ഒക്ടോബർ മൂന്നിന് ആണ് ഗരുഡൻ റിലീസ് ചെയ്തത്.
ഇന്നത്തെ കാലത്ത് ഒരു സിനിമയ്ക്ക് ആദ്യദിനം മികച്ച പ്രതികരണം ലഭിക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രത്യേകിച്ച് ഫസ്റ്റ് ഷോ കഴിയുമ്പോൾ. ഒപ്പം മൗത്ത് പബ്ലിസിറ്റിയും. സമീപകാലത്ത് ഈ പറഞ്ഞ കാര്യങ്ങൾ ലഭിച്ച ചില സിനിമകൾ ഉണ്ട്. അക്കൂട്ടത്തിലേക്ക് എത്തിയിരിക്കുകയാണ് 'ഗരുഡനും'. സുരേഷ് ഗോപി പൊലീസ് വേഷത്തിൽ എത്തി അമ്പരപ്പിച്ച ചിത്രത്തിൽ ബിജു മേനോൻ കൂടി ആയപ്പോൾ ഒന്നൊന്നര ത്രില്ലർ ചിത്രം. ത്രില്ലർ സിനിമകൾ എഴുതാൻ നിലവിൽ അഗ്രഗണ്യനാണ് താനെന്ന് ആദ്യ സിനിമയിലൂടെ തന്നെ തെളിയിച്ച മിഥുൻ മാനുവൽ ആണ് സിനിമയുടെ തിരക്കഥ. പ്രേക്ഷക- നിരൂപക പ്രശംസകൾ നേടി 'ഗരുഡൻ' തിയറ്ററുകളിൽ പറന്നു നടക്കുമ്പോൾ ബോക്സ് ഓഫീസ് കളക്ഷൻ വിവരങ്ങളാണ് പുറത്തുവരുന്നത്.
രണ്ട് ദിവസത്തിൽ ഗരുഡൻ ആഗോള തലത്തിൽ നേടിയ കളക്ഷനാണ് പുറത്തുവന്നിരിക്കുന്നത്. കേരളത്തിൽ നിന്നും 2.8 കോടിയാണ് ചിത്രം നേടിയതെന്ന് ട്രേഡ് അനലിസ്റ്റുകൾ പറയുന്നു. ആഗോളതലത്തിൽ അത് 6.5 കോടിയാണെന്ന് അനലിസ്റ്റുകൾ വിലയിരുത്തുന്നു. ഗൾഫ് രാജ്യങ്ങളിൽ ആദ്യ രണ്ട് ദിനത്തിൽ 3 കോടിയാണ് ചിത്രം നേടിയിരിക്കുന്നത് എന്നാണ് കണക്കുകൾ.
അതേസമയം, ആദ്യദിനത്തെ അപേക്ഷിച്ച് ഗരുഡന് കൂടുതൽ ഹൗസ് ഫുൾ ഷോകൾ ലഭിച്ചിരിക്കുകയാണ്. ഈ സന്തോഷം മിഥുൻ മാനുവൽ തോമസ് പങ്കുവച്ചിട്ടുമുണ്ട്. അതേസമയം, ചിത്രത്തിന്റെ വിജയത്തോട് അനുബന്ധിച്ച് പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തിറക്കിയിട്ടുണ്ട്. 'അവസാനിച്ചു എന്ന് തോന്നുന്നിടത്തു നിന്ന് ആളിപ്പടരുന്ന ഒരു ഗംഭീര ത്രില്ലർ' എന്നാണ് പോസ്റ്ററിൽ കുറിച്ചിരിക്കുന്ന വാചകം.
ഒക്ടോബർ മൂന്നിന് ആണ് ഗരുഡൻ റിലീസ് ചെയ്തത്. നവാഗതനായ അരുൺ വർമയാണ് സംവിധാനം. സുരേഷ് ഗോപി, ബിജു മേനോൻ എന്നിവർക്ക് ഒപ്പം തലൈവാസൽ വിജയ്, സിദ്ദിഖ്, അഭിരാമി, നിഷാന്ത് സാഗർ തുടങ്ങി ഒട്ടനവധി താരങ്ങളും പ്രധാന വേഷത്തിൽ എത്തിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..