മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്‍ത ചിത്രം
മലയാളികള്‍ പതിറ്റാണ്ടുകളായി കണ്ടുകൊണ്ടിരിക്കുന്ന പല താരങ്ങളും പുതുകാലത്തും പ്രേക്ഷകരുടെ അഭിരുചികള്‍ക്കനുസരിച്ചുള്ള ചിത്രങ്ങളുമായെത്തി ബോക്സ് ഓഫീസ് വിജയങ്ങള്‍ നേടിയിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് വരണമെന്ന് സിനിമാപ്രേമികള്‍ ഏറെക്കാലമായി ആഗ്രഹിക്കുന്ന താരമാണ് ജയറാം. ജയറാമിന്‍റെ ഓരോ ചിത്രത്തിന്‍റെ പ്രഖ്യാപനം വരുമ്പോഴും അത് അദ്ദേഹത്തിന്‍റെ ഒരു തിരിച്ചുവരവ് ആയേക്കാമെന്ന് പ്രതീക്ഷകള്‍ ഉയരാറുണ്ടെങ്കിലും അത് വൃഥാവിലാവാറാണ് പതിവ്. എന്നാല്‍ ഇക്കുറി ജയറാം അത് തിരുത്തിക്കുറിച്ചതായാണ് ഇന്ന് തിയറ്ററുകളിലെത്തിയ ജയറാം ചിത്രത്തിന്‍റെ ആദ്യ ബോക്സ് ഓഫീസ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
മിഥുന്‍ മാനുവല്‍ തോമസിന്‍റെ സംവിധാനത്തില്‍ ജയറാം അബ്രഹാം ഓസ്‍ലര്‍ എന്ന ടൈറ്റില്‍ കഥാപാത്രമായെത്തിയ ചിത്രം തിയറ്ററുകളിലെത്തിയത് ഇന്നാണ്. വന്‍ ജനപ്രീതി നേടിയ അഞ്ചാം പാതിരായ്ക്ക് ശേഷമെത്തുന്ന മിഥുന്‍ മാനുവല്‍ തോമസ് ചിത്രം എന്നത് ചിത്രത്തിന്‍റെ പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയ ഘടകമാണ്. അതിഥിവേഷത്തില്‍ മമ്മൂട്ടി എത്തിയേക്കുമെന്ന പ്രതീക്ഷയായിരുന്നു ഹൈപ്പ് നല്‍കിയ മറ്റൊരു ഘടകം. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യ ബോക്സ് ഓഫീസ് സൂചനകള്‍ പുറത്തെത്തുകയാണ്. കേരള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ ദിനം ചിത്രം 2.8 കോടി മുതല്‍ 3 കോടി വരെ നേടുമെന്നാണ് പ്രമുഖ ട്രാക്കര്‍മാര്‍ അറിയിക്കുന്നത്. ഇത് ശരിയെങ്കില്‍ ഒരു ജയറാം ചിത്രം നേടുന്ന ഏറ്റവും മികച്ച ഓപണിംഗ് ആയിരിക്കും. മികച്ച വാരാന്ത്യവുമാണ് തിയറ്ററുകളില്‍ ചിത്രത്തെ കാത്തിരിക്കുന്നത്.
വ്യക്തിജീവിതത്തില്‍ ചില കടുത്ത അനുഭവങ്ങള്‍ നേരിടേണ്ടിവന്നിട്ടുള്ള പൊലീസ് ഓഫീസറാണ് ചിത്രത്തിലെ ജയറാമിന്‍റെ കഥാപാത്രം. വിഷാദരോഗിയാണ് അദ്ദേഹം. ഇയാള്‍ക്ക് മുന്നിലേക്ക് ഒരു ശ്രദ്ധേയ കേസ് എത്തുന്നിടത്താണ് അബ്രഹാം ഓസ്‍ലര്‍ കഥ പറഞ്ഞുതുടങ്ങുന്നത്. മമ്മൂട്ടിയുടെ അതിഥിവേഷത്തിനും തിയറ്ററുകളില്‍ വലിയ കൈയടിയാണ് ലഭിക്കുന്നത്. ഏറെക്കാലത്തിന് ശേഷമാണ് ജയറാമും മമ്മൂട്ടിയും ഒരു ചിത്രത്തില്‍ ഒന്നിച്ചെത്തുന്നത്.
ALSO READ : ഓസ്‍ലര്‍; റിലീസിന് ശേഷം ജയറാമിന് പ്രേക്ഷകരോട് പറയാനുള്ളത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം