ആശീര്‍വാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച ചിത്രം.
മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭം എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് ബറോസ്. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ ക്രിസ്മസിന് തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് വൻ വരവേൽപ്പ് പ്രേക്ഷകരിൽ നിന്നും ലഭിച്ചു. എന്നാൽ ആദ്യദിനം ലഭിച്ച പ്രതികരണം പിന്നീട് അങ്ങോട്ട് ബറോസിന് ലഭിച്ചോ എന്ന കാര്യത്തിൽ സംശയമാണ്. നിലവിൽ മൂന്നാം വാരത്തിലേക്ക് കടന്നിരിക്കുന്ന ബറോസിന്റെ കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്.
സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം ഏകദേശം 10.80 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. കേരള കളക്ഷനാണിത്. റിലീസ് ചെയ്ത് പതിമൂന്ന് ദിവസത്തെ ബോക്സ് ഓഫീസ് കണക്ക് കൂടിയാണിത്. റിലീസ് ചെയ്ത് എട്ടാം ദിനം വരെ 9.8 കോടിയായിരുന്നു ബറോസ് നേടിയത്. പുത്തൻ റിലീസുകൾ ബറോസിന്റെ തേരോട്ടത്തെ ബാധിച്ചുവെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.
ബറോസ് എന്ന ടൈറ്റിൽ വേഷത്തിൽ മോഹൻലാൽ എത്തിയ ചിത്രം ആദ്യദിനം 3.6 കോടിയായിരുന്നു നേടിയത്. ബോഗെയ്ന്‍വില്ല, ബ്ലോക് ബസ്റ്റർ ചിത്രം മഞ്ഞുമ്മല്‍ ബോയ്സ് തുടങ്ങിയവയുടെ ആദ്യദിന കളക്ഷനും ചിത്രം മറികടന്നിരുന്നു. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ ബറോസിന്റെ കളക്ഷനിൽ കാര്യമായ വ്യത്യാസങ്ങൾ ഉണ്ടായെന്നാണ് റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്.
30 അടി പൊക്കം, ആസിഫ് അലിയുടെ മെഗാ കട്ടൗട്ട്; ഇത് ആരാധകരുടെ സ്നേഹസമ്മാനം, 'രേഖാചിത്രം' 9ന്
ആശീര്‍വാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച ബറോസിന്റെ ചെലവ് 150 കോടിയാണ്. ചിത്രത്തിന്റെ മാര്‍ക്കറ്റിംഗ് ഹെഡ് ഡോ. ഷാരോണ്‍ തോമസ് ആയിരുന്നു ഇക്കാര്യം തുറന്നു പറഞ്ഞത്. ജിജോ പുന്നൂസ് എഴുതിയ ചിത്രം ഫാന്റസി ജോണറിലുള്ള ചിത്രമാണ്. പൂർണ്ണമായും ത്രീഡിയിൽ ഒരുങ്ങിയ ബറോസിൽ മലയാള താരങ്ങൾക്കൊപ്പം വിദേശ അഭിനേതാക്കളും വേഷമിട്ടിട്ടുണ്ട്. 'തുടരും' ആണ് മോഹന്‍ലാലിന്‍റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..