കേരളത്തില്‍ ഇന്നലെ 140 ല്‍ അധികം അഡീഷണല്‍ ഷോസ്! 'ഭ്രമയുഗം' മൂന്നാം ദിനം നേടിയത്

By Web Team  |  First Published Feb 18, 2024, 12:55 PM IST

ഭൂതകാലം എന്ന ചിത്രത്തിലൂടെ നേരത്തെ ശ്രദ്ധ നേടിയിട്ടുള്ള രാഹുല്‍ സദാശിവന്‍ സംവിധാനം


പരീക്ഷണസ്വഭാവമുള്ള ചിത്രങ്ങള്‍ സിനിമയെ ഗൗരവമായി കാണുന്ന ചെറിയൊരു വിഭാഗം പ്രേക്ഷകരുടെ കൈയടി നേടാറുണ്ടെങ്കിലും അത്തരം ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ ചലനം സൃഷ്ടിക്കുന്നത് അപൂര്‍വ്വമാണ്. അതിനൊരു അപവാദമാവുകയാണ് മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഭ്രമയുഗം. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഹൊറര്‍ ത്രില്ലര്‍ ചിത്രം റിലീസ് വാരാന്ത്യ ദിനങ്ങളില്‍ ബോക്സ് ഓഫീസില്‍ അത്ഭുതം തന്നെ സൃഷ്ടിക്കുകയാണ്.

ഭൂതകാലം എന്ന ചിത്രത്തിലൂടെ നേരത്തെ ശ്രദ്ധ നേടിയിട്ടുള്ള രാഹുല്‍ സദാശിവന്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രമെന്ന നിലയില്‍ പ്രീ റിലീസ് ഹൈപ്പ് നേടിയ ചിത്രമായിരുന്നു ഭ്രമയുഗം. പൂര്‍ണ്ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ചിത്രീകരിക്കപ്പെട്ട ഹൊറര്‍ ചിത്രം എന്നതും ഹൈപ്പ് ഉയര്‍ത്തിയ ഘടകമാണ്. ഫെബ്രുവരി 15, വ്യാഴാഴ്ച തിയറ്ററുകളിലെത്തിയ ചിത്രത്തിന് പ്രേക്ഷകരുടെ പ്രതീക്ഷകളെ സാധൂകരിക്കാന്‍ കഴിഞ്ഞതോടെ ദിനംപ്രതി ബോക്സ് ഓഫീസില്‍ കുതിക്കുകയാണ് ചിത്രം. 

Latest Videos

undefined

കേരള ബോക്സ് ഓഫീസ് മാത്രമെടുത്താല്‍ റിലീസ് ദിനത്തില്‍ ചിത്രം നേടിയത് 3.05 കോടി ആയിരുന്നു. രണ്ടാം ദിനമായ വെള്ളിയാഴ്ചത്തെ കേരള കളക്ഷന്‍ 2.40 കോടി. അഭൂതപൂര്‍വ്വമായ തിരക്കാണ് ചിത്രത്തിന് ശനിയാഴ്ച എല്ലാ കേന്ദ്രങ്ങളിലും ലഭിച്ചത്. പ്രേക്ഷകരുടെ കുത്തൊഴുക്കിനെത്തുടര്‍ന്ന് റിലീസ് ദിനത്തില്‍ കേരളത്തില്‍ നൂറിലധികം അഡീഷണല്‍ ഷോസ് ആണ് ലഭിച്ചതെങ്കില്‍ ശനിയാഴ്ച അത് 140 ല്‍ അധികമായി ഉയര്‍ന്നു. ട്രാക്കര്‍മാരുടെ കണക്കനുസരിച്ച് കേരളത്തില്‍ നിന്ന് ചിത്രം ശനിയാഴ്ച നേടിയിരിക്കുന്നത് 3 കോടിയാണ്. അതായത് ആദ്യ മൂന്ന് ദിനങ്ങളില്‍ കേരളത്തില്‍ നിന്ന് മാത്രം 8.45 കോടി. മികച്ച കളക്ഷനാണ് ഇത്. അതേസമയം മറ്റ് സംസ്ഥാനങ്ങളിലും വിദേശ മാര്‍ക്കറ്റുകളിലുമൊക്കെ മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. ആദ്യ വാരാന്ത്യം ആഗോള ബോക്സ് ഓഫീസില്‍ ചിത്രം വന്‍ നേട്ടമുണ്ടാക്കുമെന്നാണ് സിനിമാലോകത്തിന്‍റെ പ്രതീക്ഷ. 

ALSO READ : 'പ്രേമലു' ഒരു തമിഴ് ചിത്രമായിരുന്നെങ്കില്‍ പരമാവധി എത്ര കളക്റ്റ് ചെയ്യും? തമിഴ് നിര്‍മ്മാതാവ് പറയുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

click me!