'മഞ്ഞുമ്മൽ' നേടിയതിന്‍റെ എട്ടിൽ ഒന്ന്! തമിഴ്നാട്ടിൽ കാണാനാളില്ലാതെ തമിഴ് സിനിമ, ജോഷ്വയും പോരും ഒരാഴ്ച നേടിയത്

By Web Team  |  First Published Mar 8, 2024, 3:24 PM IST

ആദ്യവാരം മഞ്ഞുമ്മല്‍ ബോയ്സിന് തമിഴ്നാട്ടില്‍ സ്ക്രീന്‍ കുറവായിരുന്നു. 


തമിഴ്നാട്ടില്‍ ഒരു മലയാള സിനിമ നേടുന്ന ഏറ്റവും വലിയ ജനപ്രീതിയാണ് മഞ്ഞുമ്മല്‍ ബോയ്സ് നേടുന്നത്. മുന്‍പ് പ്രേമവും ബാംഗ്ലൂര്‍ ഡേയ്സും ഹൃദയവുമൊക്കെ തമിഴ്നാട്ടില്‍ ജനപ്രീതി നേടിയിട്ടുണ്ടെങ്കിലും മഞ്ഞുമ്മലിന് ലഭിക്കുന്ന ജനപ്രീതിയുമായി താരതമ്യം സാധ്യമല്ല. കഴിഞ്ഞ വാരം തമിഴ്നാട്ടില്‍ തമിഴ് ചിത്രങ്ങളേക്കാള്‍ കളക്ഷന്‍ നേടിയത് മഞ്ഞുമ്മല്‍ ബോയ്സ് ആണ്. അതും യാതൊരുവിധ താരതമ്യവും സാധ്യമല്ലാത്ത തരത്തില്‍. ഇപ്പോഴിതാ അതിന്‍റെ കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്. 

22 ന് ആയിരുന്നു റിലീസ് എങ്കിലും ആദ്യവാരം മഞ്ഞുമ്മല്‍ ബോയ്സിന് തമിഴ്നാട്ടില്‍ സ്ക്രീന്‍ കുറവായിരുന്നു. 51 തിയറ്ററുകളില്‍ മാത്രമാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്. എന്നാല്‍ റിലീസ് ചെയ്യപ്പെട്ട തിയറ്ററുകളില്‍ മികച്ച ബോക്സ് ഓഫീസ് പ്രകടനം കാഴ്ച വച്ചതോടെ മാര്‍ച്ച് 1 ന് ആരംഭിച്ച രണ്ടാം വാരം തമിഴ്നാട്ടിലെ തിയറ്ററുകളുടെ എണ്ണം നാലിരട്ടിയിലേറെ വര്‍ധിച്ചു. മാര്‍ച്ച് 1 ന് എത്തിയ തമിഴ് റിലീസുകളില്‍ രണ്ട് പ്രധാന ചിത്രങ്ങളും ഉണ്ടായിരുന്നു. വരുണിനെ നായകനാക്കി ഗൗതം വസുദേവ് മേനോന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ജോഷ്വ: ഇമൈ പോല്‍ കാക്ക, അര്‍ജുന്‍ ദാസ്, കാളിദാസ് ജയറാം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത പോര്‍ എന്നിവയായിരുന്നു അത്.

Latest Videos

എന്നാല്‍ മഞ്ഞുമ്മല്‍ തിയറ്ററുകളില്‍ തരംഗം തീര്‍ത്ത് മുന്നോട്ടുപോയപ്പോള്‍ തമിഴ് ചിത്രങ്ങള്‍ കാണാന്‍ പ്രേക്ഷകരൊന്നും കാര്യമായി എത്തിയില്ല. രണ്ടാം വാരം മഞ്ഞുമ്മല്‍ ബോയ്സ് തമിഴ്നാട്ടില്‍ നിന്ന് നേടിയത് 18 കോടിയാണെങ്കില്‍ റിലീസ് വാരം ജോഷ്വ നേടിയത് 2.24 കോടി മാത്രമാണ്! പോര്‍ വെറും 76 ലക്ഷവും. ഒരാഴ്ചത്തെ കളക്ഷനാണ് ഇതെന്ന് ഓര്‍ക്കണം. കഴിഞ്ഞ ഞായറാഴ്ച മാത്രം മഞ്ഞുമ്മല്‍ ബോയ്സ് തമിഴ്നാട്ടില്‍ നിന്ന് 4 കോടിയിലേറെ നേടിയിരുന്നു. ഈ വാരാന്ത്യത്തിലും തമിഴ്നാട്ടില്‍ ചിത്രം വന്‍ കളക്ഷന്‍ നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അവിടെ കൂടുതല്‍ തിയറ്ററുകളിലേക്കും ഈ വാരാന്ത്യം ചിത്രം എത്തുന്നുണ്ട്.

ALSO READ : അന്ന് 'ജയിലറി'ലെ മാത്യു, ഇന്ന്...; വീണ്ടും ചെന്നൈയില്‍ ഷൂട്ട് ചെയ്യാന്‍ മോഹന്‍ലാല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!