ഈ വർഷത്തെ ആദ്യത്തെ 50 കോടി ക്ലബ്ബ് ചിത്രം എന്ന ഖ്യാതി ഒരുപക്ഷേ പ്രേമലു സ്വന്തമാക്കിയേക്കാം.
2024 തുടക്കം മുതൽ മലയാള സിനിമയ്ക്ക് നല്ല കാലമാണ്. ഇറങ്ങുന്നതിൽ ഭൂരിഭാഗം സിനിമകളും ഹിറ്റിലേക്ക് കുതിക്കുന്നു എന്നത് തന്നെയാണ് അതിന് കാരണം. ജയറാമിന്റെ ഓസ്ലർ ആയിരുന്നു ഈ വർഷത്തെ ആദ്യ ഹിറ്റ് ചിത്രം. പിന്നാലെ എത്തിയ ചിത്രങ്ങൾക്ക് വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചില്ലെങ്കിലും പ്രേക്ഷക ശ്രദ്ധ ആകർഷിക്കാൻ സാധിച്ചിരുന്നു. ഫെബ്രുവരിയിൽ രണ്ട് ഹിറ്റുകളാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. പ്രേമലുവും ഭ്രമയുഗവും. ഒന്ന് മമ്മൂട്ടി ചിത്രമാണെങ്കിൽ മറ്റൊന്ന് യുവ താരനിരയിൽ ശ്രദ്ധേയനായ നസ്ലിന്റെ പടമാണ്.
പ്രേമലു റിലീസ് ചെയ്തിട്ട് പത്ത് ദിവസം പിന്നിട്ടിരിക്കുകയാണ്. റിലീസ് ദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രത്തിന് ഇന്നലെ സൂപ്പർ സൺഡേ ആയിരുന്നുവെന്നാണ് ബോക്സ് ഓഫീസ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്നലെ മാത്രം പ്രേമലു നേടിയത് മൂന്ന് കോടിയോളം ആണെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ പറയുന്നു. ചിത്രം ആഗോളതലത്തിൽ ഇതുവരെ നേടിയത് 41.05 കോടിയുമാണ്. പ്രേമലുവിന്റെ രണ്ടാമത്തെ ഞായർ ആയിരുന്നു ഇന്നലെ.
undefined
ഈ രീതിയിൽ ആണ് മുന്നോട്ട് പോകുന്നതെങ്കിൽ അധികം വൈകാതെ തന്നെ പ്രേമലു 50 കോടി ക്ലബ്ബിൽ ഇടംനേടും. അങ്ങനെ എങ്കിൽ ഈ വർഷത്തെ ആദ്യത്തെ 50 കോടി ക്ലബ്ബ് ചിത്രം എന്ന ഖ്യാതിയും ചിത്രത്തിന് സ്വന്തമാകും. എന്നാൽ മമ്മൂട്ടിയുടെ ഭ്രമയുഗവും ഒപ്പം തന്നെയുണ്ട്. വെറും നാല് ദിവസത്തിൽ 30 കോടി അടുപ്പിച്ച് നേടിയെന്നാണ് ട്രാക്കർന്മാർ പറയുന്നത്. അങ്ങനെയെങ്കിൽ ഒരുപക്ഷേ ആദ്യ 50കോടി ചിത്രം ഭ്രമയുഗം ആകാനും സാധ്യത ഏറെയാണ്.
ബോക്സ് ഓഫീസിൽ ആറാടി 'പോറ്റി'; 'കുതിച്ചെത്തി' ജനങ്ങൾ, 'ഭ്രമയുഗ'ത്തിന് എക്സ്ട്രാ ഷോകളുടെ കൊയ്ത്ത് !
ഫെബ്രുവരി 9നാണ് പ്രേമലു റിലീസ് ചെയ്തത്. നസ്ലിൻ നായകനായി എത്തിയ ചിത്രത്തിൽ മമിത ബൈജു ആയിരുന്നു നായിക. ഗിരീഷ് എ ഡി സംവിധാനം ചെയ്ത ചിത്രത്തിൽ ശ്യാം മോഹൻ, സംഗീത് പ്രതാപ്, അൽത്താഫ്, മീനാനക്ഷി തുടങ്ങി നിരവധി പേർ വേഷമിട്ടിരുന്നു. ഭാവനാ സ്റ്റുഡിയോസ് നിർമിച്ച ചിത്രത്തിന്റെ തിരക്കഥ ഗിരീഷും കിരൺ ജോസിയും ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്.