39 ദിനങ്ങള്‍; 'കല്‍ക്കി' കേരളത്തില്‍ നിന്ന് എത്ര നേടി? കണക്കുകള്‍

By Web Team  |  First Published Aug 5, 2024, 9:00 PM IST

ജൂണ്‍ 17 ന് തിയറ്ററുകളിലെത്തിയ ചിത്രം


ഇന്ത്യന്‍ സിനിമയില്‍ സമീപ വര്‍ഷങ്ങളിലെതന്നെ ഏറ്റവും വലിയ മള്‍ട്ടിസ്റ്റാര്‍ ചിത്രമായിരുന്നു തെലുങ്കില്‍ നിന്നുള്ള പാന്‍ ഇന്ത്യന്‍ ചിത്രം കല്‍ക്കി 2898 എഡി. വമ്പന്‍ പ്രീ റിലീസ് ഹൈപ്പിലെത്തി ആദ്യദിനം തന്നെ നെഗറ്റീവ് അഭിപ്രായം നേടുന്ന ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായിരുന്നു ഈ ചിത്രം. ഇന്ത്യന്‍ ബിഗ് സ്ക്രീനില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തരം കാഴ്ചയെന്ന് പ്രേക്ഷകാഭിപ്രായം വന്നതോടെ കളക്ഷനിലും ചിത്രം കുതിച്ചു. കേരളത്തിലും മികച്ച പ്രതികരണമാണ് ചിത്രം നേടിയത്. ഇപ്പോഴിതാ കേരളമടക്കമുള്ള വിവിധ മാര്‍ക്കറ്റുകളിലെ കളക്ഷന്‍ പ്രത്യേകം ചൂണ്ടിക്കാട്ടുന്ന ഒരു ബോക്സ് ഓഫീസ് റിപ്പോര്‍ട്ട് പുറത്തെത്തിയിരിക്കുകയാണ്.

പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സിനിട്രാക്ക് ആണ് ഈ ലിസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്. ജൂണ്‍ 17 ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്. ഇന്നലെ വരെയുള്ള (ഓഗസ്റ്റ് 4) 39 ദിനങ്ങളില്‍ നിന്നായി കേരളത്തില്‍ നിന്ന് ഈ ചിത്രം 31.5 കോടി നേടിയെന്നാണ് സിനിട്രാക്കിന്‍റെ കണക്ക്. തമിഴ്നാട്ടില്‍ നിന്ന് 42,5 കോടിയും കര്‍ണാടകത്തില്‍ നിന്ന് ചിത്രം 70 കോടിയും നേടിയതായി സിനിട്രാക്ക് അറിയിക്കുന്നു.

Latest Videos

undefined

അതേസമയം ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 1000 കോടി ക്ലബ്ബില്‍ എത്തിയതായി നിര്‍മ്മാതാക്കളായ വൈജയന്തി മൂവീസ് ജൂലൈ 13 ന് പ്രഖ്യാപിച്ചിരുന്നു. സയന്‍സ് ഫിക്ഷന്‍ ഫാന്റസി വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് കല്‍ക്കി 2898 എഡി. വൈജയന്തി മൂവീസിന്‍റെ ബാനറില്‍ സി അശ്വനി ദത്ത്, സ്വപ്ന ദത്ത്, പ്രിയങ്ക ദത്ത് എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വിലയുള്ള താരങ്ങളില്‍ ഒരാളായ പ്രഭാസ് നായകനാവുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുകോണ്‍, ദിഷ പഠാനി, ശാശ്വത ചാറ്റര്‍ജി, ബ്രഹ്മാനന്ദം, രാജേന്ദ്ര പ്രസാദ്, ശോഭന, പശുപതി, അന്ന ബെന്‍ തുടങ്ങി വന്‍ താരനിര അണിനിരന്ന ചിത്രമാണിത്. ദുല്‍ഖര്‍ സല്‍മാന്‍ അടക്കമുള്ളവര്‍ അതിഥി താരങ്ങളായും എത്തുന്നുണ്ട്.

ALSO READ : നിര്‍മ്മാണം ടൊവിനോ, ബേസില്‍ നായകന്‍; 'മരണമാസ്' ആരംഭിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!