ജനുവരി 21ന് തിയറ്ററുകളിലെത്തിയ ചിത്രം
കൊവിഡ് മൂന്നാംതരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ മിക്ക ഭാഷകളിലെയും വന്‍ ചിത്രങ്ങള്‍ റിലീസ് മാറ്റിവച്ച സമയത്താണ് ഹൃദയം (Hridayam) തിയറ്ററുകളിലെത്തുന്നത്. വിനീത് ശ്രീനിവാസന്‍റെ (Vineeth Sreenivasan) സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാല്‍ (Pranav Mohanlal) എത്തുന്ന ചിത്രം എന്ന നിലയില്‍ സമീപകാലത്ത് വലിയ പ്രീ-റിലീസ് ഹൈപ്പ് ലഭിച്ച ചിത്രം കൂടിയായിരുന്നു ഇത്. ബിഗ് റിലീസുകള്‍ ഒന്നിനുപിന്നാലെ ഒന്നെന്ന നിലയില്‍ മാറ്റിവച്ചപ്പോഴും റിലീസ് തീയതിയില്‍ വ്യത്യാസം വരുത്താതെയാണ് നിര്‍മ്മാതാക്കള്‍ ചിത്രം തിയറ്ററുകളിലെത്തിച്ചത്. ജനുവരി 21നായിരുന്നു ചിത്രത്തിന്‍റെ റിലീസ്. കുറുപ്പിനും മരക്കാറിനും ശേഷം സമീപകാലത്ത് മികച്ച ഇനിഷ്യല്‍ സൃഷ്‍ടിച്ച ചിത്രമായി ഹൃദയം. കേരളത്തിലെ മിക്ക റിലീസ് സെന്‍ററുകളിലും ഹൗസ്‍ഫുള്‍ ഷോകളോടെയാണ് പ്രേക്ഷകര്‍ ചിത്രത്തെ വരവേറ്റത്. മൂന്നാംതരംഗം മൂര്‍ധന്യത്തിലെത്തിയ സമയത്ത് 'സി കാറ്റഗറി'യായി പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ തിയറ്റര്‍ അടച്ചതിനാല്‍ ചില്ലറ വെല്ലുവിളി നേരിട്ടെങ്കിലും ചിത്രം സാമ്പത്തികവിജയം നേടി. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 50 കോടി ക്ലബ്ബിലേക്ക് കടക്കുകയാണ് ചിത്രം.
ചിത്രം ഇന്ത്യയില്‍ നിന്ന് ഇതുവരെ നേടിയ ഗ്രോസ് കളക്ഷന്‍ 28.70 കോടിയാണെന്ന് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ 24 കോടിക്കുമേല്‍ കേരളത്തില്‍ നിന്നുള്ള കളക്ഷനാണ്. ആഗോള ബോക്സ് ഓഫീസില്‍ ചിത്രം 50 കോടി കടക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ട്വിറ്ററില്‍ പ്രമുഖരായ പല ട്രേഡ് അനലിസ്റ്റുകളും ഹൃദയത്തിന്‍റെ 50 കോടി നേട്ടം ട്വീറ്റ് ചെയ്‍തിട്ടുണ്ട്. പ്രണവിന്‍റെ ആദ്യ 50 കോടി ചിത്രമാണിത്. കഴിഞ്ഞ വാരം തന്നെ ഹൃദയം പ്രണവിന്‍റെ കരിയറില്‍ ഏറ്റവുമധികം കളക്ട് ചെയ്യപ്പെട്ട ചിത്രമായി മാറിയിരുന്നു. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ ആദ്യവാരം ചിത്രം നേടിയത് 16.30 കോടിയായിരുന്നു. രണ്ടാംവാരം 6.70 കോടിയും മൂന്നാംവാരം 4.70 കോടിയും നേടി. കേരളത്തിനു പുറത്ത് ചെന്നൈ, ബംഗളൂരു പോലെയുള്ള നഗരങ്ങളില്‍ മികച്ച പ്രതികരണമാണ് ചിത്രം നേടിയത്. യുഎസ്, കാനഡ, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ തുടങ്ങിയ വിദേശ മാര്‍ക്കറ്റുകളിലും മികച്ച നേട്ടമാണ് ചിത്രം ഉണ്ടാക്കിയത്.
അതേസമയം ചിത്രത്തിന്‍റെ ഒടിടി റിലീസ് തീയതി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഫെബ്രുവരി 18നാണ് ചിത്രം എത്തുക. തിയറ്റര്‍ റിലീസിന്‍റെ 25-ാം ദിനത്തിലാണ് ഒടിടി റിലീസ്. ഒടിടിയില്‍ എത്തുന്നതോടെ ചിത്രം പതിയെ തിയറ്ററുകള്‍ വിടാനാണ് സാധ്യത. ഇന്ത്യന്‍ ബോക്സ് ഓഫീസിലെ ചിത്രത്തിന്‍റെ അവസാന കളക്ഷന്‍ 30 കോടിയ്ക്ക് അടുത്തായിരിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.