'ഒഎംജി 2'നെ മലർത്തിയടിച്ച് 'ഗദര്‍ 2'; ബി ടൗൺ ബോക്സ് ഓഫീസിൽ സണ്ണി ഡിയോളിന് സ്വപ്നസമാന തിരിച്ചുവരവ്.!

By Web Team  |  First Published Aug 12, 2023, 3:23 PM IST

ഇപ്പോള്‍ ഇരു ചിത്രങ്ങളുടെ ആദ്യ ദിന കളക്ഷന്‍ സംബന്ധിച്ച റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ഷാരൂഖ് ഖാന്‍റെ പഠാന്‍ കഴിഞ്ഞാല്‍ ബോളിവുഡില്‍ 2023 ല്‍ ഏറ്റവും മികച്ച ഓപ്പണിംഗാണ് ഗദര്‍ 2 ഉണ്ടാക്കിയിരിക്കുന്നത് എന്നാണ് വിവരം.


മുംബൈ: ബോളിവുഡില്‍ സെക്കന്‍റ് പാര്‍ട്ട് പടങ്ങളുടെ റിലീസിനാണ് ഓഗസ്റ്റ് 11 വെള്ളിയാഴ്ച സാക്ഷിയായത്. 'ഗദര്‍ 2', 'ഓ മൈ ഗോഡ് 2' എന്നിവയാണ് റിലീസായത്. സണ്ണി ഡിയോളിന്‍റെ ബോക്സോഫീസ് ഹിറ്റായ ഗദറിന്‍റെ രണ്ടാം ഭാഗമാണ് ഏറെക്കുറെ അതേ താരനിരയുമായി റിലീസായത്. ഏറെ വിവാദങ്ങള്‍ക്ക് ശേഷമാണ് അക്ഷയ് കുമാര്‍ പ്രധാന വേഷത്തില്‍ എത്തുന്ന  'ഓ മൈ ഗോഡ് 2' റിലീസായത്.

ഇപ്പോള്‍ ഇരു ചിത്രങ്ങളുടെ ആദ്യ ദിന കളക്ഷന്‍ സംബന്ധിച്ച റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ഷാരൂഖ് ഖാന്‍റെ പഠാന്‍ കഴിഞ്ഞാല്‍ ബോളിവുഡില്‍ 2023 ല്‍ ഏറ്റവും മികച്ച ഓപ്പണിംഗാണ് ഗദര്‍ 2 ഉണ്ടാക്കിയിരിക്കുന്നത് എന്നാണ് വിവരം. 38.50 കോടി രൂപയാണ് അനില്‍ ശര്‍മ്മ സംവിധാനം ചെയ്ത ചിത്രം നേടിയിരിക്കുന്നത്. മള്‍ട്ടിപ്ലക്സുകളില്‍ മൊത്തമായി 14.50 കോടിയാണ് ഗദര്‍2  നേടിയത്. എന്തായാലും വളരെക്കാലത്തിന് ശേഷം സണ്ണി ഡിയോളിന് ഒരു ഹിറ്റ് നല്‍കും ഗദര്‍ 2 എന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. 

Latest Videos

മികച്ച റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ ചിത്രം ശനി ഞായര്‍ ദിവസങ്ങളിലും, ഓഗസ്റ്റ് 15 ലീവും ഒക്കെ മികച്ച കളക്ഷന്‍ നേടുമെന്നാണ് പ്രവചനം. അതേ സമയം സെന്‍സര്‍ കുരുക്കില്‍ അടക്കം കുടുങ്ങി അവസാനം റിലീസായ  'ഓ മൈ ഗോഡ് 2' മോശമല്ലാത്ത പ്രകടനം ആദ്യ ദിനത്തില്‍ നടത്തിയെന്നാണ് കണക്കുകള്‍ പറയുന്നത്. 

സെക്സ് എഡ്യൂക്കേഷന്‍ സംബന്ധിച്ച വിഷയം സംസാരിക്കുന്ന ചിത്രത്തില്‍ ശിവന്‍റെ പ്രതിനിധിയായാണ് അക്ഷയ് കുമാര്‍ എത്തുന്നത്. ആദ്യദിനത്തില്‍ 9 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്. അത് വച്ച് നോക്കുമ്പോള്‍ ഇത് മോശമല്ലാത്ത കളക്ഷനാണ് എന്നാണ് വിവരം. അതേ സമയം മള്‍ട്ടിപ്ലക്സുകളിലാണ് അക്ഷയ് ചിത്രം കൂടുതല്‍ ഓടുന്നത്. മുന്‍പ് നൂറു കോടി ക്ലബിന്‍റെ സ്വന്തം താരമായിരുന്ന അക്ഷയ് കുമാറിന് അടുത്തകാലത്ത് കാര്യമായ ഹിറ്റൊന്നും ഉണ്ടായിരുന്നില്ല. അത് പരിഹരിക്കാന്‍ 'ഓ മൈ ഗോഡ് 2'വിന് സാധിച്ചേക്കുമെന്നാണ് കരുതുന്നത്. 

2012-ൽ പുറത്തിറങ്ങിയ അക്ഷയ് കുമാറിന്റെയും പരേഷ് റാവലിന്റെയും ഓ മൈ ഗോഡ് എന്ന ചിത്രത്തിന്റെ തുടർച്ചയാണ് ഓ മൈ ഗോഡ് 2. അമിത് റായ് സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷേപഹാസ്യ വിഭാഗത്തിലുള്ളതാണ്. യാമി ഗൗതം നായികയാവുന്ന ചിത്രത്തില്‍ പങ്കജ് ത്രിപാഠിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

2001 ല്‍ പുറത്തിറങ്ങിയ ഗദര്‍ എക് പ്രേം കഹാനി എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗവുമായാണ് സണ്ണി ഡിയോള്‍ എത്തിയിരിക്കുന്നത്. അനില്‍ ശര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമീഷ പട്ടേലും ഉത്കർഷ് ശർമ്മയും ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നു. സണ്ണി ഡിയോളും അമീഷ പട്ടേലും ഉത്കർഷ് ശർമ്മയും യഥാക്രമം താരാ സിംഗ്, സക്കീന, ജീതേ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലുവ് സിൻഹ, സിമ്രത് കൗർ, മനീഷ് വാധ്വ, ഗൗരവ് ചോപ്ര എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

കാട്ടു പൂഞ്ചോലയില്‍ ഗ്ലാമറസായി അമല പോള്‍ ചിത്രങ്ങള്‍

അന്ന് ആളും ആരവവും ഇല്ലാതെ അവഗണിച്ചു; ബീസ്റ്റ് മൂലം ഏയറിലായി: ജയിലര്‍ വിജയം നെല്‍സണ്‍ എന്ന ഫീനിക്സ്

asianet news live

click me!