പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ പ്രചാരണഗാനവും അടിച്ചുമാറ്റി!

By Prashobh Prasannan  |  First Published Dec 19, 2018, 2:35 PM IST

പാക്കിസ്ഥാനിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പു പ്രചരണഗാനത്തിന്റെ ഈണം പോലും അടിച്ചുമാറ്റിയ ചരിത്രമുണ്ട് നമ്മുടെ ബോളീവുഡ് സംഗീത സംവിധായകര്‍ക്ക്. കൗതുകകരമായ ആ സംഭവം നടന്നത് 1991ലാണ്. ആ കഥയോടെ ഈ പരമ്പര അവസാനിക്കുകയാണ്.. പ്രശോഭ് പ്രസന്നന്‍ എഴുതുന്നു


കെ വി രാജു സംവിധാനം ചെയ്ത 'ഇന്ദ്രജീത്ത്‌' എന്ന അമിതാഭ്‌ ബച്ചന്‍ ചിത്രത്തിലെ 'മേം ന ഝൂഠ് ബോലൂം.. ' എന്ന ഗാനമാണ് കഥാനായകന്‍. സംഗീത സംവിധാനം മറ്റാരുമല്ല. സാക്ഷാല്‍ ആര്‍ ഡി ബര്‍മന്‍. ബച്ചനും ഒപ്പം ജയപ്രദയും ചുവടുവച്ച ഗാനത്തിന്‍റെ ആലാപനം അമിത്‌ കുമാറും ആശാ ഭോസ്ലെയും. നമുക്ക് ആ ഗാനമൊന്ന് കേട്ടുനോക്കാം.

Latest Videos

കേട്ടല്ലോ? ഇനി പാക്കിസ്ഥാന്‍ പീപ്പിള്‍സ്‌ പാര്‍ടിക്കു വേണ്ടി 1980 കളില്‍ സൃഷ്ടിച്ച തിരഞ്ഞെടുപ്പ്‌ പ്രചാരണഗാനം 'ദിലാ തീർ ബിജാ..' ഒന്നു കേട്ടുനോക്കൂ. 1987ലാണ് പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിക്കുവേണ്ടി ഈ ഗാനം ഉള്‍പ്പെടെ അമ്പതോളം തിരഞ്ഞെടുപ്പ് പ്രചാരണഗാനങ്ങളുമായി അഞ്ച് ആല്‍ബങ്ങള്‍ പുറത്തിറങ്ങുന്നത്. അതിലെ 'ദിലാ തീർ ബിജാ..' തരംഗമായി.

ഈ ഗാനം ആലപിച്ചിരിക്കുന്നത് പാക്ക് ഗായിക ഷബാന നോഷിയാണ്. അന്ധനായ പാക് സംഗീതജ്ഞന്‍ സഹൂര്‍ ഖാന്‍ സൈബി ഈണമിട്ട ഗാനം ബേനസീര്‍ ഭൂട്ടോയെയും ഭൂട്ടോ കുടുംബത്തെയും പ്രകീര്‍ത്തിക്കുന്നതായിരുന്നു. ഗാനം നിര്‍മ്മിച്ചത് നോണി പ്രൊഡക്ഷന്‍സാണ്.  2000ത്തില്‍ ബേനസീര്‍ ഭൂട്ടോയുടെ തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ഈ ഗാനം ഉള്‍പ്പെട്ട ആല്‍ബത്തിന്‍റെ 5.5 മില്ല്യണ്‍ കോപ്പിയാണ് പാക്കിസ്ഥാനില്‍ വിറ്റത്.

ഖൈബര്‍ ചുരം കടന്ന് ഇന്ത്യയിലെത്തിയ ഈണം വടക്കേ ഇന്ത്യയിലും വന്‍ ഹിറ്റായിരുന്നു. അങ്ങനെയാവണം രാഹുല്‍ ദേവ് ബര്‍മ്മന്‍ സഹൂര്‍ ഖാന്‍ സൈബിയുടെ ഈണത്തില്‍ ഇന്ദ്രജീത്തിനു വേണ്ടി 'മേം ന ഝൂഠ് ബോലൂം.. ' ഒരുക്കുന്നത്. കോപ്പിയടിയെപ്പറ്റി പറയുമ്പോള്‍ ഒരു പക്ഷേ പല സംഗീതസംവിധായകരും പറയുന്നതുപോലെ നിര്‍മ്മാതാവിന്‍റെയോ സംവിധായകന്‍റെയോ നിര്‍ബന്ധത്തിനു വഴങ്ങിയാവും ആര്‍ ഡി ബര്‍മ്മനും ഇങ്ങനെ ചെയ്തതെന്ന് കരുതാം. എന്തായാലും ഈണം കോപ്പിയടിക്കുന്നതിനു ദേശാതിര്‍ത്തി മാത്രമല്ല കക്ഷി രാഷ്ട്രീവും ഇല്ലെന്നും ഗാനാസ്വാദകര്‍ക്ക് ഇപ്പോള്‍ മനസിലായിട്ടുണ്ടാവും.

 

 

സംഗീതം അനാദിയാണെന്നും ഒറിജിനലെന്നും കോപ്പിയെന്നുമൊക്കെള്ള വകഭേദങ്ങളൊന്നും അതിനില്ലെന്നുമൊക്കെ ഒരു സമാധാനത്തിനു വേണ്ടി നമുക്ക് വാദിക്കാം. ശാസ്‌ത്രവും കലയും മുഴുവന്‍ ലോകത്തിനും അവകാശപ്പെട്ടതാണെന്നും അവയ്‌ക്കു മുന്നില്‍ ദേശാതിര്‍ത്തികള്‍ അപ്രത്യക്ഷമാകുന്നുവെന്നും ഗൊയ്‌ഥെ. പകര്‍പ്പവകാശമില്ലാത്ത പാട്ടുപ്രേമികളായ പാവം  കേള്‍വിക്കാര്‍ അങ്ങനെ സമാധാനിക്കുകയല്ലാതെ വേറെന്തു ചെയ്യാനാണ്?!

 

click me!