ടിക്കറ്റിന് വൻ ക്ഷാമം, 10 വർഷത്തിന് ശേഷം എത്തിയപ്പോഴും ബോക്സ് ഓഫീസ് കിംഗ്! 'ഇന്‍റർസ്റ്റെല്ലാർ' ഇതുവരെ നേടിയത്

പ്രധാനമായും ഐമാക്സ് സ്ക്രീനുകള്‍ കേന്ദ്രീകരിച്ചാണ് ഇന്‍റര്‍സ്റ്റെല്ലാറിന്‍റെ പുതിയ റീ റിലീസ്


റീ റിലീസുകള്‍ ഇന്ത്യന്‍ സിനിമയില്‍ ഇത്രയും ട്രെന്‍ഡ് ആയത് സമീപ വര്‍ഷങ്ങളിലാണ്. എന്നാല്‍ ഹോളിവുഡില്‍ ഏറെക്കാലം മുന്‍പേ റീ റിലീസ് പ്രചാരത്തിലുണ്ട്. ഇപ്പോഴിതാ ഇന്ത്യന്‍ റീ റിലീസില്‍ ഒരു ഹോളിവുഡ് ചിത്രം തരംഗം സൃഷ്ടിക്കുകയാണ്. ക്രിസ്റ്റഫര്‍ നോളന്‍റെ സംവിധാനത്തില്‍ 2014 ല്‍ പുറത്തെത്തിയ എപിക് സയന്‍സ് ഫിക്ഷന്‍ ചിത്രം ഇന്‍റര്‍സ്റ്റെല്ലാര്‍ ആണ് രണ്ടാം വരവില്‍ തിയറ്റര്‍ നിറച്ച് പ്രേക്ഷകരെ എത്തിച്ചുകൊണ്ടിരിക്കുന്നത്.

പ്രധാനമായും ഐമാക്സ് സ്ക്രീനുകള്‍ കേന്ദ്രീകരിച്ചാണ് ഇന്‍റര്‍സ്റ്റെല്ലാറിന്‍റെ പുതിയ റീ റിലീസ്. ഒപ്പം 4ഡിഎക്സ് സ്ക്രീനുകളിലും ചിത്രമുണ്ട്. എന്നാല്‍ റീ റിലീസ് പ്രദര്‍ശനങ്ങള്‍ ആരംഭിക്കുന്നത് ഏറെ മുന്‍പ് തന്നെ ആരംഭിച്ച അഡ്വാന്‍സ് ബുക്കിംഗില്‍ ഒട്ടുമിക്ക ഷോകളും ഫില്‍ ആയിരുന്നു. വലിയ ഡിമാന്‍ഡ് കാരണം സാധാരണ 2 ഡി പതിപ്പും തിയറ്ററുകാര്‍ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ചിത്രത്തിന്‍റെ ആ​ഗോള റീ റിലീസ് നേരത്തെ നടന്നിരുന്നു. എന്നാല്‍ പുഷ്പ 2 എത്തുന്ന സമയമായതിനാല്‍ ഇന്ത്യന്‍ റീ റിലീസ് വൈകുകയായിരുന്നു. 

Latest Videos

ഈ വെള്ളിയാഴ്ചയാണ് (7) ചിത്രം ഇന്ത്യയില്‍ റീ റിലീസ് ചെയ്യപ്പെട്ടത്. ആദ്യ ദിനം മുതല്‍ ബോക്സ് ഓഫീസില്‍ വന്‍ പ്രതികരണമാണ് ഈ ലിമിറ്റഡ് റീ റിലീസിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പിങ്ക് വില്ലയുടെ കണക്ക് പ്രകാരം ആദ്യ ദിനം ചിത്രം നേടിയത് 2.70 കോടിയാണ്. ശനിയാഴ്ച അത് 3.80 കോടിയായും ഞായറാഴ്ച അത് 4 കോടിയായും ഉയര്‍ന്നെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ വെറും മൂന്ന് ദിവസം കൊണ്ട് 10.50 കോടിയാണ് ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയിരിക്കുന്നത്. ഒരാഴ്ച മാത്രം നീളുന്ന ലിമിറ്റഡ് റീ റിലീസ് ആയതിനാല്‍ പ്രവര്‍ത്തി ദിനങ്ങളിലെ ടിക്കറ്റുകളില്‍ വലിയൊരു ശതമാനവും ഇതിനകം വിറ്റുപോയിട്ടുണ്ട്. ഇന്ത്യന്‍ റീ റിലീസില്‍ (2023) 20 കോടി നേടിയ ടൈറ്റാനിക്കിനെ ചിത്രം പിന്നിലാക്കുമെന്നാണ് ട്രാക്കര്‍മാരുടെ വിലയിരുത്തല്‍. 

ALSO READ : നായകന്‍ ശ്രീനാഥ് ഭാസി; 'പൊങ്കാല' ഫൈനല്‍ ഷെഡ്യൂളിലേക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!