മലയാള സിനിമയ്ക്ക് സുവർണ കാലഘട്ടം നൽകിയ സിനിമകളിൽ ഇനി പ്രേമലുവും എഴുതിച്ചേർക്കപ്പെടും.
അങ്ങനെ 2024ലെ മറ്റൊരു 100 കോടി ക്ലബ്ബ് സിനിമയ്ക്ക് കൂടി വഴി തുറക്കുകയാണ്. അതും ഒരു സൂപ്പർതാര ചിത്രമല്ല എന്നത് ഏറെ ശ്രദ്ധേയമാണ്. നസ്ലെൻ നായകനായി എത്തിയ പ്രേമലു ആണ് ആ ഖ്യാതി നേടാൻ ഒരുങ്ങുന്ന സിനിമ. റൊമാന്റിക് കോമഡി ജോണറിൽ എത്തിയ ചിത്രം കേരളത്തിൽ മാത്രമല്ല ഇന്ന് മുതൽ തെലുങ്കിലും തരംഗം തീർക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം ഇവിടെയും മികച്ച പ്രതികരണമാണ് പ്രേമലുവിന് ലഭിക്കുന്നത്. ഈ അവസരത്തിൽ പ്രേമലു ഇതുവരെ നേടിയ കളക്ഷൻ എത്രയെന്ന വിവരം പുറത്തുവരികയാണ്.
ഫെബ്രുവരി 9നാണ് പ്രേമലു റിലീസ് ചെയ്തത്. ആദ്യദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രം ഇതുവരെ നേടിയത് 90 കോടിയാണ്. പ്രമുഖ ട്രേഡ് അനലിസ്റ്റുകളാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ആഗോള ബോക്സ് ഓഫീസ് കളക്ഷനാണ് 90 കോടി. ആദ്യദിനം 90ലക്ഷമാണ് പ്രേമലു നേടിയ കളക്ഷൻ. അവിടെ നിന്നാണ് ഇപ്പോൾ 90 കോടിയിൽ എത്തിനിൽക്കുന്നത്.
undefined
തെലുങ്കിലും ഭേദപ്പെട്ട കളക്ഷൻ തന്നെ സിനിമ നേടും എന്നാണ് വിലയിരുത്തൽ അങ്ങനെ എങ്കിൽ വൈകാതെ തന്നെ പ്രേമലു 100 കോടി തൊടും. ബിസിനസ് അല്ല എന്നത് ഏറെ ശ്രദ്ധേയവുമാണ്. 100 കോടി ക്ലബിൽ സിനിമ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ നടൻ എന്ന ഖ്യാതിയും ഇതിലൂടെ നസ്ലെന് സ്വന്തമാകും.
പ്രേമലുവിന് ശേഷം വന്ന സിനിമകളാണ് മമ്മൂട്ടിയുടെ ഭ്രമയുഗവും മൾട്ടി സ്റ്റാർ ചിത്രമായ മഞ്ഞുമ്മൽ ബോയ്സും. രണ്ട് സിനിമകളും ബ്ലോക് ബസ്റ്റർ ഹിറ്റുകളാണ്. ഇവർക്ക് കടുത്ത മത്സരമാണ് പ്രേമലു നൽകിയത് എന്നത് ഏറെ ശ്രദ്ധേയമാണ്. അതേസമയം, ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്നാണ് പ്രേമലു നിർമിച്ചിരിക്കുന്നത്. സംവിധായകൻ രാജമൗലിയുടെ മകൻ കാർത്തികേയ ആണ് പ്രേമലു തെലുങ്കിൽ അവതരിപ്പിച്ചിരിക്കുന്നത്. എന്തായാലും മലയാള സിനിമയ്ക്ക് സുവർണ കാലഘട്ടം നൽകിയ സിനിമകളിൽ ഇനി പ്രേമലുവും എഴുതിച്ചേർക്കപ്പെടും.
ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..