Aaraattu Box Office : ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഓപണിം​ഗുമായി 'ആറാട്ട്'; ആദ്യ ദിനത്തില്‍ നേടിയത്

By Web Team  |  First Published Feb 20, 2022, 11:05 AM IST

ലോകമാകെ 2700 സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്


രണ്ട് വര്‍ഷത്തോളമായി നിലനില്‍ക്കുന്ന കൊവിഡ് സാഹചര്യം ഏറ്റവും മോശമായി ബാധിച്ച മേഖലകളിലൊന്നാണ് സിനിമാ വ്യവസായം. ഇടയ്ക്ക് തിയറ്ററുകള്‍ തുറന്നെങ്കിലും മാസങ്ങളുടെ ഇടവേളകളിലെത്തിയ മൂന്ന് തരംഗങ്ങള്‍ വീണ്ടും തിയറ്റര്‍ വ്യവസായത്തെ ഉലച്ചു. മൂന്നാം തരംഗത്തിനു പിന്നാലെ തിയറ്ററുകളെ സജീവമാക്കിയിരിക്കുകയാണ് മോഹന്‍ലാല്‍ (Mohanlal) ചിത്രം ആറാട്ട് (Aaraattu). 50 ശതമാനം ഒക്കുപ്പന്‍സിയിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നതെങ്കിലും ചിത്രം മികച്ച ഓപണിംഗ് കളക്ഷന്‍ നേടിയെന്നാണ് സിനിമാ വ്യവസായത്തിന്‍റെ വിലയിരുത്തല്‍. ചിത്രം ആദ്യദിനം നേടിയ കളക്ഷന്‍ (First day collection) എത്രയെന്ന് നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

എന്‍റര്‍ടെയ്ന്‍മെന്‍റ് വെബ്സൈറ്റ് ആയ പിങ്ക് വില്ലയുടെ കണക്ക് പ്രകാരം ആറാട്ട് കേരളത്തിലെ തിയറ്ററുകളില്‍ നിന്നു മാത്രം ആദ്യദിനം നേടിയത് ഏകദേശം 3.50 കോടിയാണ്. കേരളത്തിനു പുറത്തുള്ള മറ്റ് ഇന്ത്യന്‍ സെന്‍ററുകളില്‍ നിന്ന് 50 ലക്ഷത്തോളവും. അങ്ങനെ ആറാട്ടിന്‍റെ റിലീസ് ദിന ഇന്ത്യന്‍ കളക്ഷന്‍ 4 കോടിയാണെന്നാണ് അവരുടെ വിലയിരുത്തല്‍. മലയാളത്തിലെ ഈ വര്‍ഷത്തെ റിലീസുകളില്‍ ഏറ്റവും മികച്ച ഓപണിംഗ് ആണിത്. പ്രണവ് മോഹന്‍ലാല്‍ ചിത്രം ഹൃദയം നേടിയതിനേക്കാള്‍ ഉയര്‍ന്ന ഓപണിംഗ് ആണ് ആറാട്ട് നേടിയിരിക്കുന്നത്. 50 ശതമാനം ഒക്കുപ്പന്‍സി പരിഗണിക്കുമ്പോള്‍ മികച്ച കളക്ഷനാണ് ഇത്. ഒപ്പം സിനിമാവ്യവസായത്തിന് ഊര്‍ജ്ജം പകര്‍ന്നു എന്നത് ചലച്ചിത്രമേഖല ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.

Latest Videos

undefined

വിദേശ മാര്‍ക്കറ്റുകളിലും മികച്ച സ്ക്രീന്‍ കൗണ്ടോടെയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ആഗോള തലത്തില്‍ 2700 സ്ക്രീനുകളിലാണ് റിലീസ് എന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ജിസിസി ഉള്‍പ്പെടെയുള്ള മാര്‍ക്കറ്റുകളില്‍ റിലീസിനു പിന്നാലെ പ്രദര്‍ശനങ്ങള്‍ കൂട്ടിയ സാഹചര്യവുമുണ്ടായിരുന്നു. റിലീസ് ദിനം വൈകിട്ട് ജിസിസിയില്‍ മാത്രം ആയിരം പ്രദര്‍ശനങ്ങളാണ് നടന്നത്. 150 കേന്ദ്രങ്ങളിലെ 450 സ്ക്രീനുകളിലായി ആയിരുന്നു ഇത്. വിദേശ മാര്‍ക്കറ്റുകളില്‍ നിന്നും ചിത്രം മികച്ച ഓപണിംഗ് നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ വ്യത്യസ്ത മാര്‍ക്കറ്റുകളില്‍ നിന്നുള്ള കളക്ഷന്‍ കണക്കുകള്‍ ലഭ്യമായിട്ടില്ല.

നെയ്യാറ്റിന്‍കര ഗോപന്‍ എന്നാണ് ആറാട്ടില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്‍റെ പേര്. നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട് എന്നാണ് ചിത്രത്തിന്‍റെ മുഴുവന്‍ ടൈറ്റില്‍. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്ലോട്ട്. ബോക്സ് ഓഫീസില്‍ മികച്ച സക്സസ് റേറ്റ് ഉള്ള ഉദയകൃഷ്ണയാണ് ചിത്രത്തിന്‍റെ രചന. മോഹന്‍ലാല്‍ നിറഞ്ഞാടി അഭിനയിക്കുന്ന മാസ് മസാല ചിത്രമെന്നാണ് ഉദയകൃഷ്‍ണ ചിത്രത്തെക്കുറിച്ച് നേരത്തേ പറഞ്ഞിരുന്നത്. ആര്‍ ഡി ഇല്യൂമിനേഷന്‍സും ശക്തിയും (എംപിഎം ഗ്രൂപ്പ്) ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. വിജയരാഘവന്‍, സായ് കുമാര്‍, സിദ്ദിഖ്, റിയാസ് ഖാന്‍, ജോണി ആന്‍റണി, നന്ദു, കോട്ടയം രമേശ്, ഇന്ദ്രന്‍സ്, ശിവജി ഗുരുവായൂര്‍, കൊച്ചുപ്രേമന്‍, പ്രശാന്ത് അലക്സാണ്ടര്‍, അശ്വിന്‍, ലുക്മാന്‍, അനൂപ് ഡേവിസ്, രവികുമാര്‍, ഗരുഡ റാം, പ്രഭാകര്‍, ശ്രദ്ധ ശ്രീനാഥ്, രചന നാരായണന്‍കുട്ടി, സ്വാസിക, മാളവിക മേനോന്‍, നേഹ സക്സേന, സീത തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്. 

ചുവടുവച്ച് മോഹന്‍ലാല്‍; ആറാട്ടിലെ ആദ്യ വീഡിയോ ഗാനം എത്തി

click me!