ബജറ്റ് 696 കോടി, കളക്ഷന്‍ 9 ഇരട്ടി! ബോക്സ് ഓഫീസില്‍ ലോക റെക്കോര്‍ഡ് ഇട്ട് ആ ചിത്രം

ജനുവരി 29 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം


മികച്ച വിജയം നേടിയ ചിത്രങ്ങളുടെ സീക്വലുകള്‍ക്ക് അക്കാരണത്താല്‍ത്തന്നെ ലഭിക്കുന്ന ഒരു പ്രീ റിലീസ് ഹൈപ്പ് ഉണ്ട്. എന്നാല്‍ പ്രതീക്ഷയുടെ അമിതഭാരത്തോടുകൂടി എത്തുന്നതിനാല്‍ പ്രേക്ഷകര്‍ ചിത്രം എത്തരത്തില്‍ സ്വീകരിക്കും എന്നത് അണിയറക്കാര്‍ക്ക് വലിയ സമ്മര്‍ദ്ദമാണ്. അവര്‍ സ്വീകരിച്ചാല്‍ അത്തരം ചിത്രങ്ങള്‍ വലിയ വിജയമാകുമെന്ന് ഉറപ്പാണ്. ഇനി നേരെ മറിച്ചാണ് പ്രേക്ഷകാഭിപ്രായങ്ങള്‍ വരുന്നതെങ്കില്‍ ചിത്രം ബോക്സ് ഓഫീസില്‍ മൂക്കുംകുത്തി വീഴുകയും ചെയ്യും. ഇപ്പോഴിതാ ഒരു വിജയചിത്രത്തിന്‍റെ സീക്വല്‍ ലോകസിനിമയില്‍ത്തന്നെ വാര്‍ത്തകള്‍ സൃഷ്ടിച്ച് ബോക്സ് ഓഫീസില്‍ കുതിക്കുകയാണ്. ഇന്ത്യന്‍ സിനിമയില്‍ നിന്നല്ല, മറിച്ച് ചൈനീസ് സിനിമയില്‍ നിന്നാണ് ആ ചിത്രം.

ജിയാഓസി (യു യാങ്) രചനയും സംവിധാനവും നിര്‍വ്വഹിച്ച അനിമേഷന്‍ ചിത്രം നെസ 2 ആണ് ആ​ഗോള ബോക്സ് ഓഫീസിലെ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്നത്. ചൈനീസ് സിനിമയിലെ ഓള്‍ ടൈം ഹിറ്റ് ലിസ്റ്റില്‍ നാലാം സ്ഥാനത്തുണ്ടായിരുന്ന നെസയുടെ (2019) രണ്ടാം ഭാ​ഗം ചൈനീസ് പുതുവത്സര ദിനമായ ജനുവരി 29 നാണ് തിയറ്ററുകളില്‍ എത്തിയത്. 59 മില്യണ്‍ ഡോളര്‍ (514 കോടി രൂപ) ആയിരുന്നു ചിത്രത്തിന്‍റെ ഓപണിം​ഗ് കളക്ഷന്‍. ഓപണിം​ഗിലെ ഞെട്ടിക്കല്‍ തുടര്‍ ദിനങ്ങളിലും തുടര്‍ന്നതോടെ ആദ്യ അഞ്ച് ദിനങ്ങളില്‍ നിന്ന് ചിത്രം 434 മില്യണ്‍ ഡോളര്‍ (3778 കോടി രൂപ) നേടിയിരുന്നു. ഇപ്പോഴിതാ ആദ്യത്തെ എട്ട് ദിവസങ്ങള്‍ കൊണ്ട് ലോകസിനിമയില്‍ത്തന്നെ ഒരു ബോക്സ് ഓഫീസ് റെക്കോര്‍ഡിന് അര്‍ഹത നേടിയിരിക്കുകയാണ് ഈ ചിത്രം.

Latest Videos

എട്ട് ദിവസം കൊണ്ട് 754.8 മില്യണ്‍ ഡോളര്‍ ആണ് ചിത്രം ചൈനയില്‍ നിന്ന് നേടിയിരിക്കുന്നത്. അതായത് 6600 കോടി ഇന്ത്യന്‍ രൂപ! ഒരു സിം​ഗിള്‍ മാര്‍ക്കറ്റില്‍ നിന്ന് ഒരു അമിനേഷന്‍ ചിത്രം നേടുന്ന എക്കാലത്തെയും വലിയ കളക്ഷനാണ് ഇത്. ഇതേ ചിത്രത്തിന്‍റെ പ്രീക്വല്‍ ആയിരുന്ന നെസയുടെ റെക്കോര്‍ഡ് ആണ് നെസ 2 തകര്‍ത്തിരിക്കുന്നത്. ഈ വാരാന്ത്യം കൂടി പുന്നിടുമ്പോള്‍ 1 ബില്യണ്‍ ഡോളര്‍ എന്ന നാഴികക്കല്ല് ചിത്രം ബോക്സ് ഓഫീസില്‍ പിന്നിടുമെന്നാണ് ട്രേഡ‍് അനലിസ്റ്റുകളുടെ കണക്കുകൂട്ടല്‍.

80 മില്യണ്‍ യുഎസ് ഡോളര്‍ (696 കോടി രൂപ) മുടക്കുമുതല്‍ ഉള്ള ചിത്രമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതായത് ഇതിനകം തന്നെ ബജറ്റിന്‍റെ 9 മടങ്ങില്‍ അധികമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. 

ALSO READ : നടന്‍ ജയശങ്കർ കാരിമുട്ടം നായകനിരയിലേക്ക്; 'മറുവശം' ഈ മാസം തിയറ്ററുകളില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!