ബജറ്റ് 8917 കോടി രൂപ! അവതാര്‍ 2 നിര്‍മ്മാതാക്കള്‍ക്ക് നേടിക്കൊടുത്ത ലാഭം എത്ര?

By Web Team  |  First Published Apr 22, 2023, 5:58 PM IST

റിസ്ക് പരിശോധിക്കുമ്പോള്‍ കൈവിട്ട കളിയെന്ന് കാമറൂണ്‍ തന്നെ റിലീസിന് മുന്‍പ് പറഞ്ഞ ചിത്രം


വിപണിയുടെ വലിപ്പത്തില്‍ ഹോളിവുഡിനെ മറികടക്കാന്‍ ലോകത്ത് മറ്റൊരു ചലച്ചിത്ര വ്യവസായവുമില്ല. അതിനാല്‍ത്തന്നെ അവിടുത്തെ വന്‍കിട സ്റ്റുഡിയോകളെ സംബന്ധിച്ച് മിനിമം ഗ്യാരന്‍റി പ്രതീക്ഷിക്കുന്ന പ്രോജക്റ്റുകള്‍ക്ക് പണം മുടക്കാന്‍ ഒരു മടിയുമില്ല. ഹോളിവുഡില്‍ സമീപകാലത്ത് ഇറങ്ങിയവയില്‍ ഏറ്റവും വലിയ പ്രൊഡക്ഷന്‍ ആയിരുന്നു ജെയിംസ് കാമറൂണിന്‍റെ എപിക് സയന്സ് ഫിക്ഷന്‍ ചിത്രം അവതാര്‍: ദി വേ ഓഫ് വാട്ടറിന്റേത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 2.3 ബില്യണ്‍ ഡോളര്‍ (18,849 കോടി രൂപ) കളക്ഷന്‍ നേടിയ ചിത്രം ലോകസിനിമയിലെ ഏറ്റവും വലിയ മൂന്നാമത്തെ ബോക്സ് ഓഫീസ് വിജയമാണ്. എന്നാല്‍ പ്രൊഡക്ഷന്‍ കോസ്റ്റും മറ്റ് ചിലവുകളുമെല്ലാം ചേര്‍ത്ത് നോക്കുമ്പോള്‍ ചിത്രം നിര്‍മ്മാതാക്കള്‍ക്ക് നേടിക്കൊടുത്ത ലാഭം എത്രയാവും?

റിസ്ക് പരിശോധിക്കുമ്പോള്‍ കൈവിട്ട കളിയെന്ന് കാമറൂണ്‍ തന്നെ റിലീസിന് മുന്‍പ് പറഞ്ഞ ചിത്രത്തിനായി നിര്‍മ്മാതാക്കള്‍ വന്‍ തുകയാണ് മുടക്കിയിരുന്നത്. പ്രൊഡക്ഷന്‍ ബജറ്റ് തന്നെ 400 മില്യണ്‍ ഡോളര്‍ വരും. അതായത് 3281.6 കോടി രൂപ. ജെയിംസ് കാമറൂണ്‍ മനസില്‍ കണ്ടത് സ്ക്രീനില്‍ എത്തിക്കാനായി സാങ്കേതികവിദ്യയിലും മറ്റും നവീകരണം നടത്തേണ്ടിവന്നതാണ് ചെലവ് ഇത്രയും ഉയര്‍ത്തിയത്. പുതിയ റിഗ്ഗുകളും 3ഡി ക്യാമറകളും അണ്ടര്‍ വാട്ടര്‍ ഫിലിമിംഗ് ടെക്നോളജിയുമൊക്കെ വികസിപ്പിച്ച് എടുക്കേണ്ടിവന്നു. മറ്റൊരു വലിയ ചെലവ് മാര്‍ക്കറ്റിംഗിന് വേണ്ടിവന്നതാണ്. പ്രൊഡക്ഷന്‍ ബജറ്റിനേക്കാള്‍ ഉയര്‍ന്നതാണ് മാര്‍ക്കറ്റിംഗ് അടക്കമുള്ള മറ്റ് കാര്യങ്ങള്‍ക്കുവേണ്ടി നിര്‍മ്മാതാക്കള്‍ ചലവാക്കിയ തുക. മാര്‍ക്കറ്റിംഗ് അടക്കം അവതാര്‍ 2 ന് ആകെ വന്ന ചിലവ് 2.087 ബില്യണ്‍ ഡോളര്‍ ആണ്. അതായത്. 8917.8 കോടി രൂപ. 

Latest Videos

എല്ലാ ചെലവുകളും നീക്കി ചിത്രം നിര്‍മ്മാതാക്കള്‍ക്ക് നേടിക്കൊടുത്ത ലാഭം 531.7 മില്യണ്‍ ഡോളര്‍ ആണെന്നാണ് ഡെഡ്‍ലൈനിന്‍റെ റിപ്പോര്‍ട്ട്. അതായത് 4362 കോടി രൂപ ലാഭം! ടെക്നോളജി പലതും നവീകരിച്ച് എടുത്തതിനാല്‍ അടുത്ത ഭാഗങ്ങള്‍ക്ക് രണ്ടാം ഭാഗത്തെ അപേക്ഷിച്ച് ബജറ്റ് കുറവായിരിക്കും. ദി വേ ഓഫ് വാട്ടറിന്‍റെ വിജയം തുടര്‍ ഭാഗങ്ങള്‍ പുറത്തിറക്കാന്‍ ജെയിംസ് കാമറൂണിനും നിര്‍മ്മാതാക്കള്‍ക്കും ചെറുതല്ലാത്ത ആത്മവിശ്വാസം പകരുന്നുണ്ട്.

ALSO READ : സല്‍മാന്‍ ഖാന്‍റെ ഏറ്റവും മികച്ച ഈദ് ഓപണിംഗ് 'കിസീ കാ ഭായ്' അല്ല; കളക്ഷനില്‍ ഞെട്ടിച്ച പത്ത് ചിത്രങ്ങള്‍

click me!