ചിത്രം ക്രിസ്‍മസ് റിലീസ് ആയി നാളെ തിയറ്ററുകളില്‍
മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രം എന്ന നിലയില്‍ ഏതാനും വര്‍ഷങ്ങളായി പ്രേക്ഷകരുടെ സജീവ ശ്രദ്ധയിലുള്ള ചിത്രമാണ് ബറോസ്. ഒറിജിനല്‍ 3 ഡിയില്‍ ഒരുക്കപ്പെട്ടിരിക്കുന്ന ചിത്രത്തില്‍ സംവിധാനത്തിനൊപ്പം ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും മോഹന്‍ലാല്‍ ആണ്. ക്രിസ്മസ് റിലീസ് ആയി നാളെ തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്‍റെ അഡ്വാന്‍സ് റിസര്‍വേഷന്‍ തിങ്കളാഴ്ച തന്നെ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ബോക്സ് ഓഫീസിലെ ആദ്യ സംഖ്യകള്‍ സംബന്ധിച്ച കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.
റിലീസ് പലകുറി നീട്ടിവെക്കപ്പെട്ട ചിത്രമാണിത്. അതിനാല്‍ത്തന്നെ പ്രേക്ഷകരുടെ കാത്തിരിപ്പ് ഏറെ നീണ്ട ചിത്രവും. കുട്ടികളെ മുന്നില്‍ക്കണ്ട് ഒരുക്കിയ വേറിട്ട ചിത്രം എന്ന നിലയില്‍ ബോക്സ് ഓഫീസില്‍ ചിത്രം എത്തരത്തില്‍ പ്രതികരണം നേടുമെന്ന് ട്രേഡ് അനലിസ്റ്റുകള്‍ക്ക് തന്നെ മുന്‍പ് സംശയമായിരുന്നു. എന്നാല്‍ മികച്ച പ്രതികരണമാണ് ചിത്രം അഡ്വാന്‍സ് ബുക്കിംഗിലൂടെ നേടുന്നത്. പ്രമുഖ സെന്‍ററുകളിലെല്ലാം നാളത്തെ ഷോകളില്‍ വലിയൊരു ശതമാനം ഫാസ്റ്റ് ഫില്ലിംഗ് ആണ്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ചിത്രം കേരളത്തില്‍ നിന്ന് ഇതുവരെ നേടിയിരിക്കുന്നത് 63 ലക്ഷമാണ്. 960 പ്രദര്‍ശങ്ങളില്‍ നിന്ന് 29,789 ടിക്കറ്റുകളാണ് ചിത്രം വിറ്റിരിക്കുന്നതെന്ന് സാക്നില്‍ക് അറിയിക്കുന്നു. 184 രൂപ ആവറേജ് ടിക്കറ്റ് തുക വച്ചിട്ടാണ് കളക്ഷന്‍ കണക്കാക്കിയിരിക്കുന്നത്.
undefined
തമിഴ്നാട്ടിലെ 17 ഷോകളും ഇവര്‍ ട്രാക്ക് ചെയ്തിട്ടുണ്ട്. അതുകൂടി ചേര്‍ത്ത് 63.22 ലക്ഷമാണ് ചിത്രം ഇതിനകം നേടിയിരിക്കുന്നത്. ബ്ലോക്ക് സീറ്റ്സ് കൂടി പരിഗണിക്കുമ്പോള്‍ ചിത്രം അഡ്വാന്‍സ് ബുക്കിംഗിലൂടെ നേടിയിരിക്കുന്നത് 1.08 കോടിയാണെന്നും ഇവര്‍ അറിയിക്കുന്നു. ബുക്കിംഗ് പുരോഗമിക്കുന്നതിനാല്‍ ഫൈനല്‍ അഡ്വാന്‍സ് ബുക്കിംഗ് കണക്കുകള്‍ അറിയാന്‍ രാത്രി വരെ കാത്തിരിക്കേണ്ടിവരും. സന്തോശ് ശിവന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് ലിഡിയന്‍ നാദസ്വരമാണ്.
ALSO READ : തിയറ്ററിൽ ചിരിപ്പൂരം തീർത്ത് സുരാജ് ചിത്രം; മികച്ച പ്രകടനം കാഴ്ചവച്ച് 'ഇ ഡി'