ഇന്ത്യന്‍ ബോക്സോഫീസില്‍ മലയാള തിളക്കം; സ്ട്രൈക്ക് റേറ്റില്‍ ഞെട്ടി മറ്റ് ഭാഷക്കാര്‍

By Web Team  |  First Published Jun 17, 2024, 6:28 PM IST

 33% വിഹിതമുള്ള ഹിന്ദിക്ക് പിന്നിൽ ആഭ്യന്തര ബോക്‌സ് ഓഫീസ് വരുമാനത്തില്‍ ഉയർന്ന രണ്ടാമത്തെ അനുപാതം തെലുങ്കിനൊപ്പം തന്നെ മലയാളത്തിന് സ്വന്തമാണ്.


മുംബൈ: ആറുമാസത്തിനിടെ ഇന്ത്യന്‍ സിനിമ രംഗത്ത് ഏറ്റവും വലിയ ബോക്സോഫീസ് സ്ട്രൈക്ക് റൈറ്റുള്ള ഇന്‍റസ്ട്രീയായി മാറിയിരിക്കുകയാണ് മലയാള ചലച്ചിത്ര രംഗം. 2024 മലയാള  സിനിമയെ സംബന്ധിച്ച് ഒരു ബ്ലോക്ക്ബസ്റ്റർ വർഷമാണ്. ഇന്ത്യയില്‍ ആദ്യ അഞ്ച് മാസത്തിനുള്ളിൽ മലയാള സിനിമയുടെ ബോക്‌സ് ഓഫീസ് കളക്ഷൻ  720 കോടിയിലെത്തിയിട്ടുണ്ട്. നാല് ചിത്രങ്ങൾ  100 കോടിക്ക് മുകളിൽ നേടി.

ഓർമാക്‌സ് മീഡിയയുടെ കണക്കനുസരിച്ച്,മെയ് വരെയുള്ള അഞ്ച് മാസങ്ങളിൽ ഇന്ത്യയിലുടനീളമുള്ള 3,791 കോടി ബോക്‌സ് ഓഫീസ് കളക്ഷന്‍ ഉണ്ടാക്കിയ അതില്‍ 19% മലയാളം സിനിമകളുടേതാണ്. മലയാളം സിനിമകളില്‍ മഞ്ഞുമ്മേൽ ബോയ്സ്, ആടുജീവിത , ആവേശം എന്നിവ ഈ കാലയളവിൽ രാജ്യത്തെ ഏറ്റവും മികച്ച 10 കളക്ഷൻ സിനിമകളിൽ ഉൾപ്പെട്ടുവെന്നും ഓർക്കാക്സ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു.

Latest Videos

undefined

പ്രേമലുവാണ് മലയാളത്തില്‍ നിന്നും 100 കോടി കടന്ന മറ്റൊരു ചിത്രം.  ഹിന്ദി ഉൾപ്പെടെയുള്ള മറ്റ് ഭാഷകളില്‍ ദുർബലമായ ഉള്ളടക്കങ്ങള്‍ ഉള്ള ചിത്രങ്ങള്‍ വരുമ്പോള്‍ വൈവിധ്യമാർന്ന ഉള്ളടക്കങ്ങളാണ് മലയാള സിനിമകളുടെ വിജയത്തിന് കാരണമെന്നാണ് വിദഗ്ധർ പറയുന്നത്. കേരളത്തിലേയും യുഎഇയിലേയും പരമ്പരാഗത വിപണികള്‍ക്കും അപ്പുറം പുതിയ ഓവര്‍സീസ് വിപണികളിലേക്കും മലയാള സിനിമകൾ ശക്തമായ സ്വാധീനം ചെലുത്തി എന്നാണ് വിവരം.

അതേ സമയം ആഗോളതലത്തിലെ കണക്കുകള്‍ നോക്കിയാല്‍ മലയാള സിനിമ ഇതിനകം 1000 കോടി നേടിയിട്ടുണ്ട്. ഇത് ആദ്യമായാണ് മലയാള സിനിമ ഇത്തരം ഒരു നേട്ടം കൈവരിക്കുന്നത്.

ആ​ഗോളതലത്തിൽ ഇതുവരെ 1000 കോടിയുടെ കളക്ഷൻ മലയാള സിനിമ നേടി എന്നതാണ് അത്. പുതുവർഷം പിറന്ന് വെറും അഞ്ച് മാസത്തിലാണ് ഈ നേട്ടം എന്നത് ഏറെ ശ്രദ്ധേയമാണ്. 

1 മഞ്ഞുമ്മൽ ബോയ്‌സ്  - 242.5 കോടി 
2 ആടുജീവിതം  - 158.5 കോടി*
3 ആവേശം  -  156 കോടി 
4 പ്രേമലു  - 136.25 കോടി 
5 വർഷങ്ങൾക്കു ശേഷം  - 83 കോടി *
6 ഭ്രമയുഗം  - 58.8 കോടി 
7 ഗുരുവായൂരമ്പലനടയിൽ  - 42 കോടി *
8 എബ്രഹാം ഓസ്‌ലർ  - 40.85 കോടി 
9 മലൈക്കോട്ടൈ വാലിബൻ  - 30 കോടി 
10 മലയാളീ ഫ്രം ഇന്ത്യ  - 19 കോടി 
11 അന്വേഷിപ്പിൻ കണ്ടെത്തും    - 17 കോടി 
12 പവി കെയർ ടേക്കർ - 12 കോടി +
13 മറ്റുള്ള സിനിമകള്‍ - 20 കോടി +
( എന്നിങ്ങനെയാണ് മെയ് 21വരെയുള്ള കണക്കുകള്‍ പറയുന്നത്)

മലയാള സിനിമയുടെ ഈ വര്‍ഷത്തെ ആദ്യപാദത്തിലെ വന്‍ വിജയം സംബന്ധിച്ച് നിര്‍മ്മാതാവ് മുകേഷ് ആര്‍ മേത്ത ഇക്കണോമിക് ടൈംസിനോട് പറഞ്ഞത് ഇതാണ്, "മലയാളത്തില്‍ ഇപ്പോള്‍ ഇറങ്ങുന്ന ഒരോ സിനിമയും മറ്റൊന്നിൽ നിന്ന് വ്യത്യസ്തമാണ്, കണ്ടന്‍റിന്‍റെ ആവർത്തനമില്ല. അത് മലയാള സിനിമയെ സഹായിച്ചിട്ടുണ്ട്. സിനിമാപ്രേമികൾക്ക് വ്യത്യസ്ത തരം സിനിമകൾ കാണാനായി ആഗ്രഹിക്കുന്നുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ ഗംഭീര ചിത്രങ്ങള്‍ ഒന്നും റിലീസാകത്തതും മലയാളത്തിന് ഗുണം ചെയ്തു. ഹോളിവുഡിലും എഴുത്തുകാരുടെ സമരത്താല്‍ വന്‍ പടങ്ങള്‍ എത്തിയില്ല"  ഈ ഘടകങ്ങള്‍ എല്ലാം മലയാളത്തെ സഹായിച്ചുവെന്ന് 'ഗുരുവായൂരമ്പലനടയിൽ' എന്ന ചിത്രത്തിന്‍റെ സഹനിര്‍മ്മാതാവ്  കൂടിയായ മുകേഷ് ആര്‍ മേത്ത പറയുന്നു. 

ഓര്‍മാക്സ് റിപ്പോർട്ട് അനുസരിച്ച്, 33% വിഹിതമുള്ള ഹിന്ദിക്ക് പിന്നിൽ ആഭ്യന്തര ബോക്‌സ് ഓഫീസ് വരുമാനത്തില്‍ ഉയർന്ന രണ്ടാമത്തെ അനുപാതം തെലുങ്കിനൊപ്പം തന്നെ മലയാളത്തിന് സ്വന്തമാണ്. മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലെയും ഹിന്ദിയിലെയും സിനിമകളുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ ചെറിയ ബജറ്റിൽ നിർമ്മിക്കുന്ന മലയാളം ചിത്രങ്ങളുടെ സ്ട്രേക്ക് റൈറ്റ് എന്നാല്‍ ഇത് ചലച്ചിത്ര രംഗത്തേക്കാള്‍ മുന്നിലാണ്. 

എന്നാല്‍ 2024 രണ്ടാംപാദത്തില്‍ തമിഴിലും തെലുങ്കിലും വലിയ ചിത്രങ്ങളാണ് എത്തുന്നത് എന്നതിനാല്‍ ആദ്യത്തെ ആറുമാസം മലയാളം നിലനിര്‍ത്തിയ ആധിപത്യം തുടരാന്‍ സാധിക്കുമോ എന്ന് വ്യക്തമല്ല. പക്ഷെ കൂടുതല്‍ നല്ല കണ്ടന്‍റ് കേന്ദ്രീകൃത സിനിമ കാഴ്ചയിലേക്ക് പ്രേക്ഷകര്‍ എത്തിയെന്ന നിഗമനത്തില്‍ മലയാളത്തിന് വലിയ സാധ്യതകളാണ് ഉള്ളത്. 

'മഹാരാജ' തമിഴ് സിനിമയില്‍ ഈ വര്‍ഷം ആദ്യം: വിജയ് സേതുപതി ചിത്രത്തിന് റെക്കോഡ് കളക്ഷന്‍

19 ദിവസം, 20,000 ഷോകൾ; അടിച്ചുകയറി 'ജോസേട്ടായി', ശരിക്കും ടർബോ എത്ര നേടി ?

click me!