് വേഷങ്ങളില്‍ കൈയടി നേടിയിട്ടുള്ള മമ്മൂട്ടിയുടെ ഏറെ പ്രത്യേകതകളുള്ള പൊലീസ് വേഷമാണ് കണ്ണൂര്‍ സ്ക്വാഡിലെ എഎസ്ഐ ജോര്‍ജ് മാര്‍ട്ടിന്‍. കാസര്‍​ഗോഡ് നടക്കുന്ന ഒരു നിഷ്ഠൂരമായ കുറ്റകൃത്യം നടത്തിയ പ്രതികളെ പിടിക്കാന്‍ ജോര്‍ജിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഉത്തരേന്ത്യയില്‍ നടത്തുന്ന അന്വേഷണമാണ് ചിത്രത്തിന്‍റെ പ്ലോട്ട്. മുന്‍പ് ഛായാഗ്രാഹകന്‍ എന്ന നിലയില്‍ മമ്മൂട്ടി നായകനായതുള്‍പ്പെടെയുള്ള ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് റോബി വര്‍ഗീസ് രാജ്. സംവിധായകനായുള്ള അരങ്ങേറ്റം സാങ്കേതിക മികവ് കൊണ്ടും ശ്രദ്ധേയമാണ്. 

ALSO READ : ബജറ്റ് 1.5 കോടി; പഴയ 'വിക്രം' സാമ്പത്തിക വിജയമോ? അന്ന് നേടിയ കളക്ഷന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!