ആദ്യ വാരം ശരിക്കും എത്ര നേടി? ഒഫിഷ്യല്‍ കളക്ഷന്‍ പ്രഖ്യാപിച്ച് ജയിലര്‍, ഒഎംജി 2, ഗദര്‍ 2 നിര്‍മ്മാതാക്കള്‍

By Web Team  |  First Published Aug 18, 2023, 12:50 PM IST

തങ്ങളുടെ ചിത്രങ്ങളുടെ കളക്ഷന്‍ അറിയിച്ച് സണ്‍ പിക്ചേഴ്സ്, വയാകോം 18 സ്റ്റുഡിയോസ്, സീ സ്റ്റുഡിയോസ്


ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കളക്ഷന്‍ വന്ന വാരാന്ത്യമാണ് ഇക്കഴിഞ്ഞത്. തെന്നിന്ത്യയിലും ഉത്തരേന്ത്യയിലും ഒരേ സമയം രണ്ട് വന്‍ ഹിറ്റുകള്‍ സംഭവിച്ചതാണ് അതിന് വഴിവച്ചത്. തെന്നിന്ത്യയില്‍ രജനികാന്തിന്‍റെ തമിഴ് ചിത്രം ജയിലറും ഉത്തരേന്ത്യയില്‍ സണ്ണി ഡിയോള്‍ നായകനായ ഹിന്ദി ചിത്രം ഗദര്‍ 2 ഉും ആണ് ആളെക്കൂട്ടിയത്. ഒപ്പം ബോളിവുഡ് ചിത്രം, അക്ഷയ് കുമാര്‍ നായകനായ ഒഎംജി 2, ചിരഞ്ജീവിയുടെ തെലുങ്ക് ചിത്രം ഭോലാ ശങ്കര്‍ എന്നിവയുടെ സാന്നിധ്യവും വാരാന്ത്യ കളക്ഷനെ സ്വാധീനിച്ച ഘടകങ്ങളാണ്. മള്‍ട്ടിപ്ലെക്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും പ്രൊഡ്യൂസേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യയും ചേര്‍ന്ന് അറിയിച്ചത് പ്രകാരം ഇക്കഴിഞ്ഞ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായി രാജ്യത്തെ സിനിമാ തിയറ്ററുകള്‍ നേടിയ കളക്ഷന്‍ 390 കോടിക്ക് മുകളില്‍ ആണ്. ഇപ്പോഴിതാ ഇതില്‍ മൂന്ന് ചിത്രങ്ങളുടെയും ആദ്യ വാര കളക്ഷന്‍ പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.

ജയിലര്‍, ഒഎംജി 2, ഗദര്‍ 2 എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ്, വയാകോം 18 സ്റ്റുഡിയോസ്, സീ സ്റ്റുഡിയോസ് എന്നിവരാണ് തങ്ങളുടെ സിനിമകള്‍ ആദ്യ വാരത്തില്‍ ബോക്സ് ഓഫീസില്‍ നേടിയ കളക്ഷന്‍ എത്രയെന്ന് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ജയിലര്‍ ആദ്യ വാരം നേടിയത് 375.40 കോടിയാണെന്നാണ് സണ്‍ പിക്ചേഴ്സ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇത് അന്തിമമല്ലെന്നും ട്രാക്കിംഗ് പൂര്‍ത്തിയായിട്ടില്ലെന്നും അവര്‍ അറിയിച്ചിരുന്നു. അതിനാല്‍ ചിത്രത്തിന്‍റെ ആദ്യ വാര കണക്കുകളില്‍ ഇനിയും വര്‍ധനവ് ഉണ്ടാവാന്‍ സാധ്യതയുണ്ട്.

Latest Videos

ഉത്തരേന്ത്യയിലെ വലിയ ഹിറ്റ് ആയ ഗദര്‍ 2 ആദ്യ ആഴ്ച കൊണ്ട് നേടിയിരിക്കുന്നത് 284.63 കോടിയാണ്. ഉത്തരേന്ത്യയിലെ സിംഗിള്‍ സ്ക്രീന്‍ തിയറ്ററുകള്‍ ജനസമുദ്രമാക്കുകയാണ് ദിവസങ്ങളായി ഈ ചിത്രം. രണ്ടാം വാരത്തിലേക്ക് പ്രവേശിക്കുമ്പോഴും പ്രേക്ഷകാവേശത്തില്‍ മാറ്റമൊന്നുമില്ല. അക്ഷയ് കുമാറിന്‍റെ ഒഎംജി 2 മള്‍ട്ടിപ്ലെക്സുകളില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. ചിത്രം ആദ്യ വാരം തിയറ്ററുകളില്‍ നിന്ന് നേടിയിരിക്കുന്നത് 85.05 കോടിയാണെന്ന് വയാകോം 18 സ്റ്റുഡിയോസ് അറിയിച്ചിരിക്കുന്നു.

ALSO READ : ആരാണ് 'മാത്യു', എന്താണ് അയാളുടെ ഭൂതകാലം? നെല്‍സണ്‍ പറഞ്ഞ കഥയെക്കുറിച്ച് 'ജയിലര്‍' ക്യാമറാമാന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!