യൂറോപ്പില്‍ ഒരു മമ്മൂട്ടി ചിത്രം എത്ര നേടും? എല്ലാ ധാരണകളെയും തിരുത്തി 'ഭ്രമയുഗം'; ഒഫിഷ്യല്‍ കളക്ഷന്‍

By Web Team  |  First Published Feb 20, 2024, 4:35 PM IST

ഫെബ്രുവരി 15 വ്യാഴാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം


മലയാള സിനിമയുടെ വിദേശ മാര്‍ക്കറ്റ് എന്നത് ഒരു കാലത്ത് ഗള്‍ഫില്‍ മാത്രമായി ഒതുങ്ങിയിരുന്നു. എന്നാല്‍ പോകെപ്പോകെ യുകെ, യുഎസ്, കാനഡ എന്നിങ്ങനെ യൂറോപ്പും കടന്ന് അത് വളര്‍ന്നു. മലയാളത്തിലെ ഒരു ശ്രദ്ധേയ ചിത്രം ഇവിടങ്ങളിലൊക്കെ ഭേദപ്പെട്ട സ്ക്രീന്‍ കൗണ്ടോടെയാണ് നിലവില്‍ റിലീസ് ചെയ്യപ്പെടുന്നത്. ഇപ്പോഴിതാ മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച, സിനിമാപ്രേമികള്‍ക്കിടയില്‍ വന്‍ ചര്‍ച്ച തീര്‍ത്തിരിക്കുന്ന ചിത്രം ഭ്രമയുഗത്തിന്‍റെ യുകെ, യൂറോപ്പ് കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്. മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന നേട്ടമാണ് അവിടങ്ങളിലെ ബോക്സ് ഓഫീസില്‍ ചിത്രം നേടിയിട്ടുള്ളത്.

ഫെബ്രുവരി 15 വ്യാഴാഴ്ച തിയറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ നാല് ദിവസത്തെ എക്സ്റ്റന്‍ഡഡ് വീക്കെന്‍ഡ് കളക്ഷനാണ് ഔദ്യോഗികമായി പുറത്തെത്തിയിരിക്കുന്നത്. അവിടങ്ങളിലെ വിതരണക്കാരായ 4 സീസണ്‍സ് ക്രിയേഷന്‍സ് ആണ് കണക്കുകള്‍ അറിയിച്ചിരിക്കുന്നത്. യുകെയിലും അയര്‍ലന്‍ഡിലും നിന്ന് മാത്രമായി 1,21,452 പൗണ്ടാണ് ചിത്രം നേടിയിരിക്കുന്നത്. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് 39,074 പൗണ്ടും. ആകെ 1,60,526 പൗണ്ട്. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ 1.68 കോടി! ഒരു മമ്മൂട്ടി ചിത്രം ഈ മാര്‍ക്കറ്റുകളില്‍ നേടുന്ന ഏറ്റവും മികച്ച വാരാന്ത്യ കളക്ഷനാണ് ഇത്. 

Latest Videos

undefined

പൂര്‍ണ്ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ചിത്രീകരിച്ചിരിക്കുന്ന ഹൊറര്‍ ത്രില്ലര്‍, അതും മമ്മൂട്ടി നായകനാവുന്ന ചിത്രം എന്നതായിരുന്നു ഭ്രമയുഗത്തിന്‍റെ യുഎസ്‍പി. ഭൂതകാലം എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ രാഹുല്‍ സദാശിവനാണ് സംവിധായകന്‍. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് എല്ലാ റിലീസ് മാര്‍ക്കറ്റുകളില്‍ നിന്നും ആദ്യ ദിനം മുതല്‍ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ മറുഭാഷാ പ്രേക്ഷകരിലും ചിത്രം ചര്‍ച്ചയായിട്ടുണ്ട്. തെലുങ്ക് പതിപ്പ് ഈ വാരം പ്രദര്‍ശനത്തിനെത്തുന്നുമുണ്ട്.

ALSO READ : അനൂപ് മേനോൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു എബ്രഹാം; അബാം മൂവീസിന്‍റെ പുതിയ ചിത്രത്തിന് പാക്കപ്പ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

click me!