രണ്ടാം വാരാന്ത്യത്തിലും 'ഓസ്‍ലര്‍ കുതിക്കും! കഴിഞ്ഞ 24 മണിക്കൂറില്‍ വിറ്റ ടിക്കറ്റുകളുടെ കണക്ക് പുറത്ത്

By Web Team  |  First Published Jan 19, 2024, 5:19 PM IST

ജനുവരി 11 ന് തിയറ്ററുകളിലെത്തിയ ചിത്രം


മലയാളത്തില്‍ പുതുവര്‍ഷത്തെ ശ്രദ്ധേയ റിലീസുകളില്‍ ഒന്നായിരുന്നു അബ്രഹാം ഓസ്‍ലര്‍. കുടുംബപ്രേക്ഷകരുടെ പ്രിയനായകന്‍ ജയറാമിനെ പുതുകാല പ്രേക്ഷകാഭിരുചികള്‍ക്കനുസരിച്ച് അവതരിപ്പിക്കുമെന്ന് കരുതപ്പെട്ടിരുന്ന ചിത്രമാണിത്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിലും ജയറാമിന്‍റെ തിരിച്ചുവരവ് ആയിരിക്കുമെന്ന് കരുതപ്പെട്ടിരുന്നു. മികച്ച ഓപണിംഗ് ലഭിച്ച ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് വിജയത്തില്‍ മറ്റൊരു ഘടകവും പ്രവര്‍ത്തിച്ചു. മമ്മൂട്ടിയുടെ അതിഥിവേഷമാണ് അത്. ഇപ്പോഴിതാ രണ്ടാം വാരാന്ത്യത്തിലും മികച്ച ബോക്സ് ഓഫീസ് പ്രകടനത്തിന് ഒരുങ്ങുകയാണ് ചിത്രം.

ജനുവരി 11 ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്. കേരളത്തില്‍ നിന്ന് മാത്രം ആദ്യ ദിനം 3 കോടിയോളം നേടിയ ചിത്രം 8 ദിവസം കൊണ്ട് നേടിയത് 14 കോടിയാണ്. കേരളത്തില്‍ നിന്ന് മാത്രമുള്ള നേട്ടമാണിത്. രണ്ടാം വാരത്തിലേക്ക് പ്രവേശിച്ചപ്പോഴും ചിത്രത്തിന് തിയറ്ററുകളില്‍ ആളുണ്ട് എന്ന് മാത്രമല്ല, വാരാന്ത്യ ദിനങ്ങളില്‍ മികച്ച ബുക്കിംഗ് ആണ് ലഭിക്കുന്നത്. പ്രമുഖ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയില്‍ മാത്രം കഴിഞ്ഞ 24 മണിക്കൂറില്‍ ചിത്രത്തിന്‍റെ 18000 ല്‍ അധികം ടിക്കറ്റുകളാണ് വിറ്റിരിക്കുന്നത്.

Latest Videos

undefined

വ്യക്തിജീവിതത്തില്‍ ചില കടുത്ത അനുഭവങ്ങള്‍ നേരിടേണ്ടിവന്നിട്ടുള്ള പൊലീസ് ഓഫീസറാണ് ചിത്രത്തിലെ ജയറാമിന്‍റെ കഥാപാത്രം. വിഷാദരോഗിയാണ് അദ്ദേഹം. ഇയാള്‍ക്ക് മുന്നിലേക്ക് ഒരു ശ്രദ്ധേയ കേസ് എത്തുന്നിടത്താണ് അബ്രഹാം ഓസ്‍ലര്‍ കഥ പറഞ്ഞുതുടങ്ങുന്നത്. മമ്മൂട്ടിയുടെ അതിഥിവേഷത്തിനും തിയറ്ററുകളില്‍ വലിയ കൈയടിയാണ് ലഭിക്കുന്നത്. ഏറെക്കാലത്തിന് ശേഷമാണ് ജയറാമും മമ്മൂട്ടിയും ഒരു ചിത്രത്തില്‍ ഒന്നിച്ചെത്തുന്നത്. അണിയറക്കാര്‍ പറയാതെ കാത്തുവച്ച സര്‍പ്രൈസും മമ്മൂട്ടിയുടെ ഈ ഗസ്റ്റ് റോള്‍ ആയിരുന്നു.

ALSO READ : നമ്മള്‍ കരുതിയ ആളല്ല 'വിവേകാനന്ദന്‍'; കമല്‍ ചിത്രത്തിന്‍റെ റിവ്യൂ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

click me!