തുടരെയുള്ള പരാജയങ്ങളിൽ നിന്നും വലിയൊരു തിരിച്ചു വരവാണ് അക്ഷയ് കുമാറിന് ലഭിച്ചിരിക്കുന്നത്.
കൊവിഡിന് ശേഷം പല സിനിമാ ഇന്റസ്ട്രികളും തിരികെ എത്തിയെങ്കിലും ബോളിവുഡിന് അത്രകണ്ട് ഉയരാൻ സാധിച്ചിരുന്നില്ല. സൂപ്പർ താര ചിത്രങ്ങൾ അടക്കം വലിയ ബോക്സ് ഓഫീസ് തകർച്ച നേരിട്ടിരുന്നു. പ്രത്യേകിച്ച് അക്ഷയ് കുമാറിന്റെ സിനിമകൾ. വൻ മുതൽമുടക്കിലെത്തിയ അക്ഷയ് കുമാർ സിനിമകളെല്ലാം തന്നെ വലിയ പരാജയം നേരിട്ടു. ഇത് വലിയ വാർത്തയാകുകയും ചെയ്തിരുന്നു. ഒടുവിൽ തുടർ പരാജയങ്ങളിൽ നിന്നെല്ലാം അക്ഷയ് തിരിച്ചു വന്നുവെന്നാണ് പുതിയ ചിത്രത്തിന്റെ കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്.
ജനുവരി 24നാണ് അക്ഷയ് കുമാറിന്റെ പുതിയ ചിത്രം സ്കൈ ഫോഴ്സ് തിയറ്ററുകളിൽ എത്തിയത്. ആദ്യദിനം മുതൽ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രം കളക്ഷനിലും വൻ മുന്നേറ്റമാണ് നടത്തിയത്. രണ്ടാം വാരന്ത്യത്തിലേക്ക് കടക്കുമ്പോൾ 100 കോടി കളക്ഷനാണ് സ്കൈ ഫോഴ്സ് നേടിയിരിക്കുന്നതെന്നാണ് കോയ്മോയ് റിപ്പോർട്ട് ചെയ്യുന്നത്. റിലീസ് ചെയ്ത് ഒൻപതാം ദിവസം 60% ബോക്സ് ഓഫീസ് കളക്ഷൻ വളർച്ചയ്ക്കാണ് ചിത്രം സാക്ഷ്യം വഹിക്കുന്നത്.
സ്കൈ ഫോഴ്സ് ഒൻപതാം ദിനം പൂർത്തിയാക്കിയപ്പോൾ 111.70 കോടിയാണ് ബോക്സ് ഓഫീസിൽ കളക്ട് ചെയ്തിരിക്കുന്നത്. 160 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചതെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെ എങ്കിൽ റിലീസ് ചെയ്ത് ഒൻപത് ദിവസത്തിൽ മുടക്കു മുതലിന്റെ 70% അക്ഷയ് കുമാർ ചിത്രം തിരികെ നേടി കഴിഞ്ഞു.
ഹിറ്റ് മാനായി പൊൻമാൻ; ബേസിലും സജിനും പോരടിച്ച് നേടിയത് കോടികൾ, ഇതുവരെ നേടിയത്
13 സിനിമകളാണ് കൊവിഡിന് ശേഷം അക്ഷയ് കുമാറിന്റേതായി റിലീസ് ചെയ്തത്. ഇതിൽ OMG 2, സൂര്യവംശി എന്നീ സിനിമകൾ മാത്രമാണ് 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചത്. ഇപ്പോൾ സ്കൈ ഫോഴ്സും ആ ലിസ്റ്റിലേക്ക് എത്തി എന്നത് ഏറെ ശ്രദ്ധേയമാണ്. എന്തായാലും തുടരെയുള്ള പരാജയങ്ങളിൽ നിന്നും വലിയൊരു തിരിച്ചു വരവാണ് അക്ഷയ് കുമാറിന് ലഭിച്ചിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..