മാര്‍ച്ച് 27 നാണ് എമ്പുരാന്‍ എത്തിയത്
മലയാളത്തിലെ വിഷു റിലീസുകള്‍ നാളെ പ്രദര്‍ശനം ആരംഭിക്കുകയാണ്. ഒപ്പം മറുഭാഷകളിലെ ഫെസ്റ്റിവല്‍ റിലീസുകളും എത്തുന്നുണ്ട്. മലയാളത്തില്‍ നിന്ന് മമ്മൂട്ടിയുടെ ബസൂക്ക, നസ്‍ലെന്‍ നായകനാവുന്ന ആലപ്പുഴ ജിംഖാന, ബേസില്‍ ജോസഫിന്‍റെ മരണമാസ്സ് എന്നിവയാണ് വിഷു റിലീസുകള്‍. നാളെയാണ് മൂന്ന് ചിത്രങ്ങളുടെയും റിലീസ്. ഇതേ ദിവസം തന്നെ അജിത്ത് കുമാര്‍ നായകനാവുന്ന തമിഴ് ചിത്രം ഗുഡ് ബാഡ് അഗ്ലി, സണ്ണി ഡിയോള്‍ നായകനാവുന്ന ഹിന്ദി ചിത്രം ജാഠ് എന്നിവയും എത്തുന്നുണ്ട്. മലയാളത്തിലെ പുതിയ ഇന്‍ഡസ്ട്രി ഹിറ്റ് ആയി മാറിയ മോഹന്‍ലാല്‍ ചിത്രം എമ്പുരാനെ സംബന്ധിച്ച് സീസണിലെ ഫ്രീ റണ്‍ ലഭിക്കുന്ന അവസാന ദിവസമാണ് ഇന്ന്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലും കേരളത്തില്‍ ചിത്രം നേടിയത് ഒരു കോടിയിലേറെയാണ്. ഇന്ന് ഉച്ച തിരിഞ്ഞ് 2.30 വരെയുള്ള കണക്കുകളില്‍ ചിത്രം കേരളത്തില്‍ 50 ലക്ഷം പിന്നിട്ടു എന്നാണ് ട്രാക്കര്‍മാര്‍ അറിയിക്കുന്നത്. അതേസമയം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 250 കോടി പിന്നിട്ട ചിത്രം കേരള ബോക്സ് ഓഫീസില്‍ 80 കോടി പിന്നിടുന്ന മൂന്നാമത്തെ ചിത്രമായും മാറിയിരുന്നു. ഇന്നലെ പുറത്തെത്തിയ കണക്കുകള്‍ പ്രകാരം ചിത്രത്തിന്‍റെ കേരളത്തിലെ ഷെയര്‍ മാത്രം 36 കോടി വരും.
പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ചിത്രം ഇതുവരെ നേടിയ ആഗോള കളക്ഷന്‍ 257 കോടിയാണ്. ഇന്ത്യയില്‍ നിന്നുള്ള ഗ്രോസ് 116.8 കോടിയും വിദേശ ഗ്രോസ് 140.2 കോടിയും. വിഷു റിലീസുകള്‍ എത്തുന്നതോടെ ചിത്രത്തിന്‍റെ കളക്ഷനില്‍ കാര്യമായ ഡ്രോപ്പ് ഉണ്ടാവുമെങ്കിലും ചിത്രത്തിന് പ്രേക്ഷകര്‍ ഉണ്ടായിരിക്കുമെന്ന് തന്നെയാണ് തിയറ്റര്‍ ഉടമകളുടെ പ്രതീക്ഷ. വിഷു റിലീസുകള്‍ക്ക് ലഭിക്കുന്ന പ്രേക്ഷകാഭിപ്രായങ്ങളും ബോക്സ് ഓഫീസില്‍ എമ്പുരാന്‍റെ മുന്നോട്ടുപോക്കിനെ കാര്യമായി സ്വാധീനിക്കും.
ALSO READ : ഒരു കേക്ക് പറഞ്ഞ കഥ; 'കേക്ക് സ്റ്റോറി' ട്രെയ്‍ലര്‍ എത്തി