ഏപ്രില്‍ 28 ന് തിയറ്ററുകളിലെത്തിയ ചിത്രം
മലയാളത്തില്‍ സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു ആടുജീവിതം. മലയാളികള്‍ നെഞ്ചേറ്റിയ ഒരു നോവലിന്‍റെ ചലച്ചിത്രാവിഷ്കാരം എന്നതായിരുന്നു അതിന് പ്രധാന കാരണം. പൃഥ്വിരാജിന്‍റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ് ആയേക്കാവുന്ന ചിത്രം എന്നതും ബ്ലെസിയാണ് സംവിധായകന്‍ എന്നതും റിലീസിന് മുന്‍പ് പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയ ഘടകങ്ങളാണ്. മലയാളം കണ്ടിട്ടുള്ളതില്‍ ഏറ്റവും വലിയ കാന്‍വാസുകളിലൊന്നില്‍ ഒരുങ്ങിയ ചിത്രം ഏപ്രില്‍ 28 നാണ് തിയറ്ററുകളില്‍ എത്തിയത്. ഇപ്പോഴിതാ ചിത്രം രണ്ടാഴ്ചകള്‍ കൊണ്ട് നേടിയ ബോക്സ് ഓഫീസ് കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.
റിലീസ് ദിനത്തില്‍ തന്നെ മികച്ച പ്രേക്ഷകാഭിപ്രായം നേടാനായ ചിത്രത്തിന് പോയ രണ്ട് വാരം തിയറ്ററുകളില്‍ കാര്യമായ എതിരാളികള്‍ ഇല്ലായിരുന്നു എന്നത് ബോക്സ് ഓഫീസില്‍ ഏറെ പോസിറ്റീവ് ആയി പ്രവര്‍ത്തിച്ചു. വേനലവധിക്കാലമാണ് എന്നത് പ്രവര്‍ത്തിദിനങ്ങളിലും കളക്ഷനില്‍ കാര്യമായ ഡ്രോപ്പ് ഉണ്ടാവാതെ കാത്തു. രണ്ടാഴ്ചത്തെ കണക്കുകള്‍ പുറത്തെത്തിയപ്പോള്‍ കേരളത്തില്‍ നിന്ന് ചിത്രം ഇതുവരെ നേടിയിരിക്കുന്നത് 57 കോടിയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 18.5 കോടിയും വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 5.9 മില്യണ്‍ ഡോളറും. അങ്ങനെ ആദ്യ രണ്ട് ആഴ്ചകളില്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 125 കോടി.
undefined
അതേസമയം ഇന്ന് വിഷു, ഈദ് റിലീസുകള്‍ തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിക്കുകയാണ്. സിനിമാപ്രേമികള്‍ക്ക് മൂന്ന് വേറെ ഓപ്ഷനുകള്‍ കൂടി ലഭിക്കുകയാണ്. വിഷു റിലീസുകളില്‍ ഏതിനൊക്കെ ജനപ്രീതി ലഭിക്കും എന്നത് ആടുജീവിതത്തിന്‍റെ മുന്നോട്ടുള്ള കളക്ഷനെ സംബന്ധിച്ചും പ്രധാനമാണ്. പുതിയ ചിത്രങ്ങള്‍ വന്നാലും ആടുജീവിതം കാണാനുള്ള കുടുംബപ്രേക്ഷകര്‍ ഇനിയുമുണ്ട് എന്നതിനാല്‍ കളക്ഷനില്‍ ഭീമമായ ഡ്രോപ്പ് ഉണ്ടാവില്ലെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടല്‍.