വിഷു റിലീസ് ആയി തിയറ്ററുകളിലെത്തിയ ചിത്രം
മലയാള സിനിമകളുടെ മാര്‍ക്കറ്റ് വളരുന്നതിന് ഏറ്റവും വലിയ തെളിവാണ് ചിത്രങ്ങള്‍ നേടുന്ന ഇനിഷ്യലില്‍ സമീപകാലത്ത് വന്ന വലിയ വര്‍ധന. ഈ വര്‍ഷം ഇതുവരെയുള്ള കണക്കെടുത്താല്‍ ഏറ്റവുമധികം ചിത്രങ്ങള്‍ വിജയിപ്പിച്ച ഇന്‍ഡസ്ട്രി എന്ന പേര് മലയാളത്തിനാണ്. ആ വിജയത്തുടര്‍ച്ചയുടെ ഭാഗമാവുകയാണ് വിഷുവിന് തിയറ്ററുകളിലെത്തിയ ചിത്രങ്ങളും. വിഷു റിലീസ് ചിത്രങ്ങളില്‍ കളക്ഷനില്‍ ഒന്നാം സ്ഥാനത്തുള്ള ആവേശം ബോക്സ് ഓഫീസില്‍ ഇപ്പോഴിതാ ഒരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്.
ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 50 കോടി പിന്നിട്ടിരിക്കുകയാണ് ചിത്രമെന്ന് പ്രമുഖ ട്രാക്കര്‍മാര്‍ അറിയിക്കുന്നു. മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ ഈ നേട്ടം സ്വന്തമാക്കിയ ചിത്രങ്ങളുടെ ലിസ്റ്റിലും ആവേശം ഇടംപിടിച്ചിട്ടുണ്ട്. ആറ് ദിവസം കൊണ്ടാണ് ചിത്രം 50 കോടി ക്ലബ്ബില്‍ എത്തിയിരിക്കുന്നത്. നാല് ദിവസം കൊണ്ട് 50 കോടിയിലെത്തിയ ആടുജീവിതമാണ് ഈ നേട്ടത്തില്‍ ഏറ്റവും വേഗത്തില്‍ എത്തിയ മലയാള ചിത്രം. നാല് ദിവസം കൊണ്ടുതന്നെ ലൂസിഫറും അഞ്ച് ദിവസം കൊണ്ട് കുറുപ്പും 50 കോടിയില്‍ എത്തിയിരുന്നു.
undefined
എന്നാല്‍ ഈ ചിത്രങ്ങള്‍ക്കൊന്നും റിലീസ് സമയത്ത് ആവേശം നേരിട്ടത്ര ക്ലാഷ് ഉണ്ടായിട്ടില്ല. വിഷു റിലീസ് ആയി ആവേശം എത്തിയ അതേദിവസം മറ്റ് രണ്ട് ചിത്രങ്ങള്‍ കൂടി തിയറ്ററുകളില്‍ എത്തിയിരുന്നു. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത പ്രണവ്- ധ്യാന്‍ ചിത്രം വര്‍ഷങ്ങള്‍ക്കു ശേഷവും രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ഉണ്ണി മുകുന്ദന്‍ ചിത്രം ജയ് ഗണേഷുമായിരുന്നു അവ. ഒപ്പം മാര്‍ച്ച് 28 ന് തിയറ്ററുകളിലെത്തിയ ആടുജീവിതവും സജീവ സാന്നിധ്യമായി തിയറ്ററുകളില്‍ ഉണ്ടായിരുന്നു. രോമാഞ്ചത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഫഹദ് ഫാസില്‍ ആണ് നായകന്‍. രംഗ എന്ന ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള ഒരു കഥാപാത്രത്തെയാണ് ഫഹദ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.