ഫെബ്രുവരി 15 ന് തിയറ്ററുകളിലെത്തിയ ചിത്രം
ഒന്നിനു പിറകെ ഒന്നായി മികച്ച ഉള്ളടക്കം കൊണ്ട് മലയാള സിനിമ ഇന്ത്യന്‍ സിനിമാലോകത്തെ തന്നെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ് ഈ ഫെബ്രുവരി മാസത്തില്‍. അതിലൊന്നാണ് മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗം. ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ കൊടുമണ്‍ പോറ്റി എന്ന, ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ളൊരു കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. ആദ്യദിനം മുതല്‍ മികച്ച പ്രേക്ഷക പ്രതികരണം നേടുന്ന ചിത്രത്തിന്‍റെ കേരള ബോക്സ് ഓഫീസ് കളക്ഷന്‍ കണക്കുകള്‍ ഇപ്പോള്‍ പുറത്തെത്തിയിരിക്കുകയാണ്.
ഫെബ്രുവരി 15 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് കേരളത്തിനൊപ്പം മറ്റ് സംസ്ഥാനങ്ങളിലും വിദേശ മാര്‍ക്കറ്റുകളിലുമൊക്കെ മികച്ച സ്ക്രീന്‍ കൗണ്ടോടെ റിലീസ് ഉണ്ടായിരുന്നു. പൂര്‍ണ്ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ചിത്രീകരിച്ച സിനിമയാണ് ഇത്. മറുഭാഷാ പ്രേക്ഷകരിലേക്കും ചിത്രത്തിന് ശ്രദ്ധ നല്‍കിയ ഘടകമാണ് ഇത്. നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്ന കണക്ക് പ്രകാരം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 50 കോടി ക്ലബ്ബ് പിന്നിട്ടിരിക്കുകയാണ്. അതേസമയം 10 ദിവസം കൊണ്ട് ചിത്രം കേരളത്തില്‍ നിന്ന് എത്ര നേടി എന്ന വിവരം ട്രാക്കര്‍മാരും അറിയിച്ചിട്ടുണ്ട്.
undefined
ആദ്യ 10 ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 18.90 കോടി രൂപയാണ്. മലയാളം പതിപ്പിന്‍റെ വന്‍ വിജയത്തെ തുടര്‍ന്ന് ഭ്രമയുഗത്തിന്റെ തെലുങ്ക്, തമിഴ്, കന്നഡ പതിപ്പുകള്‍ ഈ വാരാന്ത്യം അതത് സംസ്ഥാനങ്ങളില്‍ റിലീസ് ചെയ്യപ്പെട്ടിരുന്നു. ഒരു മലയാള സിനിമയെ സംബന്ധിച്ച് ഒരുപക്ഷേ ആദ്യമായാണ് ഇത്രയധികം ഭാഷാ പതിപ്പുകള്‍ ഒരുമിച്ച് തിയറ്ററുകളില്‍ എത്തുന്നത്. ഭൂതകാലം എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഭ്രമയുഗം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം