ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രം
ഇന്ത്യന്‍ സിനിമയില്‍ നിലവില്‍ ഏറ്റവുമധികം റീ റിലീസുകള്‍ സംഭവിക്കുന്നത് തമിഴ് സിനിമയിലാണ്. പുതിയ ചിത്രങ്ങള്‍ കാര്യമായി ഓടാത്തതാണ് ഈ ട്രെന്‍ഡിന് കാരണം. തമിഴ് സിനിമകളേക്കാള്‍ മഞ്ഞുമ്മല്‍ ബോയ്സ് ഉള്‍പ്പെടെയുള്ള മലയാള സിനിമകള്‍ക്ക് സ്വീകാര്യത ലഭിച്ചതും തമിഴ്നാട്ടില്‍ ആദ്യമായി സംഭവിക്കുന്ന കാര്യമാണ്. അപ്പോഴൊക്കെയും തങ്ങളുടെ ഇന്‍ഡസ്ട്രിയില്‍ നിന്നൊരു ജനപ്രിയ ചിത്രം എപ്പോള്‍ എത്തുമെന്ന കാത്തിരിപ്പിലായിരുന്നു കോളിവുഡ്. ഇപ്പോഴിതാ മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം അത്തരത്തിലൊന്ന് സംഭവിച്ചിരിക്കുകയാണെന്ന വിലയിരുത്തലിലാണ് സിനിമാലോകം.
സുന്ദര്‍ സി സംവിധാനം ചെയ്ത്, നായകനായും അഭിനയിച്ച ഹൊറര്‍ കോമഡി ചിത്രം അറണ്‍മണൈ 4 ആണ് തമിഴ്നാട്ടില്‍ പ്രേക്ഷകര്‍ക്കിടയില്‍ തരംഗമാവുന്നത്. വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യദിനം തന്നെ മികച്ച മൌത്ത് പബ്ലിസിറ്റി നേടാനായി. കാത്തിരുന്ന് ലഭിച്ച ഒരു പ്രിയചിത്രം തിയറ്ററുകളില്‍ അറിഞ്ഞ് ആഘോഷിക്കാനുള്ള പുറപ്പാടിലാണ് പ്രേക്ഷകരെന്ന് തോന്നിപ്പിക്കുന്നതാണ് കളക്ഷന്‍ കണക്കുകള്‍.
undefined
പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം എല്ലാ ഭാഷാ പതിപ്പുകളും ചേര്‍ത്ത് അറണ്‍മണൈ 4 റിലീസ് ദിനത്തില്‍ നേടിയത് 4.65 കോടി (നെറ്റ്) ആയിരുന്നു. ശനിയാഴ്ച അത് 6.65 കോടിയായി ഉയര്‍ന്നു. ഞായറാഴ്ചത്തെ കളക്ഷന്‍ ഈ രണ്ട് ദിനങ്ങളെയും അതിലംഘിച്ചുവെന്ന് സാക്നില്‍ക് അറിയിക്കുന്നു. അവരുടെ കണക്ക് പ്രകാരം 7.50 കോടിയാണ് ചിത്രം ഞായറാഴ്ച മാത്രം നേടിയത്. ഫൈനല്‍ ഫിഗേഴ്സ് ഇതിലും കൂടാനും സാധ്യതയുണ്ട്. അതായത് ആദ്യ മൂന്ന് ദിവസം കൊണ്ട് മാത്രം സുന്ദര്‍ സി ചിത്രം നേടിയിരിക്കുന്നത് 18.80 കോടിയാണ്. ഇത് ഇന്ത്യയില്‍ നിന്ന് മാത്രമുള്ള കണക്കുമാണ്. ഏറെക്കാലത്തിന് ശേഷം ഒരു തമിഴ് ചിത്രം പ്രേക്ഷകരെ കാര്യമായി തിയറ്ററുകളില്‍ എത്തിക്കുന്നതിന്‍റെ ആഹ്ലാദത്തിലാണ് കോളിവുഡ്. തമന്നയും റാഷി ഖന്നയുമാണ് ചിത്രത്തിലെ മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ALSO READ : സിംഹത്തിനൊപ്പം ചാക്കോച്ചനും സുരാജും; 'ഗ്‍ര്‍ര്‍ര്‍' റിലീസ് തീയതി പ്രഖ്യാപിച്ചു