ഇന്‍വെസ്റ്റിഗേഷന്‍ ആക്ഷന്‍ പശ്ചാത്തലത്തില്‍ എത്തിയ ചിത്രം
പുതുവര്‍ഷത്തില്‍ മലയാളത്തിലെ ആദ്യ റിലീസ് ആയി എത്തിയ ചിത്രമാണ് ടൊവിനോ തോമസ് നായകനായ ഐഡന്‍റിറ്റി. അഖില്‍ പോളും അനസ് ഖാനും ചേര്‍ന്ന് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഇന്‍വെസ്റ്റിഗേഷന്‍ ആക്ഷന്‍ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രമാണ്. തൃഷയാണ് ചിത്രത്തിലെ നായിക. വിനയ് റായ് മറ്റൊരു പ്രധാന കഥാപാത്രമായി എത്തിയിരിക്കുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഏറ്റവും പുതിയ ബോക്സ് ഓഫീസ് കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.
രണ്ടാം ദിനമായ വെള്ളിയാഴ്ച ചിത്രം നേടിയത് 1.35 കോടിയാണെന്ന് പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ ചിത്രത്തിന്‍റെ രണ്ട് ദിവസത്തെ കളക്ഷന്‍ 3.15 കോടിയില്‍ എത്തിയിട്ടുണ്ട്. ശനി, ഞായര്‍ ദിനങ്ങളില്‍ ചിത്രം കൂടുതല്‍ നേട്ടമുണ്ടാക്കുമെന്നാണ് ട്രാക്കര്‍മാരുടെ പ്രതീക്ഷ. വ്യാഴാഴ്ച തിയറ്ററുകളിലെത്തിയ ചിത്രത്തിന് പ്രേക്ഷകരില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്.
തൃഷയും ടൊവിനോയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. മന്ദിര ബേദി, അർച്ചന കവി, അജു വർഗീസ്, ഷമ്മി തിലകൻ, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. അഖിൽ ജോർജാണ് ഛായാഗ്രാഹകൻ. സംഗീതവും പശ്ചാത്തല സംഗീതവും ജേക്സ് ബിജോയിയുടേതാണ്. ഐഡന്റിറ്റിയുടെ ഓൾ ഇന്ത്യ വിതരണാവകാശം റെക്കോർഡ് തുകക്ക് ശ്രീ ഗോകുലം മൂവീസാണ് സ്വന്തമാക്കിയത്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ശ്രീ ഗോകുലം മൂവിസീനു വേണ്ടി ഡ്രീം ബിഗ് ഫിലിംസ് ആണ് തിയറ്ററുകളില്‍ എത്തിച്ചിരിക്കുന്നത്. ജി സി സി വിതരണാവകാശം ഫാഴ്സ് ഫിലിംസാണ് കരസ്ഥമാക്കിയത്. ചിത്രത്തിന്റെ തിരക്കഥ സംവിധായകരായ അഖിൽ പോളും അനസ് ഖാനും തന്നെയാണ് തയ്യാറാക്കിയത്. രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്തും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ. റോയ് സി ജെയും ചേർന്നാണ് നിർമ്മാണം.
ALSO READ : 'മാളികപ്പുറം' ടീം വീണ്ടും, ഇക്കുറി വേറിട്ട വഴിയേ; 'സുമതി വളവ്' ഫസ്റ്റ് ലുക്ക്