നവംബര്‍ 10 വെള്ളിയാഴ്ചയാണ് ഇരു ചിത്രങ്ങളും തിയറ്ററുകളിലെത്തിയത്
തമിഴ് സിനിമകളുടെ പ്രധാന ഫെസ്റ്റിവല്‍ സീസണുകളില്‍ ഒന്നാണ് ദീപാവലി. സൂപ്പര്‍താര ചിത്രങ്ങള്‍ പലപ്പോഴും എത്താറുള്ള, സീസണ്‍ വിന്നര്‍ ആവാന്‍ മത്സരം നടക്കാറുള്ള ഉത്സവകാലം. സിനിമാപ്രേമികളില്‍ കൗതുകമുണര്‍ത്തിയ രണ്ട് ചിത്രങ്ങളാണ് തിയറ്ററുകളില്‍ ദീപാവലി കാഴ്ചയൊരുക്കാന്‍ ഇത്തവണ എത്തിയത്. കാര്‍ത്തിയെ നായകനാക്കി രാജു മുരുകന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ഹെയ്സ്റ്റ് ആക്ഷന്‍ കോമഡി ചിത്രം ജപ്പാനും രാഘവ ലോറന്‍സിനെയും എസ് ജെ സൂര്യയെയും കേന്ദ്രകഥാപാത്രങ്ങളാക്കി കാര്‍ത്തിക് സുബ്ബരാജ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ജിഗര്‍തണ്ടാ ഡബിള്‍ എക്സും.
നവംബര്‍ 10 വെള്ളിയാഴ്ചയാണ് ഇരു ചിത്രങ്ങളും തിയറ്ററുകളിലെത്തിയത്. റിലീസ് ദിനത്തില്‍ തിയറ്ററുകളില്‍ തീരുമാനിക്കപ്പെടുന്ന വിധിയെഴുത്തിനെ മുന്‍കൂട്ടി കാണാന്‍ ആവില്ലെന്ന സത്യം ഒരിക്കല്‍ക്കൂടി തെളിയിക്കുന്നതായി ഇക്കഴിഞ്ഞ വെള്ളിയാഴ്ചയും. കാര്‍ത്തിയുടെ ജപ്പാന് മോശം അഭിപ്രായങ്ങള്‍ ലഭിച്ചപ്പോള്‍ ജിഗര്‍തണ്ടാ ഡബിള്‍ എക്സ് കാണുന്നവരില്‍ നിന്ന് പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി സൃഷ്ടിക്കാന്‍ തുടങ്ങി. ഓപണിംഗ് അല്‍പം കൂടുതല്‍ ജപ്പാന് ആയിരുന്നുവെങ്കിലും രണ്ടാം ദിനം മുതല്‍ ജിഗര്‍തണ്ടാ ആധിപത്യം സ്ഥാപിച്ചു. ഇരുചിത്രങ്ങളുടെയും തമിഴ്നാട് ബോക്സ് ഓഫീസ് കണക്കുകള്‍ ഇപ്പോള്‍ പുറത്തെത്തിയിട്ടുണ്ട്.
റിലീസ്‍ ദിനമായ വെള്ളിയാഴ്ച ജപ്പാന്‍ തമിഴ്നാട്ടില്‍ നിന്ന് നേടിയത് 2.75 കോടിയും ജിഗര്‍തണ്ടാ ഡബിള്‍ എക്സ് നേടിയത് 2.5 കോടിയുമായിരുന്നു. എന്നാല്‍ ശനിയാഴ്ച കണക്കുകള്‍ മാറി. ജപ്പാന്‍ കളക്ഷന്‍ 2.25 കോടിയിലേക്ക് താണപ്പോള്‍ ജിഗര്‍തണ്ടാ ഡബിള്‍ എക്സ് 4.2 കോടിയിലേക്ക് കളക്ഷന്‍ ഉയര്‍ത്തി. ഒരു പുതിയ റിലീസിന് ഏറ്റവുമധികം കളക്ഷന്‍ വരുന്ന ആദ്യ ഞായറാഴ്ച ജപ്പാന് തമിഴ്നാട്ടില്‍ നിന്ന് നേടാനായത് 3.5 കോടിയാണ്. അതേസമയം ജിഗര്‍തണ്ടാ ഡബിള്‍ എക്സ് നേടിയിരിക്കുന്നത് 7 കോടിയാണ്. ആദ്യ മൂന്ന് ദിനങ്ങളില്‍ ജിഗര്‍തണ്ടാ ഡബിള്‍ എക്സ് തമിഴ്നാട്ടില്‍ നിന്ന് 13.7 കോടി നേടിയപ്പോള്‍ ജപ്പാന്‍ നേടിയിരിക്കുന്നത് 8.5 കോടിയാണ്. കാണുന്നവരില്‍ നിന്നെല്ലാം മികച്ച അഭിപ്രായം ലഭിക്കുന്ന ജിഗര്‍തണ്ടാ ഡബിള്‍ എക്സ് മുന്നോട്ടുള്ള ദിനങ്ങളില്‍ ബോക്സ് ഓഫീസില്‍ വലിയ നേട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക