'കണ്ണൂര്‍ സ്ക്വാഡി'ന്‍റെ അതേദിവസം റിലീസ്, ബജറ്റിലും സമാനത; ബോളിവുഡ് ചിത്രം 'ഫുക്രെ 3' ഇതുവരെ നേടിയത്

By Web Team  |  First Published Oct 12, 2023, 12:08 PM IST

സെപ്റ്റംബര്‍ 28 ന് പുറത്തെത്തിയ ചിത്രം മൂന്നാം വാരത്തിലേക്ക് പ്രവേശിക്കുമ്പോഴും മികച്ച സ്ക്രീന്‍ കൌണ്ട്


വലിയ ഹൈപ്പോടെയെത്തുന്ന പല ചിത്രങ്ങളും പരാജയപ്പെടുന്ന കാലത്ത് മിനിമം പബ്ലിസിറ്റിയുമായെത്തുന്ന ചില ചിത്രങ്ങള്‍ പ്രേക്ഷകപ്രീതി നേടാറുണ്ട്. എല്ലാ ഭാഷകളിലും അത്തരം ചിത്രങ്ങള്‍ എത്താറുണ്ട്. ഇപ്പോഴിതാ വിജയങ്ങള്‍ അപൂര്‍വ്വമായ ബോളിവുഡില്‍ അത്തരത്തിലൊരു ചെറിയ ചിത്രം പ്രേക്ഷകപ്രീതി നേടി മുന്നേറുകയാണ്. മൃഗ്‍ദീപ് സിംഗ് ലമ്പയുടെ സംവിധാനത്തില്‍ എത്തിയ കോമഡി ചിത്രം ഫുക്രെ 3 ആണ് അത്. ഫുക്രെ ഫ്രാഞ്ചൈസിയില്‍ പെടുന്ന ചിത്രം 2017 ല്‍ പുറത്തെത്തിയ ഫുക്രെ റിട്ടേണ്‍സിന്‍റെ സീക്വലുമാണ്.

സെപ്റ്റംബര്‍ 28 ന് പുറത്തെത്തിയ ചിത്രം മൂന്നാം വാരത്തിലേക്ക് പ്രവേശിക്കുമ്പോഴും മികച്ച സ്ക്രീന്‍ കൌണ്ട് ഉണ്ട്. രണ്ടാഴ്ച കൊണ്ട് 80.47 കോടിയാണ് ചിത്രം നേടിയിരിക്കുന്നത് ഇന്ത്യ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. റിലീസ് ദിനത്തില്‍ 8.82 കോടിയുടെ ഓപണിംഗുമായി റണ്‍ ആരംഭിച്ച ചിത്രത്തിന് അവസാന വാരാന്ത്യത്തിലും മികച്ച തിയറ്റര്‍ ഒക്കുപ്പന്‍സിയായിരുന്നു ലഭിച്ചിരുന്നത്. താരപ്പകിട്ടില്ലാതെ എത്തിയിരിക്കുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് പുല്‍കിത് സമ്രാട്ട്, വരുണ്‍ ശര്‍മ്മ, മനോജ് സിംഗ്, റിച്ച ഛദ്ദ, പങ്കജ് ത്രിപാഠി എന്നിവരാണ്.

Latest Videos

40 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രമാണിതെന്നാണ് പുറത്തെത്തിയ റിപ്പോര്‍ട്ട്. ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിക്കുമോ എന്ന കൌതുകത്തിലാണ് ബോളിവുഡ് ലോകം. അതേസമയം ഏത് സിനിമയും 99 രൂപയ്ക്ക് കാണാന്‍ അവസരം ലഭിക്കുന്ന ദേശീയ സിനിമാദിനത്തില്‍ (ഒക്ടോബര്‍ 13) ചിത്രത്തിന് മികച്ച ബുക്കിംഗ് ലഭിച്ചിട്ടുണ്ട് എന്നത് നിര്‍മ്മാതാക്കള്‍ക്ക് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. 

അതേസമയം മലയാളത്തിലെ സമീപകാല വിജയചിത്രം കണ്ണൂര്‍ സ്ക്വാഡുമായി ഫുക്രെ 3 നെ താരതമ്യം ചെയ്യുന്നത് മലയാളികളെ സംബന്ധിച്ച് കൌതുകകരമായിരിക്കും. ഒരേ ദിവസം തിയറ്ററുകളിലെത്തിയ ചിത്രങ്ങളുടെ ബജറ്റിലും സമാനതയുണ്ട്. ഫുക്രെ 3 ന്‍റെ ബജറ്റ് 40 കോടിയാണെങ്കില്‍ കണ്ണൂര്‍ സ്ക്വാഡിന് വന്ന മുടക്ക് 32 കോടിയാണ്. സഹതിരക്കഥാകൃത്തും നടനുമായ റോണി ഡേവിഡ് രാജ് പറഞ്ഞ കാര്യമാണിത്. ചിത്രം 63 കോടിക്ക് മുകളില്‍ നേടി മലയാളത്തിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളുടെ പട്ടികയില്‍ ഇതിനകം ഇടംപിടിച്ചിട്ടുണ്ട്. മൂന്നാം വാരത്തിലേക്ക് പ്രവേശിക്കുമ്പോഴും ലോകമാകെ ചിത്രത്തിന് മികച്ച സ്ക്രീന്‍ കൌണ്ടും ഉണ്ട്.

ALSO READ : 'ലിയോ'യ്ക്ക് ഹൈപ്പ് കൂടുതലാണെന്ന് അഭിപ്രായമുണ്ടോ? വിജയ് ചിത്രത്തിന് ഹൈപ്പ് കൂട്ടിയ 10 കാരണങ്ങള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!